ദോഹ :ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാംദിനം ഇന്ത്യയ്ക്ക് രണ്ട് മെഡലുകൾ കൂടി.ഇന്നലെ ഹെപ്റ്റാത്ത്ലണിൽ സ്വപ്ന ബർമ്മനും മലയാളികളായ മുഹമ്മദ് അനസ്, വി.കെ വിസ്മയ എന്നിവരടങ്ങിയ മിക്സഡ് റിലേ ടീമുമാണ് വെള്ളിമെഡലുകൾ നേടിയത്. എം.ആർ പൂവമ്മ, ആരോഗ്യരാജീവ് എന്നിവരായിരുന്നു മിക്സഡ് റിലേയിലെ മറ്റംഗങ്ങൾ. ഹെപ്റ്റാത്ത്ലണിൽ സീസൺ ബെസ്റ്റായ 5993 പോയിന്റാണ് സ്വപ്ന നേടിയത്. 2000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ പരുൾ ചൗധരി അഞ്ചാമതായി.
വനിതകളുടെ 200 മീറ്ററിൽ ദ്യുതിചന്ദ് ആദ്യ റൗണ്ടിൽ സീസണിലെ മികച്ച സമയമായ 23.33 സെക്കൻഡ് കണ്ടെത്തി ഫൈനലിൽ പ്രവേശിച്ചു. 800 മീറ്ററിനിടെ പരിക്കേറ്റ മലയാളി താരം ജിൻസൺ ജോൺസൺ 1500 മീറ്ററിലും മത്സരിക്കില്ലെന്ന് ഇന്ത്യൻ ടീം ഡെപ്യൂട്ടി ചീഫ് കോച്ച് രാധാകൃഷ്ണൻ നായർ അറിയിച്ചു. ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനം നടന്ന പുരുഷൻമാരുടെ 10000 മീറ്ററിൽ വെള്ളി മെഡൽ ഇന്ത്യയ്ക്ക് അർഹതപ്പെട്ടതായിരുന്നിട്ടും നിഷേധിച്ച് സംഘാടകർ.വെള്ളി മെഡൽ നേടിയ ബഹ്റൈനി താരം ഹസൻ ചാനി 'ബിബ് " ധരിക്കാതെ ഓടിയിട്ടും അയോഗ്യനാക്കാതിരുന്നതാണ് ഇന്ത്യയ്ക്ക് വെള്ളി മെഡൽ ലഭിക്കാതിരുന്നതിന് കാരണം. ഈയിനത്തിൽ ഇന്ത്യയുടെ മുർളി ഗവിറ്റ് വെങ്കലം നേടിയിരുന്നു.
അന്താരാഷ്ട്ര അത്ലറ്റിക്സ് ഫെഡറേഷൻ നിയമപ്രകാരം ട്രാക്കിലും ഫീൽഡിലും മത്സരിക്കാനിറങ്ങുന്നവർ നെഞ്ചിലും മുതുകിലും സംഘാടകർ നൽകുന്ന ബിബ് നമ്പർ പതിച്ച ബാഡ്ജ് വ്യക്തമായി കാണത്തക്കവിധം കുത്തിവയ്ക്കേണ്ടതാണ്. ഇത് ഇല്ലാത്തവരെ അയോഗ്യരാക്കാം. എന്നാൽ ഹസൻ ചാനി ബിബ് ധരിക്കാതെ ഓടിയിട്ടും സംഘാടകർ അയോഗ്യരാക്കിയില്ല. ഏഷ്യൻ അത്ലറ്റിക്സ് അസോസിയേഷന്റെ ടെക്നിക്കൽ കമ്മിറ്റിയാണ് നടപടിയെടുക്കേണ്ടിയിരുന്നത്. എന്നാൽ ഇന്ത്യ പ്രതിഷേധമറിയിച്ചിട്ടും നടപടിയുണ്ടായില്ല.