operation-knight-riders

തിരുവനന്തപുരം: അനധികൃതമായി ഓടുന്ന അന്തർസംസ്ഥാന ബസുകളിൽ പരിശോധന ശക്തമാക്കാൻ മോട്ടോർവാഹനവകുപ്പ് ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് എന്ന് പേരിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. ജില്ലാതലത്തിൽ ഒരു വെഹിക്കിൾ ഇൻസ്‌പെക്ടറും രണ്ട് അസി.വെഹിക്കിൾ ഇൻസ്‌പെക്ടർമാരും ഉൾപ്പെടുന്ന സ്‌ക്വാഡ് 24 മണിക്കൂറും പരിശോധന നടത്തും. പരിശോധനയുടെ പേരിൽ യാത്രക്കാരെ ബുദ്ധിമുട്ടിക്കില്ല. യാത്ര തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തും മാത്രമേ ഇവർ പരിശോധന നടത്താവൂ എന്ന് നിർദ്ദേശമുണ്ട്. പ്രത്യേകം ടിക്കറ്റെടുത്താണ് യാത്ര ചെയ്യുന്നതെന്ന് യാത്രക്കാരിൽ നിന്നും മൊഴി എടുക്കണം. ഇതിന് ശേഷം ചെക്ക്റിപ്പോർട്ട് തയാറാക്കണം. ആവശ്യമെങ്കിൽ പരിശോധനയ്ക്ക് പൊലീസ് സഹായം ആവശ്യപ്പെടാം.
അന്തർസംസ്ഥാന സർവീസ് നടത്തുന്ന വാഹനങ്ങളുടെ വിവിധതരത്തിലുള്ള പിഴകൾ അടയ്ക്കാൻ നോട്ടീസ് നൽകണം. കുടിശികയുള്ള വാഹനങ്ങൾക്കെതിരെ നടപടി എടുക്കണം. വാഹനത്തിൽ കടത്തുന്ന പാഴ്സലുകളും പരിശോധിക്കണം. വേഗപ്പൂട്ടുകൾ പ്രവർത്തിച്ചില്ലെങ്കിൽ നടപടി എടുക്കണം. ഇവ നിരീക്ഷിക്കാൻ എറണാകുളത്ത് കൺട്രോൾ റൂം തുടങ്ങും. ടൂർ ഓപ്പറേറ്റർ ലൈസൻസ് (എൽ.എ.പി.ടി) ഇല്ലാത്ത ബുക്കിംഗ് സ്ഥാപനങ്ങൾക്കെതിരെയും നടപടി എടുക്കും.

ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സിന്റെ പ്രവർത്തനം

എൽ.എ.പി.ടി ലൈസൻസ് ഇല്ലാത്ത എല്ലാ ബുക്കിംഗ് ഓഫീസുകൾക്കും നോട്ടീസ് നൽകണം

ഏജൻസികൾക്കും ലൈസൻസുണ്ടെന്ന് ഉറപ്പാക്കണം.

അമിത വേഗതയിലോടുന്ന ബസുകൾക്കെതിരെ ആർ.ടി.ഒമാർ നടപടിയെടുക്കണം

ലക്ഷ്യം 'കല്ലട'യെ കുടുക്കൽ

എൽ.എ.പി.ടി ലൈസൻസ് ഇല്ലാതെയാണ് ഭൂരിഭാഗം സ്വകാര്യ ടൂർ ഓപ്പറേറ്റർമാരും സർവീസ് നടത്തുന്നത്. യാത്രക്കാരെ തല്ലിയതിന്റെ പേരിൽ പ്രതിക്കൂട്ടിലായ കല്ലട ട്രാവൽസിന്റെ ബസുകളിൽ മിക്കതിനും ഈ ലൈസൻസ് ഇല്ല. കേന്ദ്ര ഗവൺമെന്റിന്റെ ടൂറിസ്റ്റ് പെർമിറ്റ് കല്ലട നേടിയിട്ടുണ്ട്. എന്നാൽ സംസ്ഥാന സർക്കാരാണ് എൽ.എ.പി.ടി ലൈസൻസ് നൽകുന്നത്. അതുകൊണ്ടു തന്നെ ഇതിന്റെ പേരിൽ കല്ലടയെ പൂട്ടാൻ കഴിയുമെന്നാണ് മോട്ടോർ വെഹിക്കിൾ വകുപ്പിന്റെ കണക്കുകൂട്ടൽ.

പൊതുജനങ്ങൾക്ക് പരാതി അറിയിക്കാനുള്ള എൻഫോഴ്സ്‌മെന്റ് കോ- ഓർഡിനേറ്ററുടെ ഫോൺ : 8281786096