തിരുവനന്തപുരം: പ്രചാരണത്തിലെ വീറും വാശിയും വോട്ടെടുപ്പായപ്പോൾ തീരദേശത്തും ഗ്രാമങ്ങളിലും മാത്രം. നഗരത്തിൽ വോട്ടിംഗ് കുറഞ്ഞപ്പോൾ തീരദേശമണ്ഡലങ്ങളിൽ പോളിംഗ് കുത്തനെ ഉയർന്നു. ആറുമണിക്ക് വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ ആദ്യകണക്കനുസരിച്ച് 68.81 ശതമാനം. രാവിലെ വോട്ടെടുപ്പ് തുടങ്ങിയപ്പോൾ സമാധാനപരമായിരുന്നു. കോവളത്ത് ചൊവ്വരയിൽ കോൺഗ്രസിന് വോട്ട് ചെയ്തപ്പോൾ ബി.ജെ.പിക്കാണ് വീണതെന്ന പരാതി ഉയർന്നത് മണ്ഡലത്തിൽ വോട്ടർമാരിൽ ഭീതിപരത്തി. എന്നാൽ തൊട്ടടുത്ത മണിക്കൂറിൽ ജില്ലാവരണാധികാരിയായ കളക്ടർ ഡോ. കെ. വാസുകി വിശദീകരണവുമായി ചാനലുകളിലും സാമൂഹ്യമീഡിയകളിലുമെത്തി. പരാതി വ്യാജമാണെന്നും സംശയം ഉയർത്തിയതിനാൽ വോട്ടെടുപ്പ് യന്ത്രം മാറ്റിസ്ഥാപിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചുവെന്നും വ്യക്തതവരുത്തി.
തുടർന്ന് ഉച്ചയ്ക്ക് പട്ടത്തും സമാനമായ പരാതി ഉയർന്നു. വിദ്യാർത്ഥിയായ എബിനാണ് പരാതി ഉന്നയിച്ചത്. ഇതും വ്യാജമെന്ന് കണ്ടെത്തിയതോടെ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. മണ്ഡലത്തിൽ പാറശാലയിൽ രണ്ടിടങ്ങളിലൊഴികെ വോട്ടിംഗ് യന്ത്രത്തെ കുറിച്ച് പരാതി ഉയർന്നില്ല.
രാവിലെ ഏഴുമണിക്ക് വോട്ടെടുപ്പ് തുടങ്ങി രണ്ടുമണിക്കൂറിനുള്ളിൽ പത്തുശതമാനത്തിനടുത്തെത്തി. ഉച്ചയ്ക്ക് പതിനൊന്ന് മണിവരെ സാമാന്യം ഭേദപ്പെട്ട വോട്ടെടുപ്പാണ് മണ്ഡലത്തിൽ നടന്നത്. ഉച്ചയ്ക്ക് ശേഷം അല്പം തണുത്ത വോട്ടെടുപ്പ് വൈകിട്ട് നാലുമണിയോടെ സജീവമായി.
കോവളത്ത് പോളിംഗ് പൊതുവെ സമാധാനപരമായിരുന്നു. രാവിലെ പത്തുമണിവരെ സാമാന്യം ഭേദപ്പെട്ട തിരക്കായിരുന്നു. വിഴിഞ്ഞം, മുക്കോല, വെങ്ങാനൂർ ഭാഗങ്ങളിൽ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ്, സി.പി. എം പ്രവർത്തകർ തമ്മിൽ വാക്കുതർക്കവും ഉന്തും തള്ളും ഉണ്ടായി. പൊലീസെത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. വോട്ടർമാരെ വാഹനത്തിൽകൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ വൈകിട്ടാണിവിടെ സംഘർഷമുണ്ടായത്.
നെയ്യാറ്റിൻകരയിലെ ജൂനിയർ ബേസിക് സ്കൂളിൽ രാവിലെ ബി.ജെ.പി, സി.പി. എം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് വോട്ടെടുപ്പ് കാൽമണിക്കൂറോളം തടസപ്പെട്ടു. ഒടുവിൽ ആംഡ് പൊലീസെത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. എം.എൽ.എമാരായ സി.കെ. ഹരീന്ദ്രൻ, കെ. ആൻസലൻ, സി.പി.എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ തുടങ്ങിയവർ മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ വോട്ട് ചെയ്തു. നെയ്യാറ്റിൻകരയിലും പാറശാലയിലും സ്ത്രീകളായ വോട്ടർമാരുടെ വൻ നിര ദൃശ്യമായിരുന്നു. പാറശാലയിൽ രണ്ട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രത്തിന്റെ തകരാർ മൂലം വോട്ടെടുപ്പ് തുടങ്ങാൻ വൈകി. പാറശാല ക്ഷേത്രനട ഗവ. എൽ.പി സ്കൂൾ, ഇഞ്ചിവിള ഗവ. സ്കൂൾ എന്നിവിടങ്ങളിലെ ബൂത്തുകളിലാണ് വോട്ടെടുപ്പ് യന്ത്രത്തിൽ തകരാർ കണ്ടെത്തിയത്. പിന്നീട് വോട്ടിംഗ് യന്ത്രത്തിന്റെ സെറ്റ് മാറ്റിസ്ഥാപിച്ചാണ് വോട്ടെടുപ്പ് ആരംഭിച്ചത്. പാറശാലയിലെ അമ്പൂരി, മായം എന്നിവിടങ്ങളിൽ വൈകിട്ട് ആറുമണിക്കും പലബൂത്തുകളിലും നീണ്ട നിരയുണ്ടായിരുന്നു. ഇവിടെ വോട്ടെടുപ്പ് പൂർത്തിയാകാൻ രാത്രി ഏഴുമണിയായി.
തിരുവനന്തപുരം നഗരത്തിൽ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട് വോട്ടെടുപ്പ് ശ്രദ്ധേയമായി. ഗവർണർ പി. സദാശിവം, നടൻ മോഹൻലാൽ, കോൺഗ്രസ് നേതാക്കളായ എ.കെ. ആന്റണി, എം.എം. ഹസൻ, സ്ഥാനാർത്ഥികളായ കുമ്മനം രാജശേഖരൻ, ശശി തരൂർ, സി. ദിവാകരൻ, ബി.ജെ.പി നേതാക്കളായ ഒ. രാജഗോപാൽ, വി. മുരളീധരൻ, സി.പി.എം നേതാവ് എസ്. രാമചന്ദ്രൻ പിള്ള തുടങ്ങിയവരും നഗരത്തിൽ വോട്ട് ചെയ്ത പ്രമുഖരാണ്. നഗരത്തിലെ ബൂത്തുകളിലും വട്ടിയൂർക്കാവ്, നേമം ഭാഗങ്ങളിലും പൊതുവെ തിരക്ക് കുറവായിരുന്നു. എന്നാൽ തീരദേശത്തെ പൂന്തുറ, ബീമാപള്ളി, വേളി പ്രദേശങ്ങളിലെ ബൂത്തുകളിൽ വൈകിട്ടും വൻ തിരക്കായിരുന്നു.