നഗര - ഗ്രാമ ഭേദമന്യേ സംസ്ഥാനത്താകെ ബൂത്തുകൾക്ക് മുമ്പിൽ അലയടിച്ച് ആവേശം. ബൂത്തുകൾക്ക് മുമ്പിൽ രാത്രി വൈകും വരെ സ്ത്രീകളും യുവജനങ്ങളുമുൾപ്പെടെയുളള വോട്ടർമാരുടെ നീണ്ടനിരകൾ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിന് ശേഷം സംസ്ഥാനത്ത് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇത്തവണ ദൃശ്യമായ ഉയർന്ന പോളിംഗ് ശതമാനം യു.ഡി.എഫ്, എൽ.ഡി.എഫ്. എൻ.ഡി.എ മുന്നണികൾക്ക് ഒരുപോലെ പ്രതീക്ഷയും ഉൾക്കിടിലവും പകരുന്നതാണ്.
രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വവും ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലെ മോദിവിരുദ്ധ വികാരവും യു.ഡി.എഫ് അനുകൂല തരംഗത്തിന്റെ സൂചനയാണ്. പിണറായി സർക്കാരിന്റെ കഴിഞ്ഞ മൂന്ന് വർഷത്തെ വികസന ക്ഷേമപ്രവർത്തനങ്ങളും സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള വനിതാ മതിൽ - നവോത്ഥാന മുന്നേറ്റങ്ങളും എൽ.ഡി.എഫിന് കുതിപ്പേകുമോ? പ്രധാനമന്ത്രി മോദിയും ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷായും ഉൾപ്പെടെ ആളിക്കത്തിക്കാൻ ശ്രമിച്ച ശബരിമല വികാരം മഹാപ്രവാഹമായി എതിർമുന്നണികളുടെ കോട്ടകൊത്തളങ്ങൾ നിലംപരിശാക്കി താമരകൾ വിരിയിക്കുമോ? 78 ശതമാനം വരെ ഉയർന്ന സംസ്ഥാനത്തെ പോളിംഗ് ഉയർത്തുന്ന ചോദ്യങ്ങൾ ഇതാണ്.
പത്ത് ലക്ഷവും കടന്ന്
13 മണ്ഡലങ്ങൾ
സംസ്ഥാനത്തെ 20 ലോക്‌സഭാ സീറ്റുകളിൽ 13 എണ്ണത്തിലും ഇത്തവണ പോളിംഗ് 10 ലക്ഷം കടന്നത് വിധിയെഴുത്തിൽ നിർണായകമാണ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, ആലത്തൂർ, പാലക്കാട്, പൊന്നാനി, മലപ്പുറം,കോഴിക്കോട്, വയനാട്, വടകര, കണ്ണൂർ, കാസർകോട് എന്നിവയാണ് ഈ സീറ്റുകൾ. 80 ശതമാനത്തിലേറെ വോട്ട് 13 സീറ്റുകളിലും പോൾ ചെയ്തു.ഇതിൽ സിറ്റിംഗ് എം.പി ശശിതരൂരും സി.ദിവാകരൻ എം.എൽ.എയും മുൻ ഗവർണർ കുമ്മനം രാജശേഖരനും മാറ്റുരച്ച തിരുവനന്തപുരം, സിറ്റിംഗ് എം.പി ആന്റോ ആന്റണിയും വീണാജോർജ് എം.എൽ.എയും കെ.സുരേന്ദ്രനും കൊമ്പുകോർത്ത പത്തനംതിട്ട, ടി.എൻ.പ്രതാപനും സുരേഷ് ഗോപിയും രാജാജി മാത്യുതോമസും ഏറ്റുമുട്ടിയ തൃശൂർ എന്നിവിടങ്ങളിലെ തീപാറിയ പോരാട്ടം ഉയർന്ന പോളിംഗിനുള്ള സാദ്ധ്യത വർദ്ധിപ്പിച്ചിരുന്നു. എങ്കിലും ന്യൂനപക്ഷ മേഖലകളിൽ ഉൾപ്പെടെ ഈ മണ്ഡലങ്ങളിൽ 2014ലെ അപേക്ഷിച്ച് കുതിച്ചുയർന്ന പോളിംഗ് ശതമാനം ഫലം പ്രവചനാതീതമാക്കുന്നു.
