ക്യാപ്ടൻ ശ്രേയസ് അയ്യർക്ക് 24 വയസ്. ഇന്ത്യൻ കുപ്പായത്തിൽ കളിച്ചിട്ടുള്ളത് ആറുവീതം ഏകദിനങ്ങളും ട്വന്റി-20 കളും.
ഋഷഭ് പന്തിന് 21 വയസ്. ഒൻപത് ടെസ്റ്റ്, അഞ്ച് ഏകദിനം, 15 ട്വന്റി-20 എന്നിങ്ങനെ അന്താരാഷ്ട്ര പരിചയം. എന്നാൽ അടുത്ത ലോകകപ്പിനുള്ള ടീമിൽ സെലക്ഷൻ കിട്ടിയില്ല.
പൃത്ഥ്വി ഷായ്ക്ക് 19 വയസ്. രണ്ട് ടെസ്റ്റിൽ കളിച്ചെങ്കിലും പിന്നെ പരിക്ക് വില്ലനായി.
ഈ പയ്യൻമാരുമായി ഡൽഹി ഡെയർ ഡെവിൾസ് ഡൽഹി ക്യാപ്പിറ്റൽസ് എന്ന് പേരുമാറ്റി ഈ സീസണിലിറങ്ങുമ്പോൾ അദ്ഭുതങ്ങൾ ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ 11 മത്സരങ്ങൾ പിന്നിട്ടപ്പോൾ ചെന്നൈ സൂപ്പർ കിംഗ്സിന് തൊട്ടുപിന്നിൽ ഡൽഹി ക്യാപ്പിറ്റൽസ് പോയിന്റ് പട്ടികയിലെത്തിയിരിക്കുന്നു.
ചെന്നൈ 11 കളികളിൽ നിന്ന് 16 പോയിന്റ് നേടിയെങ്കിൽ ഡൽഹിക്ക് 11 മത്സരങ്ങളിൽ നിന്ന് 14 പോയിന്റ് ലഭിച്ചിരിക്കുന്നു.
കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി നേടിയ വിജയം ടീമിന് നൽകുന്നത് പുതിയ പ്രതീക്ഷകളാണ്. ലോകകപ്പ് ടീമിൽ ഇടം ലഭിക്കാത്തതിന്റെ ദേഷ്യം തീർക്കുന്നതുപോലെ ഋഷഭ് പന്ത് രാജസ്ഥാൻ ബൗളർമാരെ അടിച്ചു പറത്തിയപ്പോൾ 192 റൺസിന്റെ ലക്ഷ്യം നിസാരമായി മാറി. പൃത്ഥ്വി ഷായ്ക്കൊപ്പം (42) പരിചയ സമ്പന്നനായ ശിഖർ ധവാൻ (54) അർദ്ധ സെഞ്ച്വറിയുമായി മിന്നിത്തിളങ്ങിയപ്പോൾ ജയ്പൂരിൽ ഓപ്പണിംഗിൽ തന്നെ ഡൽഹി വിജയമുറപ്പിച്ചതാണ്. തുടർന്നായിരുന്നു പന്തിന്റെ വിളയാട്ടം.
36 പന്തുകളിൽ നിന്ന് ഋഷഭ് അടിച്ചുകൂട്ടിയത് 78 റൺസാണ്. നാല് സിക്സും ആറ് ഫോറും ആ ബാറ്റിൽ നിന്ന് പറന്നു. അസാമാന്യമായ അക്രോബാറ്റിക് വഴക്കത്തോട ഋഷഭ് ബാറ്റു ചെയ്യുന്നത് പ്രഭുദേവയുടെ ഡാൻസുപോലെ കണ്ടിരിക്കാമായിരുന്നു.
ബാറ്റിംഗിൽ പയ്യൻമാരാണ് ഡൽഹിയുടെ തുറുപ്പുചീട്ടെങ്കിൽ ബൗളിംഗിൽ പരിചയ സമ്പന്നരാണ് ഉത്തരവാദിത്വമേൽക്കുന്നത്. ഇശാന്ത് ശർമ്മ, അമിത് മിശ്ര, അക്ഷർ പട്ടേൽ, ക്രിസ് മോറിസ് എന്നിവർക്കൊപ്പം ദക്ഷിണാഫ്രിക്കൻ പേസർ റബാദയും ചേരുന്ന ഡൽഹിയുടെ ബൗളിംഗ് നിര ഏത് എതിരാളികളെയും വരുതിക്ക് നിറുത്താൻ കഴിയുന്നതാണ്. 13 ഓവറിൽ 135 റൺസടിച്ചിരുന്ന രാജസ്ഥാനെ 200 കടത്താതിരുന്നത് ഡൽഹിയുടെ ബൗളിംഗ് മികവ് തന്നെയായിരുന്നു. സെഞ്ച്വറി തികച്ചശേഷം രഹാനെയെ വമ്പൻ ഷോട്ടുകളുതിർക്കാൻ അനുവദിച്ചതുമില്ല.
ടീമിന്റെ മുഖമുദ്ര പിള്ളേർ സെറ്റാണെങ്കിലും അവർക്ക് പിന്നിലുള്ള മഹാരഥൻമാരാണ് യഥാർത്ഥ പോരാളികൾ. ആസ്ട്രേലിയൻ മുൻ ക്യാപ്ടൻ റിക്കി പോണ്ടിംഗ്, ഇന്ത്യൻ മുൻ ക്യാപ്ടൻ സൗരവ് ഗാംഗുലി, മുൻ ഇന്ത്യൻ താരം മുഹമ്മദ് കെയ്ഫ് എന്നിവരാണ് ആ ത്രിമൂർത്തികൾ. ഇടയ്ക്കുണ്ടായ പരാജയങ്ങളിൽ പതറാതെ ടീമിനെ വീണ്ടും വിജയ വഴിയിലെത്തിച്ചതിൽ ഇവരുടെ തന്ത്രങ്ങൾക്കും സാന്നിദ്ധ്യത്തിനും വലിയ പ്രാധാന്യമുണ്ട്.
ഈ സീസണിൽ പ്ളേ ഓഫിലെത്തുകയാണ് ഡൽഹിയുടെ ഏറ്റവും അടുത്ത ലക്ഷ്യം. ഇനി അധികം തോൽവികൾ വഴങ്ങാതിരുന്നാൽ അത് നടക്കും. അടുത്ത മത്സരം ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിനെതിരെയാണ്. ചെന്നൈ, രാജസ്ഥാൻ എന്നിവർക്കെതിരെയാണ് ശേഷിക്കുന്ന മത്സരങ്ങൾ.
ഇന്നത്തെ മത്സരം
ബാംഗ്ളൂർ Vs പഞ്ചാബ്
(രാത്രി 8 മുതൽ)