atl24aa

ആറ്റിങ്ങൽ: കടുത്ത വേനലും കുടിവെള്ളക്ഷാമവും കൊടുമ്പിരികൊണ്ടിരിക്കുന്ന അവസ്ഥയിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായിട്ടും അധികൃതർ മൗനം തുടരുന്നതായി പരാതി. ആറ്റിങ്ങൽ കുടിവെള്ള പദ്ധതിയിൽപ്പെട്ട അവനവ‍‍ഞ്ചേരി തച്ചൂർകുന്ന് ജംഗ്ഷനു സമീപത്തെ കാണിക്കമുക്കിലാണ് പൈപ്പ് പൊട്ടി ആഴ്ചകളായി കുടിവെള്ളം പാഴാകുന്നത്. ആറ്റിങ്ങലിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ വെള്ളം തോടുപോലെ ഒഴുകിയിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. നാട്ടുകാർ ഈ വിവരം വലിയകുന്നിലുള്ള ജലഅതോറിട്ടി ഓഫീസിൽ വിളിച്ചറിയിച്ചിട്ടും അധികൃതർക്ക് കേട്ടഭാവമില്ലെന്നാണ് ആക്ഷേപം. സമീപപ്രദേശങ്ങളിലെ കിണറുകളിലും മറ്റ് കുടിവെള്ള സ്രോതസുകളിലും വെള്ളംവറ്റി കുടിവെള്ളം കിട്ടാക്കനിയായതിനാൽ വാട്ടർ അതോറിട്ടിയുടെ പൈപ്പ് വെള്ളത്തെയാണ് പ്രദേശവാസികൾ ആശ്രയിക്കുന്നത്. പൈപ്പ് പൊട്ടിയാൽ അറ്റകുറ്റപ്പണി നടത്താതെ ആ ഭാഗത്തേക്കുള്ള വാൽവ് അടച്ച് കുടിവെള്ളം മുട്ടിക്കലാണ് അധികൃതരുടെ ഹോബിയെന്ന് നാട്ടുകാർ ആരോപിക്കുന്നു. അറ്റകുറ്റപണികൾ ചെയ്യുന്ന കരാറുകാർക്ക് കഴിഞ്ഞ സാമ്പത്തിക വർഷം ചെയ്ത പണിയുടെ തുക നൽകാത്തതിനാൽ അവർ ബഹിഷ്കരണം തുടരുന്നതിനാലാണ് ഇത്തരത്തലുള്ള പണികൾക്ക് കാലതാമസം ഉണ്ടാകുന്നതെന്ന് അറിയുന്നു. കൂടാതെ വളരെ പഴക്കമുള്ള പൈപ്പാണ് ആറ്റിങ്ങൽ മേഖലയിൽ ഇപ്പോഴും ഉള്ളത്. റോഡ് ടാർ ചെയ്യുമ്പോഴുള്ള മർ‌ദ്ദത്തിൽ പൈപ്പുകളിൽ പൊട്ടലുണ്ടാകുന്നുണ്ട്. വെള്ളം നല്ല പ്രഷറിൽ പമ്പുചെയ്യുമ്പോൾ ഈ പൊട്ടൽ വലുതായി വെള്ളം വെളിയിലേക്ക് ഒഴുകുന്നുവെന്നാണ് നിഗമനം. കുടിവെള്ളം ഉപയോഗിച്ച് കൈകാൽ കഴുകിയാൽപ്പോലും ഫൈൻ അടയ്ക്കുമെന്ന് പറയുന്ന വാട്ടർ അതോറിട്ടി, ഇത്തരത്തിൽ വലിയതോതിൽ വെള്ളം പാഴാക്കുന്നതിനെതിരെ ആര് നടപടിയെടുക്കുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തി പ്രശ്നം പരിഹരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.