ബെയ്ജിംഗ് : ചൈനയിൽ നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പിൽ 10 മീറ്റർ എയർ റൈഫിൾ വനിതാ ടീം ഇവന്റിൽ ഇന്ത്യയ്ക്ക് സ്വർണം. അപൂർവി ചന്ദേല, അൻജും മൗദ്‌ഗിൽ, ഇളവേണിൽ വളരിവൻ എന്നിവരടങ്ങിയ ടീമാണ് സ്വർണം നേടിയത്. വ്യക്തിഗത ഇനത്തിൽ അപൂർവി നാലാമതും അൻജും ആറാമതുമായി.
ഇന്ന് മാഞ്ചസ്റ്റർ ഡർബി
മാഞ്ചസ്റ്റർ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള ഡർബി പോരാട്ടം ഇന്ന് നടക്കും. ഈ സീസണിലെ രണ്ടാം ഡർബിയാണിത്. ആദ്യ ഡർബിയിൽ മാഞ്ചസ്റ്റർ സിറ്റി 3-1 ന് ജയിച്ചിരുന്നു. ഇന്ത്യൻ സമയം ഇന്ന് രാത്രി 12.30 ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് സിറ്റിയുടെ കിരീട പ്രതീക്ഷകളെ ബാധിക്കും.
ചെൽസിക്ക് സമനില
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെൽസി 2-2 ന് ബേൺലിയുമായി സമനിലയിൽ കുരുങ്ങി 12-ാം മിനിട്ടിൽ ഹിഗ്വെയ്ൻ, 14-ാേം മിനിട്ടിൽ കാന്റോ എന്നിവരാണ് ചെൽസിക്കായി സ്കോർ ചെയ്തത്. എട്ടാം മിനിട്ടിൽ ഹെൻട്രിക്ക്സും 24-ാം മിനിട്ടിൽ ബാൺസും ബേൺ ലിക്ക് വേണ്ടി ഗോളുകൾ നേടി.
ഹാലെപ്പ് പിൻമാറി
സ്റ്റുട്ട്ഗർട്ട് : ലോക രണ്ടാം നമ്പർ വനിതാ ടെന്നിസ് താരം സിമോണ ഹാലെപ്പ് ഇടുപ്പിലെ പരിക്കിനെ തുടർന്ന് ഈയാഴ്ച തുടങ്ങുന്ന സ്റ്റുട്ട്ഗർട്ട് ഓപ്പണിൽ നിന്ന് പിൻമാറി.