തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സമീപകാലത്തെ ഏറ്റവും ഉയർന്ന പോളിംഗ് ഇത്തവണ രേഖപ്പെടുത്തിയത് ആരെ തുണയ്ക്കും എന്നത് ആകാംക്ഷയോടെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. പോളിംഗിലെ വർദ്ധന തുണയാകുമെന്ന പ്രതീക്ഷ ഇടത്, വലത്, എൻ.ഡി.എ മുന്നണികൾ ഒരുപോലെ പ്രകടിപ്പിക്കുന്നു.
കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനെതിരായ ജനവികാരവും മതേതര സർക്കാർ കേന്ദ്രത്തിൽ വരണമെന്ന ജനങ്ങളുടെ അഭിലാഷത്തിന്റെ പ്രതിഫലനവുമായാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. എൽ.ഡി.എഫിന് ചരിത്ര വിജയം നൽകുന്നതിന്റെ സൂചനയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അവകാശപ്പെട്ടു. വയനാട്ടിലെ റെക്കോർഡ് പോളിംഗ്, രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിന് അനുകൂലമായ ന്യൂനപക്ഷ കേന്ദ്രീകരണമായി കോൺഗ്രസ് കാണുന്നു. വോട്ടർമാരുടെ ഉയർന്ന ജനാധിപത്യ ബോധത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകീർത്തിച്ചു. പ്രത്യേകിച്ച് വയനാട്ടിനെതിരെയും ലീഗിനെതിരെയും മറ്റും ബി.ജെ.പി നേതൃത്വം ഉത്തരേന്ത്യയിൽ നടത്തിയ പ്രചാരണങ്ങളുടെ പശ്ചാത്തലത്തിൽ.
അതേസമയം, തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട പോലുള്ള തെക്കൻ മണ്ഡലങ്ങളിലെ പോളിംഗ് വർദ്ധനയും ആകാംക്ഷയുണർത്തുന്നു. ശബരിമല യുവതീപ്രവേശന വിവാദം കത്തി നിന്ന മണ്ഡലങ്ങളെന്നതിന് പുറമേ ബി.ജെ.പി ശക്തമായ പോരാട്ടം കാഴ്ചവച്ച മണ്ഡലങ്ങളുമാണ് തിരുവനന്തപുരവും പത്തനംതിട്ടയും. അവരുടെ പ്രതീക്ഷാ മണ്ഡലങ്ങളിൽ മുന്നിലാണ് തിരുവനന്തപുരം. കേരളത്തിലെ പ്രബുദ്ധവോട്ടർമാരും മോദിക്കൊപ്പം ദേശീയരാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ ഇഴുകിച്ചേരുന്നതാണ് ഉയർന്ന പോളിംഗ് ശതമാനം നൽകുന്ന സൂചനയെന്നാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയുടെ വാദം.
പ്രതീക്ഷ വാനോളം
രാഹുൽ ഗാന്ധി തന്നെ കേരളത്തിൽ പട നയിക്കുമ്പോൾ സീറ്റ് വർദ്ധന അനിവാര്യമായ യു.ഡി.എഫ് നേതൃത്വം 16 സീറ്റ് വരെയാണ് പ്രതീക്ഷിക്കുന്നത്. പോളിംഗ് ഉയർന്നത് യു.ഡി.എഫ് തരംഗമാണെന്നാണ് അവരുടെ അവകാശവാദം. എന്നാൽ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ 91 സീറ്റുകളും തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലെ വിജയവുമെല്ലാം സൃഷ്ടിച്ച ആത്മവിശ്വാസത്തിൽ 13 സീറ്റിൽ കുറയാത്ത വിജയമാണ് എൽ.ഡി.എഫ് ഉറപ്പാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി നാലുതവണ പ്രചരണത്തിനെത്തിയ കേരളത്തിൽ നാല് സീറ്റു വരെ ഉറപ്പെന്നാണ് ബി.ജെ.പി പറയുന്നത്.
1989 ആവർത്തിക്കുമോ?
സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇതിന് മുമ്പ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് 1989ലാണ്. 79.30ശതമാനമാണ് അക്കുറി പോളിംഗ്. അന്ന് 20ൽ 17 സീറ്റുകൾ നേടിയത് യു.ഡി.എഫായിരുന്നു. മൂന്ന് എൽ.ഡി.എഫും. 2014ൽ വടകര മണ്ഡലത്തിലായിരുന്നു ഏറ്റവും കൂടുതൽ പോളിംഗ് (81.45). ഏറ്റവും കുറവ് പത്തനംതിട്ടയിലും (66.02).