ipl-chennai-win
ipl chennai win

സൺറൈസേഴ്സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ചെന്നൈ വീണ്ടും ഒന്നാമത്

ചെന്നൈ : സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഇന്നലെ നടന്ന ഐ.പി.എൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് ആറ് വിക്കറ്റ് വിജയം

ഇന്നലെ ടോസ് നേടിയ ചെന്നൈ ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണി സൺറൈസേഴ്സിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.അവർ നിശ്ചിത 20 ഒാവറിൽ 175/3 എന്ന സ്കോറിലെത്തിയപ്പോൾ ചെന്നൈ ഒരു പന്ത് ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. 53 പന്തുകളിൽ 96 റൺസടിച്ച ഷേൻ വാട്ട്സന്റെ തകർപ്പൻ ബാറ്റിംഗാണ് നിലവിലെ ചാമ്പ്യന്മാർക്ക് വിജയം നൽകിയത്. വാട്ട്സൺ ഒൻപത് സിക്സും ആറുഫോറും പറത്തി. റെയ്ന (38)അമ്പാട്ടി(21) എന്നിവർ വാട്ട്സണ് പിന്തുണ നൽകി.

രണ്ടാം ഓവറിൽ ഓപ്പണർ ബെയർ സ്റ്റോയെ (0) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ക്രീസിൽ ഒരുമിച്ച വാർണറും (57), മനീഷ് പാണ്ഡെയും (83 നോട്ടൗട്ട്) ചേർന്ന് തകർത്തടിച്ചത് സന്ദർശകരെ മാന്യമായ സ്കോറിലേക്ക് നയിച്ചു.

72 പന്തുകളിൽ 115 റൺസാണ് വാർണർ - മനീഷ് സഖ്യം അടിച്ചെടുത്തത്. 45 പന്തുകളിൽ മൂന്ന് ഫോറും രണ്ട് സിക്സുമടിച്ച വാർണർ 14-ാം ഓവറിലാണ് മടങ്ങിയത്. തുടർന്നിറങ്ങിയ വിജയ് ശങ്കർ മനീഷിനൊപ്പം പോരാട്ടം തുടർന്നു. 20 പന്തുകളിൽ രണ്ട് ഫോറും ഒരു സിക്സുമടിച്ച വിജയ് ശങ്കർ 19-ാം ഓവറിൽ മടങ്ങി. 49 പന്തുകളിൽ ഏഴ് ഫോറും മൂന്ന് സിക്സുമടക്കമാണ് മനീഷ് പാണ്ഡെ 83 റൺസടിച്ചത്.