കടയ്ക്കാവൂർ: കടയ്ക്കാവൂരിലും പരിസര പ്രദേശങ്ങളിലും ഇടയ്ക്കിടെ വൈദ്യുതി മുടങ്ങുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നു. കാർമേഘം രൂപം കൊളളുകയോ കാറ്റ് ഒന്ന് ആഞ്ഞ് വീശുകയോ ചെയ്താൽ ഇവിടത്തെ വൈദ്യുതി വിതരണം നിലയ്ക്കുമെന്ന അവസ്ഥയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. വളരെ നാളുകളായി കടയ്ക്കാവൂരിലെ അവസ്ഥ ഇതു തന്നെയാണ്. അഞ്ചുതെങ്ങ് പഞ്ചായത്തിൽ കേബിളാക്കുന്നതോടെ ഇൗ പ്രശ്നത്തിന് പരിഹാരം കാണുമെന്നാണ് അധികൃതർ പറഞ്ഞിരുന്നതെങ്കിലും കേബിളാക്കി രണ്ട് മാസത്തോളമായിട്ടും യാതൊരു മാറ്റവുമില്ല. ഇലക്ഷന് മുമ്പ് മിക്ക ദിവസങ്ങളിലും പല സ്ഥലങ്ങളിലായി ലൈനിൽ അറ്റകുറ്റപണികൾ നടത്തിയിരുന്നു. കടയ്ക്കാവൂർ ഇലക്ട്രിക്കൽ സെക്ഷന്റെ ചുമതലയിലാണ് കടയ്ക്കാവൂർ, ആനത്തലവട്ടം, കീഴാറ്റിങ്ങൽ, അഞ്ചുതെങ്ങ് പഞ്ചായത്തുകളിലും, വക്കം - ചിറയിൻകീഴ് പഞ്ചായത്തുകളുടെ കുറച്ചുഭാഗങ്ങളിലും വൈദ്യുതി വിതരണം നടത്തുന്നത്. ദിവസത്തിൽ നിരവധി പ്രാവശ്യമാണ് വൈദ്യുതി വിതരണം തടസപ്പെടുന്നത്. പരാതിപ്പെടുമ്പോൾ പത്ത് മിനിറ്റിനകം പുനഃസ്ഥാപിച്ചാലും അല്പസമയത്തിനകം വൈദ്യുതി വീണ്ടും നഷ്ടപ്പെടുമെന്ന് ആക്ഷേപമുണ്ട്. കടയ്ക്കാവൂർ സെക്ഷൻ ആഫീസിൽ വിളിച്ചാൽ 33 കെ.വി സബ് സ്റ്റേഷന്റെ കുഴപ്പമാണെന്ന് പറയുമെന്നും സബ് സ്റ്റേഷനിൽ വിളിക്കുമ്പോൾ അവിടെ പ്രശ്നമില്ലെന്ന് പറയുമെന്നും ആരോപണമുണ്ട്. വൈദ്യുതി വിതരണത്തിന്റെ തകരാറുമൂലം ഈ പ്രദേശങ്ങളിലെ കംപ്യൂട്ടർ, ഫ്രിഡ്ജ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ നശിക്കുകയാണ്. ഇതു മൂലം വലിയ സാമ്പത്തിക നഷ്ടമാണ് ഉപഭോക്താക്കൾക്ക് ഉണ്ടാകുന്നത്. എത്രയും പെട്ടെന്ന് ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.