ak-antony

തിരുവനന്തപുരം: ലോക്‌സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഇടതുപക്ഷമുൾപ്പെടെ തങ്ങളുമായി നേരിട്ട് ഏറ്റുമുട്ടിയ എല്ലാ കക്ഷികളുടെയും പിന്തുണ തേടാൻ കോൺഗ്രസ് മുൻകൈയെടുക്കുമെന്ന് എ.ഐ.സി.സി പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി വാർത്താലേഖകരോട് പറഞ്ഞു. കേരളത്തിൽ ഇക്കുറി 1977ന് സമാനമായ ഫലമുണ്ടാകും. കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ സീറ്റുകൾ യു.ഡി.എഫിന് ലഭിക്കും. ബി.ജെ.പി കേരളത്തിൽ ജയിക്കില്ല. ഇന്ത്യയിൽ ഇടതുപക്ഷ രാഷ്ട്രീയത്തെ ഇല്ലാതാക്കണമെന്ന് കോൺഗ്രസിന് ആഗ്രഹമില്ല. രാജ്യത്ത് ജനപക്ഷത്തിന് ഇപ്പോഴും പ്രസക്തിയുണ്ട്.

ഇക്കുറി കോൺഗ്രസിനും സഖ്യകക്ഷികൾക്കുമായിരിക്കും കൂടുതൽ സീറ്റുകൾ ലഭിക്കുക. അതുകൊണ്ട് പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്നില്ല. ആർ.എസ്.എസ് നിയന്ത്രിക്കുന്ന ബി.ജെ.പിയെ അധികാരത്തിൽ നിന്ന് മാറ്റി നിറുത്താൻ തങ്ങളുമായി ഏറ്റുമുട്ടിയവരുമായും സഹകരിക്കും. ഇന്ത്യയുടെ വൈവിദ്ധ്യവും അംബേദ്കർ രൂപം നൽകിയ ഭരണഘടനയും സംരക്ഷിക്കാൻ അത് അനിവാര്യമാണെന്നും ആന്റണി പറഞ്ഞു.