കോട്ടയം: ആൾ താമസമില്ലാത്ത വീട്ടിൽ ജോലിക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ. അൻപതുകാരിയായ ഉഷാകുമാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആരോഗ്യസ്ഥിതി മോശമായതിനാൽ പ്രതിയെന്ന് കരുതുന്ന മറ്റക്കര സ്വദേശി പ്രഭാകരനെ (70) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കാവലിലാണ് പ്രതി ആശുപത്രിയിൽ കഴിയുന്നത്. കട്ടച്ചിറ കടവിൽ രാജന്റെ ഭാര്യയാണ് ഉഷാകുമാരി. സാമ്പത്തിക ഇടപാടാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. എ.എസ്.പി.രീഷ്മ രമേശന്റെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതിയെ പിടികൂടിയത്.
ഏറ്റുമാനൂർ നഗരമധ്യത്തിലെ വിമല ആശുപത്രിക്ക് സമീപം പാനൂർ ടോമിയുടെ വീടിന്റെ അടുക്കളയിലാണ് ഇന്നലെ രാവിലെ ഒൻപതു മണിയോടെ ഉഷാകുമാരിയുടെ ജഡം കണ്ടെത്തിയത്. വീട്ടുടമയുടെ തറവാട് വീട്ടിലെ ജോലിക്കാരനാണ് പ്രഭാകരൻ. വീട്ടുടമ ടോമി വർഷങ്ങളായി കുടുംബസമേതം സൗത്ത് ആഫ്രിക്കയിലാണ്. മാസത്തിൽ മൂന്നും നാലും പ്രാവശ്യം ടോമിയുടെ വീട് വൃത്തിയാക്കാൻ ഉഷാകുമാരി വന്നിരുന്നു. ഒപ്പം പ്രഭാകരനും ഉണ്ടാവും. പ്രഭാകരനാണ് ടോമിയുടെ സഹോദരി വത്സമ്മയിൽ നിന്ന് വീടിന്റെ താക്കോൽ വാങ്ങിയിരുന്നത്. പതിവുപോലെ കഴിഞ്ഞദിവസവും വത്സമ്മയുടെ കൈയിൽ നിന്ന് പ്രഭാകരൻ താക്കോൽ വാങ്ങിക്കൊണ്ടു വന്നശേഷം ഉഷാകുമാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് അറിയുന്നു.
കിടപ്പുമുറിയിൽ തോർത്ത് ഉപയോഗിച്ച് കഴുത്തിൽ മുറുക്കി ഉഷാകുമാരിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടർന്ന് വലിച്ചിഴച്ചുകൊണ്ട് അടുക്കളയിൽ കൊണ്ടിട്ടതിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കഴുത്ത് മുറുക്കാൻ ഉപയോഗിച്ച തോർത്ത് മൃതദേഹത്തിന് സമീപത്തുനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഉഷാകുമാരിയുടെ ഭർത്താവും പ്രഭാകരനും ചങ്ങാതിമാരാണ്. ഇവർ ഒരുമിച്ചാണ് കഴിഞ്ഞ മൂന്നു വർഷമായി ജോലിക്ക് പോയിരുന്നത്. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും അറിയുന്നു.
ഇന്നലെ രാവിലെ ഒൻപതു മണിയോടെ തറവാട് വീട്ടിലേക്ക് ഫോണിൽ വിളിച്ച് കൊലപാതക വിവരം അറിയിച്ചതും പ്രഭാകരനായിരുന്നു. വീട്ടിൽ ഒരു സ്ത്രീ മരിച്ചുകിടപ്പുണ്ടെന്നും താൻ കോഴിക്കോടിന് പോവുകയാണെന്നുമാണ് പ്രഭാകരൻ വത്സമ്മയോട് പറഞ്ഞത്. ഇതോടെ വത്സമ്മ ബന്ധുക്കളെയും ഏറ്റുമാനൂർ പൊലീസിനെയും വിളിച്ച് അറിയിക്കുകയായിരുന്നു. എ.എസ്.പി രീഷ്മ ഉടൻ സ്ഥലത്തെത്തി വിരലടയാള വിദഗ്ധരെയും ഫോറൻസിക് വിദഗ്ധരെയും വിളിച്ചുവരുത്തി. ഇൻക്വസ്റ്റ് പൂർത്തിയാക്കി ഇന്നലെ ഉച്ചയോടെ പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. ഇന്നലെതന്നെ പോസ്റ്രുമോർട്ടം നടത്തിയ ഉഷയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തുടർന്ന് ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ സംസ്കരിച്ചു.
മൊബൈൽ ഫോൺ ടവർ നോക്കിയ പൊലീസ് പ്രഭാകരൻ കോഴിക്കോട്ടേക്ക് പോയിട്ടില്ലെന്നും ജില്ലയിൽ തന്നെ ഉണ്ടെന്നും മനസിലാക്കി. ഉടൻ തന്നെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നിർദ്ദേശത്തെ തുടർന്ന് ഡിവൈ.എസ്.പി പി.ആർ.ശ്രീകുമാർ, ഏറ്റുമാനൂർ സി.ഐ മഞ്ജുലാൽ, എസ്.ഐ എബി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കുടുക്കിയത്. രതീഷ് (ഡ്രൈവർ), രഞ്ജിനി എന്നിവരാണ് ഉഷയുടെ മക്കൾ.