ഷിയാൻ (ചൈന) : ഏഷ്യൻ റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ സ്വർണവുമായി ബജ്‌റംഗ് പൂനിയ. ഇന്നലെ നടന്ന 65 കി.ഗ്രാം ഫൈനലിൽ കസാഖിസ്ഥാന്റെ സയേത് ബെക്ക് ഒക്കാസോവിനെ 12-7 ന് കീഴടക്കിയാണ് ബജ്‌റംഗ് പൊന്നണിഞ്ഞത്. മത്സരത്തിന്റെ തുടക്കത്തിൽ 2-7 ന് പിന്നിലായിരുന്ന ബജ്‌റംഗ് ശക്തമായി തിരിച്ചടിച്ചാണ് ഫൈനൽ ജയിച്ചത്.
അതേസമയം ഇന്ത്യയുടെ പ്രവീൺ റാണ ഫൈനലിൽ തോറ്റ് വെള്ളിയിലൊതുങ്ങി. 79 കി.ഗ്രാം വിഭാഗത്തിൽ ഇറാന്റെ ബഹ്‌മാൻ ടെയ്‌മൗറിയോട് 0-3 നാണ് റാണ തോറ്റത്. 97 കി.ഗ്രാം വിഭാഗത്തിൽ സത്യവ്രത് കദിയാൻ വെങ്കലം നേടി.
കഴിഞ്ഞ വർഷം ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിലും ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയിരുന്ന താരമാണ് ബജ്‌റംഗ്. ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയതോടെ 65 കി.ഗ്രാം വിഭാഗത്തിലെ ലോക ഒന്നാം റാങ്കും ബജ്‌റംഗിന് സ്വന്തമായി.