photo

നെടുമങ്ങാട്: വോട്ടിംഗ് യന്ത്രത്തിന്റെ തകരാറിനെയും ശക്തമായ കാറ്റിനെയും ചെറുത്ത് മലനാട്ടിൽ റെക്കാഡ് വിധിയെഴുത്ത്. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ അരുവിക്കര, നെടുമങ്ങാട്, വാമനപുരം അസംബ്ലി മണ്ഡലങ്ങളിൽ 68 ശതമാനം വരെയാണ് പോളിംഗ് നടന്നത്. വെമ്പായം, പെരിങ്ങമ്മല, വിതുര, തൊളിക്കോട്, കരകുളം, അരുവിക്കര ഗ്രാമപഞ്ചായത്തുകളിലെ ബൂത്തുകളിൽ രാവിലെ ആറ് മുതലേ നീണ്ട ക്യൂ അനുഭവപ്പെട്ടു. തലേന്ന് രാത്രിയിൽ വീശിയ ശക്തമായ കാറ്റിലും വേനൽ മഴയിലും വ്യാപകമായി മരങ്ങൾ ഒടിഞ്ഞു വീഴുകയും കൃഷിയിടങ്ങൾ നശിക്കുകയും ചെയ്തിരുന്നു. ഇത് വോട്ടർമാരുടെ ഒഴുക്കിനെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക പോളിംഗ് ഉദ്യോഗസ്ഥർക്ക് ഉണ്ടായിരുന്നെങ്കിലും 6 മണി മുതൽ സ്ത്രീകളടക്കമുള്ളവർ ബൂത്തുകളിൽ എത്തി. സാധാരണ തിരഞ്ഞെടുപ്പുകളിൽ പത്ത് മണി കഴിഞ്ഞു മാത്രം അനുഭവപ്പെടാറുള്ള ക്യൂവാണ് തുടക്കം മുതലുണ്ടായത്. വോട്ടിംഗ് യന്ത്രത്തിലെ കൺട്രോൾ, ബാലറ്റ് യൂണിറ്റുകൾ പ്രവർത്തന രഹിതമായതാണ് ബൂത്തുകളുടെ മുന്നിൽ രാവിലെ മുതൽ നീണ്ട നിര പ്രത്യക്ഷപ്പെടാൻ കാരണം.10 ബൂത്തുകളിൽ മെഷീൻ മാറ്റി സ്ഥാപിച്ചു. നഗരസഭയിലെ തോട്ടുമുക്ക് അംഗൻവാടിയിൽ പത്ത് മണിക്കിടെ മൂന്ന് പ്രാവശ്യം യന്ത്രം പിണങ്ങി. ആനാട് ഗവ. എൽ.പി സ്കൂളിലെ 206ാം നമ്പർ ബൂത്തിലും ആനാട് വാളംങ്കുഴി 209ാം ബൂത്തിലും വോട്ടെടുപ്പ് തുടങ്ങിയപ്പോൾ യന്ത്രം പ്രവർത്തന രഹിതമായി. അരുവിക്കര ഗവ. എച്ച്.എസ്.എസിലെ 150ാം നമ്പർ ബൂത്തിൽ മോഡൽ മോക്പോൾ കേടായതിനാൽ പുതിയത് സ്ഥാപിക്കാൻ ഒന്നര മണിക്കൂറോളം വൈകി. രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താൻ എത്തി ക്യൂ നിന്നവർ പലരും ഇതിനകം മടങ്ങിപ്പോയി. പനവൂർ ആറ്റിൻപുറം യു.