കല്ലമ്പലം: നിത്യേന നൂറുകണക്കിന് ഭക്തജനങ്ങൾ എത്തുന്ന പുരാതനമായ നാവായിക്കുളം ഭരണിക്കാവ് ഭഗവതി ക്ഷേത്രത്തിലേക്ക് റോഡ് നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നെൽപ്പാടങ്ങൾക്ക് നടുവിൽ മരങ്ങളാൽ ചുറ്റപ്പെട്ട് ഒരു ദ്വീപു പോലെ തോന്നിക്കുന്ന പ്രദേശത്തിന്റെ ഒത്ത നടുവിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇത്തരത്തിൽ പ്രകൃതി മനോഹരമായ ഒരു ക്ഷേത്രം നാവായിക്കുളം പ്രദേശത്ത് വേറെയില്ലെന്ന് നാട്ടുകാർ പറയുന്നു. നാവായിക്കുളം ശ്രീശങ്കര നാരായണ സ്വാമി ക്ഷേത്രത്തോളം കാലപ്പഴക്കം ഈ ക്ഷേത്രത്തിനുമുണ്ട്. ചന്ദന മരങ്ങൾ, ഔഷധ സസ്യങ്ങൾ, മറ്റു വൃക്ഷലതാദികൾ എന്നിവയാൽ സമ്പുഷ്ടമായ ക്ഷേത്രം ഈ നാടിന്റെ ഐശ്വര്യത്തിന്റെ പ്രതീകമാണെങ്കിലും ക്ഷേത്രത്തിലേക്ക് ഒരു റോഡ് ഇനിയും യാഥാർത്ഥ്യമായിട്ടില്ല. എല്ലാവർഷവും മീനമാസത്തിലെ ഭരണി നാളിലാണ് ഇവിടെ ഉത്സവം നടക്കുന്നത്. നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ഈ ക്ഷേത്രത്തിലേക്ക് റോഡ് വേണമെന്നുള്ള നാട്ടുകാരുടെ ആവശ്യത്തിന് ക്ഷേത്രത്തിന്റെ അത്ര തന്നെ പഴക്കം ഉണ്ട്. മാറി മാറി വരുന്ന ഭരണാധികാരികളും ജനപ്രതിനിധികളും റോഡ് നിർമ്മിക്കുമെന്ന്‍ ഉറപ്പ് നൽകുമെങ്കിലും ഇത് വരെയും നടപ്പിലായില്ല. നിത്യേന നൂറിലധികം ഭക്തർ വിവിധ സ്ഥലങ്ങളിൽ നിന്നു ഇവിടെ വന്നുപോകുന്നുണ്ട്. പൂജാ സാധനങ്ങളും മറ്റും വാങ്ങി ഒരു കിലോമീറ്ററോളം നടന്നുവേണം ഇപ്പോൾ ക്ഷേത്രത്തിലെത്താൻ. വാഹനം കടന്നുപോകുന്ന ഒരു പൊതുവഴി ക്ഷേത്രത്തിലേക്ക് വേണമെന്നതാണ് ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും ആവശ്യം.