murder

ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരമദ്ധ്യത്തിലെ ആൾതാമസമില്ലാത്ത വീട്ടിൽ വീട്ടുജോലിക്കാരിയായ മദ്ധ്യവയസ്‌ക കൊല്ലപ്പെട്ടു. കൊലയ്ക്കു ശേഷം പ്രതി വീട്ടുടമയെ ഫോണിൽ വിളിച്ചറിയിച്ചപ്പോഴാണ് വിവരം പുറം ലോകമറിയുന്നത്. കട്ടച്ചിറ കടവിൽ രാജന്റെ ഭാര്യ ഉഷാകുമാരിയാണ് (50) മരിച്ചത്. കുറ്റസമ്മതം നടത്തിയ മറ്റക്കര സ്വദേശി പ്രഭാകരനു (70) വേണ്ടി പൊലീസ് തെരച്ചിൽ ആരംഭിച്ചു. വർഷങ്ങളായി വീട്ടുടമയുടെയും സഹോദരങ്ങളുടെയും വീട്ടുജോലിക്കാരനാണിയാൾ
ഏറ്റുമാനൂർ വിമലാ ആശുപത്രിക്ക് സമീപം പാനൂർ ടോമിയുടെ വീട്ടിലാണ് സംഭവം. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയായിരുന്നു കൊലപാതകം പുറത്തറിയുന്നത്. താനാണ് ഉഷയെ കൊന്നതെന്ന് ടോമിയുടെ സഹോദരി വത്സമ്മയെ പ്രഭാകരൻ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് വത്സമ്മ മറ്റക്കരയിൽ താമസിക്കുന്ന മറ്റ് സഹോദരങ്ങളെയും പൊലീസ് സ്റ്റേഷനിലും അറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ഉഷാകുമാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടത്. സമീപത്ത് നിന്ന് കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന തോർത്ത് കണ്ടെത്തി. മുൻ ഭാഗത്തെ കിടപ്പുമുറിയിൽ നിന്ന് മൃതദേഹം അടുക്കളയിലേക്ക് വലിച്ച് കൊണ്ടുവന്ന അടയാളങ്ങളുണ്ട്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാകാം കൊലയിലേക്ക്നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വീട്ടുടമ ടോമി ജോസഫ് സൗത്ത് ആഫ്രിക്കയിലാണ്. വീടിന്റെ താക്കോൽ സഹോദരി വത്സമ്മയെയാണ് ഏല്പിച്ചിരിക്കുന്നത്. മാസത്തിൽ രണ്ടും മൂന്നും തവണ വീട് വൃത്തിയാക്കാൻ ഉഷാകുമാരി എത്താറുണ്ട്. മറ്റക്കര സ്വദേശിയായ പ്രഭാകരൻ ടോമിയുടെയും ബന്ധുക്കളുടെയും വീടുകളിൽ അമ്പതോളം വർഷമായി വിശ്വസ്തനായി പണിക്ക് നിൽക്കുന്നയാളാണ്. മൂന്ന് വർഷത്തിലധികമായി ഉഷാകുമാരിയുടെ ഭർത്താവിനൊപ്പവും പല സ്ഥലങ്ങളിലും പണിക്കു പോയിട്ടുണ്ട്. ഇരുവരും തമ്മിൽ ചില സാമ്പത്തിക ഇടപാടുകളുള്ളതായാണ് പൊലീസിന് ലഭിച്ച വിവരം. ഫോണിൽ വിളിച്ച് കുറ്റസമ്മതം നടത്തിയ പ്രതി താൻ കോഴിക്കോട്ടുണ്ടെന്നാണ് പറഞ്ഞത്. എന്നാൽ ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ജില്ലയിൽ തന്നെ ഉണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. എ.എസ്.പി രീഷ്മാ രമേശൻ, ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, ഏറ്റുമാനൂർ സി.ഐ മഞ്ജുലാൽ, എസ്‌.ഐ എബി എന്നിവരുടെ നേതൃത്വത്തിൽ പൊലീസും ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രതീഷ് (ഡ്രൈവർ), രഞ്ജിനി എന്നിവരാണ് ഉഷയുടെ മക്കൾ.