ബംഗളൂരു:മരണവീട്ടിൽ എത്തി കരയുന്ന ബന്ധുക്കളെ ആശ്വസിപ്പിക്കുന്ന കുരങ്ങന് സോഷ്യൽമീഡിയയുടെ കൈയടി. കർണാടകയിലെ നൽഗുണ്ടിയിൽ നിന്നുള്ള ദൃശ്യങ്ങൾ ഏതാനുംദിവസം മുമ്പാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചുതുടങ്ങിയത്.
ഏൺപതുകാരന്റെ മൃതദേഹത്തിനരികെ അലമുറയിടുന്ന ബന്ധുക്കളായ സ്ത്രീകളുടെ അരികിലേക്കാണ് കുരങ്ങൻ എത്തുന്നത്. കരയുന്ന സ്ത്രീകളെയെല്ലാം മാറി മാറി നോക്കുന്നുണ്ട്. ചിലരുടെ മുഖത്തേക്ക് തന്നെ കുറേയേറെ സമയം നോക്കി നിൽക്കുന്നു. തുടർന്ന് ഇതിൽ ഒരാളെ ആശ്വസിപ്പിക്കാൻ തുടങ്ങി. ആ സ്ത്രീയുടെ അടുത്തേക്കെത്തിയ കുരങ്ങൻ അവരുടെ കൈയിലും തോളിലും തട്ടി ആശ്വസിപ്പിക്കാനാണ് ശ്രമിക്കുന്നത്. എന്നിട്ടും കരച്ചിൽ നിറുത്തില്ലെന്ന് കണ്ട് ആസ്ത്രീയുടെ തല തന്റെ മാറത്തേക്ക് അടുപ്പിച്ചും ആശ്വസിക്കുന്നുണ്ട്. സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയശേഷമാണ് കുരങ്ങൻ അവിടെനിന്ന് പോയത്.
പ്രദേശത്തെ പല മരണവീടുകളിലും കുരങ്ങൻ എത്താറുണ്ടെന്നാണ് ഗ്രാമവാസികൾ പറയുന്നത്.എത്തുന്നിടത്തെല്ലാം ബന്ധുക്കളെ ആശ്വസിപ്പിച്ചശേഷമേ മടങ്ങാറുള്ളൂ. ഒരുതരത്തിലുള്ള പ്രശ്നങ്ങളും ഇവിടെ ഉണ്ടാക്കില്ല. മരണവീടുകളിൽ പരസ്പരം ആശ്വസിപ്പിക്കുന്നത് കണ്ട കുരങ്ങൻ അതുപോലെ ചെയ്യുകയാണെന്നാണ് ഗ്രാമവാസികൾ പറയുന്നത്. കാര്യമെന്തായാലും ഗ്രാമത്തിലെ ആരുമരിച്ചാലും കുരങ്ങൻ വീട്ടിലെത്തിയശേഷമേ സംസ്കാരച്ചടങ്ങുകൾ ആരംഭിക്കൂ. അതിനിടെ കുരങ്ങന് ദൈവിക പരിവേഷം ചാർത്താനുള്ള ശ്രമവുമായി ചിലർ രംഗത്തെത്തിയിട്ടുണ്ട്.