mohanlal

തിരുവനന്തപുരം : ഒരു മണിക്കൂറോളം ക്യൂവിൽ കാത്തു നിന്നശേഷം നടൻ മോഹൻലാൽ ആദ്യമായി വോട്ടുചെയ്തു. നേമം മണ്ഡലത്തിലുള്ള മുടവൻമുകൾ എൽ.പി സ്കൂളിലെ 31-ാം നമ്പർ ബൂത്തിലാണ് ലാൽ വോട്ട് രേഖപ്പെടുത്തിയത്. പ്രിയനടന്റെ വരവറിഞ്ഞ് നൂറുകണക്കിന് ആരാധകർ സ്കൂൾ പരിസരത്ത് തടിച്ചു കൂടി. രാവിലെ 7.45ന് വോട്ടിംഗ് കേന്ദ്രത്തിലെത്തിയ അദ്ദേഹത്തെ പൊലീസ് മുൻ നിരയിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പൊലീസിന്റെ ശ്രമം കണ്ട് ക്യൂവിൽ നിന്ന ചിലർ അത്യപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനിടെ യന്ത്രത്തിൽ തകരാറുണ്ടായതിനാൽ വോട്ടിംഗ് മന്ദഗതിയിലായി. ഇതോടെ വീണ്ടും ചിലരെത്തി വോട്ടുചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും മോഹൻലാൽ അത് സ്നേഹത്തോടെ നിരസിച്ചു. 8.45ഓടെയാണ് ലാൽ വോട്ടുചെയ്തത്. ബൂത്തിൽ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം പഠിച്ച സ്കൂളിൽ വോട്ട് ചെയ്യാൻ കഴിഞ്ഞ സന്തോഷവും പ്രകടിപ്പിച്ചു. ആദ്യമായാണോ വോട്ട് ചെയ്യുന്നതെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അങ്ങനെ വേണമെങ്കിൽ അങ്ങനെ കരുതിക്കോളൂ എന്നായിരുന്നു മറുപടി. തുടർന്ന് ആർപ്പുവിളിച്ച ആരാധകരെ നിരാശരാക്കാതെ കൈവീശികാണിച്ച ശേഷം അദ്ദേഹം കാറിൽ കയറി മടങ്ങി.