നെയ്യാറ്റിൻകര: വേനലിലെ കൊടുംചൂടിന് അറുതി വരുത്തി വേനൽമഴയെത്തിയത് ആശ്വാസമായെങ്കിലും പലയിടത്തും വേനൽക്കാല വിളകൾക്ക് നാശ നഷ്ടമുണ്ടായി.പ്രധാനമായും വാഴ കർഷകരാണ് ദുരിതത്തിലായത്. വേനൽ കാഠിന്യത്തിൽ മിക്ക വാഴത്തോട്ടങ്ങളിലും ജലം ഉണ്ടായിരുന്നിട്ടും കുലച്ച വാഴകൾ കൂട്ടത്തോടെ ഒടിഞ്ഞു വീഴുന്നത് കർഷകരെ ആശങ്കാകുലരാക്കിയതിന് തൊട്ടു പിന്നാലെയാണ് വേനൽമഴയിൽ വാഴകൾ ഒടിഞ്ഞ് വീണത്.കനത്ത വേനലിൽ മഴകൂടിയെത്തിയതാണ് വാഴകൾ ഒടിയാൻ കാരണമെന്ന് കർഷകർ പറഞ്ഞു.
പെരുമ്പഴുതൂർ, ആയയിൽ,മാരായമുട്ടം, തിരുപുറം പ്രദേശങ്ങളിലെ ഒട്ടുമിക്ക വാഴത്തോട്ടങ്ങളിലും കൃഷി നശിച്ചു.
നെയ്യാറ്റിൻകര താലൂക്കിലെ മിക്ക വാഴ കർഷകരും മൊത്തമായി വാഴക്കുല നൽകുന്നത് ആനയറയിലെ വേൾഡ് മാർക്കറ്റിലാണ്. ഇവിടെ കൊണ്ടു കൊടുത്താൽ വാഴക്കുലയ്ക്ക് മാർക്കറ്റ് വില ലഭിക്കുമെന്നതാണ് നേട്ടം. പക്ഷെ കഴിഞ്ഞ ആറ് മാസമായി മൊത്തവിതരണ കച്ചവടക്കാർക്ക് വാഴക്കുലയുടെ കാശ് ഇവിടെ നിന്നും നൽകിട്ടില്ലത്രേ. അതേ സമയം ഹോർട്ടികോർപ്പിലും മറ്റ് റീട്ടെയിൽ കേന്ദ്രങ്ങളിലും ഇവർ വാഴക്കുലകൾ മുഴുവൻ വിറ്റഴിക്കുകയും ചെയ്തു വത്രേ.