election

തിരുവനന്തപുരം:വീറും വാശിയും നിറഞ്ഞ പോരാട്ടത്തിന്റെ ചൂട് വോട്ടെടുപ്പിലും പ്രതിഫലിപ്പിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളം കനത്ത പോളിംഗ് രേഖപ്പെടുത്തി. രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെ നടന്ന വോട്ടെടുപ്പിൽ ഒടുവിൽ ലഭ്യമായ കണക്കനുസരിച്ച് 77.13 ശതമാനമാണ് ശരാശരി പോളിംഗ്.

പോളിംഗ് സമയം അവസാനിച്ചശേഷവും മിക്ക ബൂത്തുകളിലും നീണ്ട ക്യൂ ശേഷിച്ചു. ആറ് മണിക്കും ക്യൂവിൽ ഉണ്ടായിരുന്നവർക്കായി രണ്ട് മുതൽ നാല് മണിക്കൂർ വരെ പോളിംഗ് നീണ്ടു. ചില ബൂത്തുകളിൽ രാത്രി 10 മണിക്കും വോട്ടെടുപ്പ് തുടർന്നു. അവസാന

കണക്ക് വരുമ്പോൾ പോളിംഗ് ശതമാനം ഇനിയും കൂടും.

പോളിംഗിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 13 പേർ കുഴഞ്ഞുവീണു മരിച്ചു.

വോട്ടെടുപ്പ് തീരുന്നതിന് ഒരു മണിക്കൂർ മുമ്പേ 20 മണ്ഡലങ്ങളിലും 70 ശതമാനത്തിനുമേൽ പോളിംഗ് രേഖപ്പെടുത്തി. ഉയർന്ന പോളിംഗ് ആരെ തുണയ്ക്കുമെന്നതിലാണ് ആകാംക്ഷ. ത്രികോണ മത്സരമായതിനാൽ പോളിംഗ് ശതമാനം ഉയർന്നതിൽ മൂന്ന് മുന്നണികളും പ്രതീക്ഷ പ്രകടിപ്പിക്കുന്നു. തീക്ഷ്ണമായ ത്രികോണപ്പോര് നടന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും വൈകിട്ട് അഞ്ച് മണിക്കുമുമ്പേ കഴിഞ്ഞതവണത്തെ പോളിംഗ് ശതമാനം മറികടന്നു. തൃശൂരും തിരുവനന്തപുരത്തും നാല് ശതമാനവും പത്തനംതിട്ടയിൽ എട്ട് ശതമാനവും കഴിഞ്ഞ തവണത്തേക്കാൾ പോളിംഗ് കൂടി.

5 - 6ശതമാനം വരെ വർദ്ധന. കണ്ണൂരിലാണ് ഏറ്റവും ഉയർന്ന പോളിംഗ്. 82.26 ശതമാനം. കുറവ് തിരുവനന്തപുരത്താണ്- 73.37 ശതമാനം.

 2014ലെ ലോക്‌സഭ 74.02%

 2016ലെ നിയമസഭ 77.35 %

ഇക്കുറി 20 മണ്ഡലങ്ങളിൽ 227 സ്ഥാനാർത്ഥികളുണ്ട്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തോടെ ദേശീയശ്രദ്ധാ കേന്ദ്രമായ വയനാട്ടിൽ റെക്കോ‌ർഡ് പോളിംഗാണ്. 80.01 ശതമാനം. 2014ൽ ഇവിടെ 73.29ശതമാനമായിരുന്നു.

യന്തങ്ങൾ പണിമുടക്കി

വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. ഒറ്റപ്പെട്ട അനിഷ്ടസംഭവങ്ങളുണ്ടായി.

യന്ത്രങ്ങൾ പണിമുടക്കിയതുകാരണം പലേടത്തും പോളിംഗ് തുടങ്ങാൻ വൈകി. അമ്പൂരി, എറണാകുളം, ആലപ്പുഴ, അരൂർ, എരമല്ലൂർ, പള്ളിത്തോട്, കണിമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ യന്ത്രങ്ങൾ മാറ്റിയും തകരാർ പരിഹരിച്ചുമാണ് പോളിംഗ് പുനരാരംഭിച്ചത്. നടൻ മോഹൻലാൽ വോട്ട് ചെയ്‌ത തിരുവനന്തപുരം മുടവൻമുകളിൽ യന്ത്രത്തകരാർ മൂലം വോട്ടർമാർക്ക് ഒരു മണിക്കൂറിലേറെ കാത്തുനിൽക്കേണ്ടി വന്നു.

യന്ത്രങ്ങളുടെ തകരാറ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഗൗരവമായി കണ്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു.

കോവളത്ത് ചൊവ്വരയിലും ആലപ്പുഴ ചേർത്തലയിലും കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോൾ താമരയ്‌ക്ക് പോകുന്നതായി പരാതി ഉയർന്നു. മോക് പോളിംഗിനിടെയാണ് പ്രശ്നമുണ്ടായതെന്നും മഴയുടെ ഈർപ്പം മൂലമുണ്ടായ തകരാറാണെന്നും യന്ത്രം മാറ്റിവച്ചുവെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.