ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിലെ തലയൽ ആലുവിള റോഡ് നവീകരണം വൈകുന്നതിനെതിരെ ആക്ഷേപമുയരുന്നു. വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ റോഡിൽ വാഹനയാത്ര ദുഷ്ക്കരമാണെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിൽ വൻ കുഴികൾ രൂപപ്പെട്ടതിനാൽ ഓട്ടോറിക്ഷ പോലും ഇതുവഴി വരാറില്ല. ഇക്കാരണത്താൽ യാത്രാക്ലേശവും അനുഭവപ്പെടുന്നുണ്ട്. നിലവിൽ ആലുവിള റോഡിൽ 300 മീറ്ററോളം ഭാഗം ടാർ ഒലിച്ചുപോയനിലയിലാണ്. മഴക്കാലം എത്തുന്നതോടെ റോഡ് പൂർണമായും തകരുമെന്നാണ് നാട്ടുകാരുടെ പരാതി. ഓടനവീകരണമില്ലാത്തതിനാൽ റോഡിലെ വെള്ളക്കെട്ട് കാരണം റോഡ് തകരുകയാണ്. റോഡിന്റെ ശോചനീയാവസ്ഥ കാരണം പാപ്പനം കോട് ഡിപ്പോയിൽ നിന്നുമുള്ള ബാലരാമപുരം –പുന്നക്കാട് ബസ് സർവീസ് നിറുത്തലാക്കിയിരിക്കുകയാണ്. സമാന്തരസർവീസ് പോലുമില്ലാത്ത റൂട്ടിൽ ജനങ്ങൾ ഏക ആശ്രയമായിരുന്ന ബസ് സർവീസാണ് ഡിപ്പോ അധികൃതർ മുന്നറിയിപ്പില്ലാതെ നിറുത്തലാക്കിയത്. ദിവസവും അങ്ങോട്ടുമിങ്ങോട്ടും ആറ് ട്രിപ്പ് സർവീസ് നടത്തിയിരുന്ന റൂട്ടിൽ മെച്ചപ്പെട്ട കളക്ഷനും നേടിയിരുന്നു. എന്നാൽ റോഡ് പൊട്ടിപ്പൊളിഞ്ഞതോടെ സർവീസ് നിറുത്തലാക്കുകയായിരുന്നു. വിശ്വഭാരതി, ശ്രീ വിവേകാനന്ദ, നസ്രത്ത് ഹോം, ഐത്തിയൂർ നേതാജി സ്കൂൾ, മാർത്താണ്ഡേശ്വരം സ്കൂൾ എന്നിവിടങ്ങളിലെ സ്കൂൾ വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്.
തലയൽ –ആലുവിള റോഡിന്റെ നവീകരണത്തിന് 15 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.എസ്.കെ. പ്രീജ അറിയിച്ചു. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് മെമ്പറെ നാട്ടുകാർ പരാതി അറിയിച്ചിരുന്നു. മെമ്പർ റോഡിന്റെ ശോചനീയാവസ്ഥ നേരിൽ സന്ദർശിച്ചിരുന്നു. തുടർന്നാണ് 15 ലക്ഷം രൂപ അനുവദിക്കാൻ നടപടിയായത്. തേമ്പാമുട്ടം –പുത്രക്കാട് റോഡ് അഡ്വ.എസ്.കെ. പ്രീജയുടെ വാർഷിക ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ അനുവദിച്ച് അടുത്തിടെ നവീകരിച്ചിരുന്നു. ടെൻഡർ നടപടികൾ പൂർത്തിയായാൽ ആലുവിള റോഡിന്റെ നിർമ്മാണജോലികൾ എത്രയും വേഗം ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ അറിയിച്ചു.