hospital

തളിപ്പറമ്പ്: തിരഞ്ഞെടുപ്പ് ദിവസം രാത്രി സി.പി.എം പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ വയൽകിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ലതാ സുരേഷിനെ (34) തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടരയോടെ സുരേഷ് വീട്ടിലില്ലാതിരുന്ന സമയത്ത് അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 150 ഓളം ആളുകൾ വീട് കയറി ആക്രമിക്കുകയായിരുന്നു എന്ന് ആശുപത്രിയിൽ കഴിയുന്ന ലത പറഞ്ഞു.

കീഴാറ്റൂർ എൽ.പി സ്കൂളിൽ ഒരു യുവാവ് രണ്ട് തവണ കള്ളവോട്ട് ചെയ്ത ദൃശ്യം സുരേഷ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിലുള്ള പ്രതിഷേധമാണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നു. അക്രമം നടക്കുമ്പോൾ ഭാര്യയും മക്കളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. വിവരമറിഞ്ഞ് സുരേഷ് വീട്ടിലെത്തുകയായിരുന്നു. ഉടൻ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി അക്രമികളെ പിരിച്ച് വിടുകയായിരുന്നു.

അക്രമി സംഘം സുരേഷിന്റെ വീടിന്റെ ജനൽ ചില്ലുകൾ തകർക്കുകയും ചെയ്തു. അതിനിടെ പരിക്കുകളോടെ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകരായ വത്സലാ മാധവൻ, ഗീതാ ഗംഗാധരൻ എന്നിവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരേഷ് കീഴാറ്റൂർ, മകൻ സഫ്ദർ സുരേഷ്, സഹോദരൻ രതീഷ് എന്നിവർ ചേർന്ന് ആക്രമിച്ചു എന്നാണ് ഇവരുടെ പരാതി. സി.പി.എം ബ്രാഞ്ച് സെക്രട്ടറി ബിജുമോൻ, ഇയാളുടെ സഹോദരൻ സുധീഷ് കുമാർ, പ്രവർത്തകരായ സജിൻ ഗംഗാധരൻ, വിമൽ മാധവ്, അർജുൻ രഘുനാഥ്, അക്ഷയ് ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട് ആക്രമിച്ചതെന്ന് സുരേഷ് കീഴാറ്റൂർ പറഞ്ഞു.