തിരുവനന്തപുരം: ശക്തമായ ത്രികോണമത്സരം നടന്ന തിരുവനന്തപുരം മണ്ഡലത്തിലും കടുത്ത മത്സരത്തിന് വേദിയൊരുങ്ങിയ ആറ്റിങ്ങലിലും റെക്കാഡ് പോളിംഗ്. ഇതോടെ ഇടതു, വലതു മുന്നണികളിൽ പ്രതീക്ഷ. തിരുവനന്തപുരം മണ്ഡലത്തിൽ തീരദേശങ്ങളിൽ വൈകിട്ട് ആറുമണിക്ക് പോളിംഗ് അവസാനിക്കുമ്പോൾ വൻനിരയായി വോട്ടർമാർ നിറഞ്ഞുനിൽക്കുന്ന കാഴ്ചയായിരുന്നു. ഇവർക്കെല്ലാം ടോക്കൺ കൊടുത്തതിന് ശേഷം പോളിംഗ് സ്റ്റേഷന്റെ ഗേറ്റ് അടച്ചു. നിരയിലുണ്ടായിരുന്നവർ വോട്ട് ചെയ്ത് കഴിഞ്ഞത് രാത്രി എട്ടരയോടെയാണ്.

ബി.ജെ.പി ജയിക്കുമെന്ന് പ്രതീക്ഷ വച്ചുപുലർത്തിയ തിരുവനന്തപുരത്ത് ന്യൂനപക്ഷ മേഖലയിൽ വൻ പോളിംഗ് നടന്നത് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ഇടതുമുന്നണിയുടെയും ഐക്യമുന്നണിയുടെയും പ്രതീക്ഷ. എന്നാൽ മുൻവർഷങ്ങളിൽ ഉണ്ടായ ബി.ജെ.പി വിരുദ്ധ മനോഭാവം ഇക്കുറി വോട്ടർമാരിലില്ലെന്ന് ബി.ജെ.പി പറഞ്ഞു. നല്ല പോളിംഗ് നടന്ന പാറശാലയിലും നെയ്യാറ്റിൻകരയിലും ബി.ജെ.പിക്ക് നല്ല വോട്ട് മുന്നേറ്റം ഉണ്ടാകുമെന്ന് അവർ പറഞ്ഞു. ആറ്റിങ്ങൽ മണ്ഡലത്തിൽ അടൂർ പ്രകാശും എൻ.ഡി.എ സ്ഥാനാർത്ഥിയായി ശോഭാ സുരേന്ദ്രനും എത്തിയതോടെയാണ് മത്സരം കടുത്തത്. തുടർച്ചയായ മൂന്നാം വിജയം കൊതിച്ച് മത്സരത്തിനിറങ്ങിയ സമ്പത്തിന് പ്രതീക്ഷയേകുന്നതാണ് പോളിംഗ് വർദ്ധനയെന്നാണ് ഇടതുക്യാമ്പിലെ ആശ്വാസം. എന്നാൽ വോട്ടെടുപ്പിലെ വർദ്ധന തങ്ങളെ സഹായിക്കുമെന്ന് ഐക്യമുന്നണി സ്ഥാനാർത്ഥി അടൂർ പ്രകാശും ബി.ജെ.പിയുടെ ശോഭാ സുരേന്ദ്രനും പറഞ്ഞു.