ശബരിമല ഫാക്ടർ ആരെ തുണയ്ക്കും
തെക്കൻ കേരളത്തിലെയും മദ്ധ്യ കേരളത്തിലെയും മണ്ഡലങ്ങളിൽ അവസാന ഘട്ടം പ്രചാരണത്തെയും വിധിയെഴുതതിനെയും നിർണായകമായി സ്വാധീനിച്ച വിഷയങ്ങളിലൊന്ന് ശബരിമലയാണ്. വിശേഷിച്ച് ശബരിമലയുമായി കൂടുതൽ സാമീപ്യവും വൈകാരിക ബന്ധവുമുള്ള തെക്കൻ കേരളത്തിലെ തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട, മണ്ഡലങ്ങളിലും ഇതിന് പുറമെ തൃശൂരിലും ദൃശ്യമായ സ്ത്രീ വോട്ടർമാരുടെ തള്ളിക്കയറ്രവും മൂന്ന് മുന്നണികളുടെയും കണക്കുകൂട്ടലുകൾ തെറ്റിക്കാൻ പോന്നതാണ്. മുന്നണികളുടെയും സ്ഥാനാർത്ഥികളുടെയും വിജയ പ്രതീക്ഷകളിൽ ആശങ്കയുടെ നിഴൽ പരത്തുന്നതുമാണ് ശബരിമല വിഷയം സൃഷ്ടിച്ച പ്രതിഫലനം. 2014ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് തിരുവനന്തപുരത്തും തൃശൂരിലും അഞ്ച് ശതമാനം വീതവും ആറ്റിങ്ങലിൽ ആറ് ശതമാനവും പത്തനംതിട്ടയിൽ ഒൻപത് ശതമാനവുമാണ് ഇത്തവണ പോളിംഗിലുണ്ടായ വർദ്ധന. സംസ്ഥാനത്താകെ പോളിംഗ് ബൂത്തുകളിൽ സ്ത്രീ വോട്ടർമാരുടെ എണ്ണത്തിലുണ്ടായ കുതിച്ചുചാട്ടം ശബരിമല വിഷയത്തിൽ സർക്കാരിനെതിരായ വിധിയെഴുത്താകുമെന്ന് പറയുന്ന ബി.ജെ.പി നേതൃത്വവും നാല് മുതൽ ആറ് സീറ്റ് വരെ ലഭിക്കുമെന്ന് അവകാശപ്പെടുന്നുണ്ട്.
ന്യൂനപക്ഷ പിന്തുണ ആർക്ക്?
ന്യൂനപക്ഷ മുസ്ലിം -ക്രിസ്ത്യൻ വിഭാഗങ്ങളുടെ പിന്തുണ കൂടുതൽ ലഭിക്കുക യു.ഡി.എഫിനാണോ എൽ.ഡി.എഫിനാണോ എന്നതാണ് വിധി നിർണയിക്കുന്ന മറ്രൊരു ചോദ്യം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വിഭാഗങ്ങൾ തുണച്ചത് എൽ.ഡി.എഫിനെയാണ്. 140 സീറ്റിൽ 91 ഉം നേടി എൽ.ഡി.എഫ് അധികാരത്തിലേറി. യു.ഡി.എഫിന് കിട്ടിയത് 48 സീറ്റ്. ബി.ജെ.പി ക്ക് ഒരു സീറ്റും. കേന്ദ്രത്തിൽ മോദി ഭരണം തുടരണോയെന്ന് നിശ്ചയിക്കുന്ന ഈ നിർണായക തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങൾ തങ്ങൾക്ക് ഒപ്പമാകുമെന്ന് പ്രതീക്ഷിക്കുന്ന യു.ഡി.എഫിന്റെ അവകാശവാദം 14 മുതൽ 16 വരെ സീറ്റാണ്. അതേസമയം, കേരളത്തിൽ ബി.ജെ.പിയെ ഫലപ്രദമായി നേരിടാൻ കഴിയുന്നത് എൽ.ഡി.എഫിനാണെന്ന തിരിച്ചറിവിൽ ന്യൂനപക്ഷ സമുദായങ്ങൾ 2016ലെ പോലെ ഇത്തവണയും തുണയ്ക്കുക തങ്ങളെയാകുമെന്നും പറയുന്ന എൽ.ഡി.എഫ് കേന്ദ്രങ്ങൾ ഉറപ്പിക്കുന്നതാകട്ടെ 12 മുതൽ 14 വരെ സീറ്റ്.
