തിരുവനന്തപുരം: പോളിംഗ് ശതമാനത്തിലുണ്ടായ കുതിച്ചുചാട്ടം ആദ്യം അല്പം അന്ധാളിപ്പ് ഉണ്ടാക്കിയെങ്കിലും വർദ്ധന തങ്ങൾക്ക് എങ്ങനെ ഗുണകരമാവുമെന്ന വിശകലനത്തിലായിരുന്നു ഇന്നലെ മുന്നണി നേതൃത്വങ്ങൾ. ഒരു കാര്യത്തിൽ മൂന്ന് മുന്നണികൾക്കും ഒരേ സ്വരം, വിജയം തങ്ങൾക്ക് ഉറപ്പെന്നതിൽ. അതിനുള്ള ന്യായങ്ങൾ ഓരോരുത്തരും അക്കമിട്ട് നിരത്തുന്നുമുണ്ട്.
ജില്ലയിലെ മൊത്തം പോളിംഗ് ശതമാനം 2014 ലെ തിരഞ്ഞെടുപ്പിനെക്കാൾ അഞ്ചു ശതമാനമാണ് കൂടിയത്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ 4.71 ശതമാനവും ആറ്റിങ്ങലിൽ 5.52 ശതമാനവും വർദ്ധനയാണ് പോളിംഗിൽ ഉണ്ടായത്. രണ്ടിടത്തും എല്ലാ അസംബ്ളി മണ്ഡലങ്ങളിലും പോളിംഗ് ശതമാനം കൂടിയിട്ടുണ്ട്. പോളിംഗ് ശതമാനം കൂടിയാൽ ഫലം തങ്ങൾക്ക് അനുകൂലമാവുമെന്ന പഴയ സിദ്ധാന്തത്തിൽ ഇപ്പോഴും മുറുകെ പിടിക്കുകയാണ് യു.ഡി.എഫ്. എന്നാൽ ഇത് കാലഹരണപ്പെട്ട തത്വമാണെന്ന് എൽ.ഡി.എഫും എൻ.ഡി.എയും പറയുന്നു. 2014 ലെ തിരഞ്ഞെടുപ്പിൽ അസംബ്ളി മണ്ഡലങ്ങളിൽ നേടിയ സ്വാധീനവുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇപ്പോഴത്തെ പോളിംഗ് ശതമാനത്തിലെ വർദ്ധന എങ്ങനെ ഓരോരുത്തർക്കും അനുകൂലമാവുമെന്ന ആശയക്കുഴപ്പം ഉയരുന്നത്. 2014-ൽ കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർത്ഥി ഒ. രാജഗോപാലിനായിരുന്നു ആധിപത്യം. ഇവിടങ്ങളിലെല്ലാം ഇക്കുറി ഗണ്യമായി വോട്ടിംഗ് ഉയർന്നു. പാറശാല, കോവളം, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ നേടിയ വലിയ ഭൂരിപക്ഷത്തിലാണ് അന്ന് തിരുവനന്തപുരം മണ്ഡലത്തിൽ ശശി തരൂർ 15,470 വോട്ടുകൾക്ക് വിയർത്ത് ജയിച്ചത്. എല്ലാ മണ്ഡലങ്ങളിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തായി. പക്ഷേ 2016ലെ അസംബ്ളി തിരഞ്ഞെടുപ്പിൽ നേമത്ത് ബി.ജെ.പി വിജയം കണ്ടു. വട്ടിയൂർക്കാവിലും തിരുവനന്തപുരത്തും കോവളത്തും യു.ഡി.എഫും വിജയിച്ചു. അപ്പോൾ ലോക്സഭയിൽ കാര്യങ്ങൾ എങ്ങനെയും മാറിമറിയാനുള്ള സാദ്ധ്യതകളുണ്ട്. ഇതാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ 'കൺഫ്യൂഷൻ '.
എന്നാൽ ആറ്റിങ്ങൽ മണ്ഡലത്തിൽ ഇതായിരുന്നില്ല സ്ഥിതി. ഏഴ് അസംബ്ളി മണ്ഡലങ്ങളിലും വ്യക്തമായ മേധാവിത്വം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ. സമ്പത്തിനായിരുന്നു. 2016 ൽ അസംബ്ളി തിരഞ്ഞെടുപ്പ് എത്തിയപ്പോൾ അരുവിക്കര ഒഴികെ ബാക്കി ആറ് അസംബ്ളി മണ്ഡലങ്ങളിലും എൽ.ഡി.എഫ് ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. ഇക്കുറി ലോക്സഭയിലേക്ക് ഇടതിന്റെ ഉറച്ച സീറ്റായി ആറ്റിങ്ങൽ ചൂണ്ടിക്കാട്ടുന്നതും ഇക്കാരണത്താലാണ്. ശോഭാ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വവും കൂടുതൽ വനിതകൾ വോട്ടിനെത്തിയതുമാണ് ഇടതു ക്യാമ്പുകളിൽ തെല്ല് ആശങ്കയുണ്ടാക്കുന്നത്.
