തിരുവനന്തപുരം: ലോക്സഭാ മണ്ഡലത്തിലെ കോവളം നിയോജകമണ്ഡലത്തിൽ കൈപ്പത്തി ചിഹ്നത്തിൽ കുത്തുന്ന വോട്ടുകൾ താമരയ്ക്ക് പോകുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് വോട്ടെടുപ്പ് തടസപ്പെട്ടു. തിരുവനന്തപുരം കോവളം ചൊവ്വര മാധപുരത്തെ 151-ാം നമ്പർ ബൂത്തിലാണ് കൈപ്പത്തി ചിഹ്നത്തിൽ കുത്തിയ വോട്ടുകൾ താമരയിൽ തെളിയുന്നത് കണ്ടത്.

ബൂത്തിൽ 76 പേർ വോട്ടു ചെയ്ത ശേഷമായിരുന്നു തകരാറിനെ കുറിച്ച് പരാതി ഉയർന്നത്. വോട്ടിംഗ് മെഷീനിൽ കുത്തിയ ചിഹ്നമല്ല വിവിപാറ്റിൽ കണ്ടതെന്ന പരാതിയുമായി കോൺഗ്രസ് പ്രവർത്തക ചപ്പാത്ത് ഷിബു ഭവനിൽ ഷിജുവിന്റെ ഭാര്യ പ്രീജ പ്രിസൈഡിംഗ് ഓഫീസറെ സമീപിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം ആരംഭിച്ചു. എൽ.ഡി.എഫ് പ്രവർത്തകരും ഇവർക്കൊപ്പം പ്രതിഷേധിച്ചതോടെ വോട്ടെടുപ്പ് നിറുത്തിവയ്ക്കാൻ പ്രിസൈഡിംഗ് ഒാഫീസർ നിർബന്ധിതനായി. രാവിലെ മോക്ക് പോൾ ആരംഭിച്ച ഘട്ടത്തിൽ ഈ പ്രശ്നം ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നാണ് വിവരം. ദേശീയതലത്തിൽ പലയിടത്തും സമാനമായ പരാതി ഉയർന്നിട്ടുണ്ടെങ്കിലും കേരളത്തിൽ ആദ്യമായാണ് കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരയ്ക്ക് പോകുന്നതായി പരാതി ഉയർന്നത്.

പ്രതിഷേധം കാരണം പഴയ വോട്ടിംഗ് മെഷീൻ പിൻവലിച്ച് പുതിയ മെഷീൻ കൊണ്ടു വന്ന് പിന്നീട് പോളിംഗ് പുനരാരംഭിച്ചു. അതുവരെ രേഖപ്പെടുത്തിയ 76 വോട്ടുകളുടെയും വിവി പാറ്റ് സ്ലിപ്പ് പരിശോധിക്കണമെന്ന് ഇരുമുന്നണിയുടെയും പ്രവർത്തകർ ആവശ്യപ്പെട്ടു. വിശദമായി പ്രശ്നം പരിശോധിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷം പ്രിസൈഡിംഗ് ഓഫീസർ ഇവരെ അറിയിച്ചു. ഇതോടെയാണ് മുക്കാൽ മണിക്കൂറിന് ശേഷം ഇവിടെ വീണ്ടും പോളിംഗ് ആരംഭിച്ചത്. എന്നാൽ പ്രശ്നത്തെ സംബന്ധിച്ച് ഏതെങ്കിലും വോട്ടറോ, രാഷ്ട്രീയപാർട്ടി പ്രതിനിധികളോ രേഖാമൂലം പരാതി നൽകിയില്ല.

വോട്ടിംഗ് യന്ത്രത്തിൽ പിഴവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കളക്ടർ വാസുകി പറഞ്ഞു.

ഒരു സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുമ്പോൾ മറ്റൊരു സ്ഥാനാർത്ഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാദ്ധ്യമാണ്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ബൂത്തിൽ നിലവിൽ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നുണ്ടെന്നും വാസുകി ഫേസ്ബുക്കിൽ വ്യക്തമാക്കി. ബട്ടൺ അമരാതിരുന്നതാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്ന് പിന്നീട് സാങ്കേതികവിദഗ്ദ്ധർ കണ്ടെത്തി.

വോട്ടിംഗ് യന്ത്രത്തിലെ 'തകരാറ്' എപ്പോഴും താമരയെ മാത്രം സഹായിക്കുന്നത് അതിശയമെന്ന് തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂർ പറഞ്ഞു. തകരാറ് സംഭവിക്കുന്നത് സാധാരണയാണെങ്കിലും എപ്പോഴും താമരയെ മാത്രം സഹായിക്കുന്നത് അതിശയമല്ലേ എന്ന ചോദ്യം നിലനിൽക്കുന്നുണ്ടെന്നും ഇതൊരു പ്രത്യേക തരത്തിലുള്ള തകരാറാണോ എന്നറിയില്ലെന്നും വോട്ടു ചെയ്ത ശേഷം തരൂർ പ്രതികരിച്ചു. വോട്ടിംഗ് യന്ത്രത്തിന്റെ തകരാർ സംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ഇടതുമുന്നണി സ്ഥാനാർത്ഥി സി. ദിവാകരനും സംഭവത്തെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരനും പറഞ്ഞു.