ഉയർന്ന പോളിംഗ് ശതമാനം
ഫലസൂചനയാകുമോ?
പാർലമെന്റ് തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇതിന് മുമ്പ് ഏറ്റവും ഉയർന്ന പോളിംഗ് നടന്ന 1989ൽ ഇരുപതിൽ 17 സീറ്റും കിട്ടിയത് യു.ഡി.എഫിനാണ്. 14 സീറ്റ് കോൺഗ്രസിനും 2 സീറ്റ് ലീഗിനും ഒരു സീറ്റ് കേരളാ കോൺഗ്രസിനും. എൽ.ഡി.എഫ് മൂന്ന് സീറ്റിലൊതുങ്ങി. 79.3 ശതമാനമായിരുന്നു പോളിംഗ്. അതേസമയം, ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ (77.35ശതമാനം) നേട്ടം കൊയ്തത് എൽ.ഡി.എഫാണ് (91 സീറ്റ്). 2004ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 20ൽ 18 സീറ്റോടെ എൽ.ഡി.എഫ് അട്ടിമറി വിജയം നേടി (പോളിംഗ് 71.45ശതമാനം). 71.37ശതമാനം പോളിംഗ് നടന്ന 2009ൽ 16 സീറ്റും കൈക്കലാക്കിയത് യു.ഡി.എഫാണ്. എൽ.ഡി.എഫ് നാല് സീറ്റിലൊതുങ്ങി. എന്നാൽ 2014ൽ പോളിംഗ് 74.02 ശതമാനമായി ഉയർന്നിട്ടും യു.ഡി.എഫ് വിജയം 12 സീറ്റിലൊതുങ്ങി. 8 സീറ്റ് നേടിയത് എൽ.ഡി.എഫാണ്.
ഉപതിരഞ്ഞെടുപ്പ് ആറ്
അസംബ്ളി സീറ്റിലെങ്കിലും?
സംസ്ഥാന നിയമസഭയിലെ ഒൻപത് അംഗങ്ങളാണ് ഇത്തവണ പാർലമെന്റിലേക്ക് അങ്കം കുറിച്ചത്. എൽ.ഡി.എഫിലെ സി.ദിവാകരൻ (തിരുവനന്തപുരം), വീണാ ജോർജ് (പത്തനംതിട്ട), എ.എം.ആരിഫ് (ആലപ്പുഴ), ചിറ്റയം ഗോപകുമാർ (മാവേലിക്കര), പി.വി.അൻവർ (പൊന്നാനി), എ.പ്രദീപ് കുമാർ (കോഴിക്കോട്) എന്നിവരും യു.ഡി.എഫിലെ അടൂർ പ്രകാശ് (ആറ്റിങ്ങൽ), ഹൈബി ഈഡൻ (എറണാകുളം), കെ.മുരളീധരൻ (വടകര) എന്നിവരും. കടുത്ത മത്സരം നടന്ന ഈ മണ്ഡലങ്ങളിൽ നിന്ന് കുറഞ്ഞത് നാല് എം.എൽ.എമാരെങ്കിലും പാർലമെന്റിലെത്തുമെന്നാണ് പോളിംഗിന് ശേഷമുള്ള രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പി.ബി.അബ്ദുൾ റസാഖിന്റെ നിര്യാണത്തെ തുടർന്ന് മഞ്ചേശ്വരം സീറ്റും കെ.എം.മാണിയുടെ നിര്യാണത്തെ തുടർന്ന് പാലാ സീറ്റും ഒഴിഞ്ഞു കിടപ്പാണ്. അങ്ങനെ വന്നാൽ ആറ് മാസത്തിനകം സംസ്ഥാനത്തെ ആറ് നിയമസഭാ സീറ്റിലെങ്കിലും ഉപതിരഞ്ഞെടുപ്പ് ഉറപ്പ്.
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അടുത്ത തിരഞ്ഞെടുപ്പിന് ഇനി കഷ്ടിച്ച് ഒന്നര വർഷം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് വർഷവും. ഈ തിരഞ്ഞെടുപ്പ് ഫലം അതിന്റെ ചൂണ്ടുപലക കൂടിയാണ്. അതിനാൽതന്നെ മൂന്ന് മുന്നണികളെ സംബന്ധിച്ചും ഇത് നിലനിൽപിനുള്ള ജീവന്മരണ പോരാട്ടവുമാണ്.