പി സ്കൂളിലെ 149ാം ബൂത്തിൽ വോട്ടെടുപ്പ് തുടങ്ങി മുക്കാൽ മണിക്കൂർ കഴിഞ്ഞതോടെ യന്ത്രത്തിലെ ബീപ് ശബ്ദം കേൾക്കാതായി. ഇതേ തുടർന്ന് നിറുത്തിവച്ച പോളിംഗ് പുതിയ യന്ത്രം എത്തിച്ചാണ് പുനരാരംഭിച്ചത്. നഗരസഭയിലെ കരുപ്പൂര് ഗവ.എച്ച്.എസ്.എസിലെ 167ാം ബൂത്തിൽ 10ഓടെ മെഷിൻ സ്റ്റക്കായി. ഇത് ശരിയാക്കി പത്തരയോടെ വോട്ടിഗ് പുനഃരാരംഭിച്ചെങ്കിലും പതിനൊന്നരയോടെ വീണ്ടും പ്രവർത്തന രഹിതമായി. കരുപ്പൂര് 152ാം ബൂത്തിൽ ആരംഭത്തിൽ തന്നെ ചിഹ്നം തെളിയാത്തത് ആശങ്കയുണ്ടാക്കി. അത് ശരിയാക്കി വോട്ടിംഗ് പുനരാരംഭിക്കാൻ അര മണിക്കൂർ വേണ്ടിവന്നു. നഗരസഭയിലെ സന്നഗർ കമ്മ്യൂണിറ്റിഹാൾ, കരകുളം ഗവൺമെന്റ് എൽ.പി സ്‌കൂൾ, വട്ടപ്പാറ എൽ.എം സ്‌കൂൾ, പാലോട് പാലുവള്ളി ഗവൺമെന്റ് യു.പി സ്‌കൂൾ തുടങ്ങിയ ബൂത്തുകളിലും പോളിംഗ് തടസപ്പെട്ടു. പൊന്മുടി ക്യാംപ് ഷെഡ് ബൂത്തിലെ 250 വോട്ടിൽ നൂറ് വോട്ട് ഉച്ചയോടെ രേഖപ്പെടുത്തി. ബോണക്കാട്, ഇടിഞ്ഞാർ, തലത്തൂതക്കാവ്, കല്ലാർ, വേങ്കൊല്ല, തലയൽ തുടങ്ങി ആദിവാസി-തോട്ടം മേഖലയിലെ ബൂത്തുകളിൽ ആവേശത്തോടെയാണ് വോട്ടെടുപ്പ് നടന്നത്.

പ്രശ്‌നബാധിത ബൂത്തുകളെന്ന് പൊലീസ് റിപ്പോർട്ട് ലഭിച്ച മലയോര മേഖലയിലെ 28 ബൂത്തുകളിൽ കേന്ദ്ര സർക്കാരിന്റെ മൈക്രോ ഒബ്സർവർമാരെ അടക്കം വൻ സുരക്ഷാക്രമീകരണം ഏർപ്പെടുത്തിയിരുന്നെങ്കിലും അനിഷ്ട സംഭവങ്ങൾ എങ്ങും ഉണ്ടായില്ല. 11 ബൂത്തുകൾ നെടുമങ്ങാട് മണ്ഡലത്തിലും 17 എണ്ണം മറ്റു രണ്ട് മണ്ഡലങ്ങളിലുമായാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. വാമനപുരത്ത് 212 ഉം നെടുമങ്ങാടും അരുവിക്കരയിലും 210 വീതവും ബൂത്തുകൾ ക്രമീകരിച്ചിരുന്നു. 2.28 ലക്ഷം വോട്ടർമാർ നെടുമങ്ങാട് മണ്ഡലത്തിലും 1.98 ലക്ഷം വോട്ടർമാർ വാമനപുരം മണ്ഡലത്തിലും 1.91 ലക്ഷം വോട്ടർമാർ അരുവിക്കര മണ്ഡലത്തിലുമുണ്ട്. 2014 ലെ തിരഞ്ഞെടുപ്പിൽ 62 ശതമാനത്തിൽ നിന്നാണ് ഇത്തവണ 68 ശതമാനമായി പോളിംഗ് ഉയർന്നത്. 632 പോളിംഗ് ഓഫീസർമാരടക്കം 2528 ഉദ്യോഗസ്ഥരാണ് മൂന്ന് മണ്ഡലങ്ങളിലായി വോട്ടെടുപ്പ് നിർവഹിച്ചത്.