സി. ദിവാകരൻ ജയിക്കും, സമ്പത്ത് ഭൂരിപക്ഷം നിലനിറുത്തും
(ആനാവൂർ നാഗപ്പൻ, സി.പി.എം ജില്ലാ സെക്രട്ടറി)
രണ്ട് മണ്ഡലത്തിലും ഇടതുപക്ഷം ഉറപ്പായി ജയിക്കും. ആറ്രിങ്ങലിൽ സമ്പത്ത് കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം നിലനിറുത്തും. തിരുവനന്തപുരത്ത് സി. ദിവാകരൻ 15,000- 20,000 വോട്ടുകളുടെ വ്യത്യാസത്തിൽ ജയിക്കും. ഇക്കുറി സി. ദിവാകരന്റെ സ്വീകാര്യത തന്നെയാണ് വിജയത്തിന്റെ പ്രധാന ഘടകം. തീരദേശ -മത്സ്യത്തൊഴിലാളി മേഖലകളിൽ നിന്ന് ഇടതുപക്ഷത്തിന് അധിക വോട്ടുകൾ കിട്ടും. പാറശ്ശാലയിലും നെയ്യാറ്റിൻകരയിലും ലീഡ് നേടും. കഴക്കൂട്ടം ഇടത് സ്വാധീന മേഖലയാണ്. വട്ടിയൂർക്കാവിൽ കോൺഗ്രസ് പിറകോട്ട് പോവും. ആറ്റിങ്ങൽ മണ്ഡലത്തിൽ അരുവിക്കരയിൽ മാത്രമാണ് അല്പം വോട്ടു കുറയാൻ സാദ്ധ്യത. ബി.ജെ.പിയുടെ കുറച്ച് വോട്ടുകൾ ചില ഭാഗങ്ങളിൽ കോൺഗ്രസിന് പോയിട്ടുണ്ട്.
തരൂർ ഉറപ്പ്, ആറ്റിങ്ങലിൽ മാറ്റം വരും
(നെയ്യാറ്റിൻകര സനൽ, ഡി.സി.സി പ്രസിഡന്റ്)
ശശി തരൂർ നല്ല ഭൂരിപക്ഷത്തിൽ ജയിക്കും. മത ന്യൂനപക്ഷ വിഭാഗങ്ങളുടെയും യുവജനങ്ങളുടെയും വലിയ പിന്തുണ ഇക്കുറി യു.ഡി.എഫിനുണ്ട്. കഴിഞ്ഞ തവണ ബി.ജെ.പി ആധിപത്യം നേടിയ നാലു മണ്ഡലങ്ങളും യു.ഡി.എഫിന് അനുകൂലമാവും. നേമത്ത് വോട്ടിംഗ് ശതമാനം കൂടിയതും ഗുണകരമാണ്. കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ മാറണമെന്ന പരക്കെയുള്ള വികാരമാണ് യു.ഡി.എഫിന് കരുത്താവുക. ആറ്റിങ്ങലിൽ ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നു. ചിറയിൻകീഴ്, ആറ്റിങ്ങൽ അസംബ്ളി മണ്ഡലങ്ങളിൽ എൽ.ഡി.എഫിന്റെ ലീഡ് കുറയ്ക്കും. ഒപ്പം വർക്കലയിൽ തങ്ങൾ ഗണ്യമായ ലീഡ് നേടും.
കുമ്മനത്തിന് 20,000ത്തിന് മേൽ ഭൂരിപക്ഷം
(എസ്. സുരേഷ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ്)
തിരുവനന്തപുരത്ത് 20,000 ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കുമ്മനം രാജശേഖരൻ ജയിക്കും. യു.ഡി.എഫ് രണ്ടാം സ്ഥാനത്ത് എത്തിയേക്കും. എല്ലാ ഭാഗത്തും ശക്തമായ പ്രവർത്തനം നടത്തിയതിന്റെ ഫലമാണ് പോളിംഗ് ശതമാനത്തിലുണ്ടായ വർദ്ധന. കഴിഞ്ഞ തവണ മുന്നിലെത്തിയ നാലു മണ്ഡലങ്ങളിലും വോട്ട് വർദ്ധിക്കും. തീരദേശ മേഖലയിൽ ശക്തമായ മുന്നേറ്റം നടത്താൻ സാധിക്കും. പാറശ്ശാല, കോവളം, നെയ്യാറ്റിൻകര മണ്ഡലങ്ങളിലുണ്ടാവുന്ന മുന്നേറ്റമാവും തിരഞ്ഞെടുപ്പു ഫലം മാറ്റിമറിക്കുക. കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും ന്യൂനപക്ഷ വിഭാഗത്തിന്റെയും വോട്ടുകൾ എൻ.ഡി.എയ്ക്ക് കിട്ടും.
ആറ്റിങ്ങലിലും അദ്ഭുതം സംഭവിച്ചുകൂടായ്കയില്ല. ശോഭാ സുരേന്ദ്രന്റെ വ്യക്തിത്വമാണ് ഇതിന് പ്രധാന കാരണം.
ദിവാകരന് 25,000ന് മേൽ ഭൂരിപക്ഷം കിട്ടും
(ജി.ആർ. അനിൽ, സി.പി.ഐ ജില്ലാ സെക്രട്ടറി)
ഇടതുപക്ഷത്തോട് അനുഭാവമുള്ള എല്ലാവരെയും ബൂത്തിലെത്തിക്കാൻ കഴിഞ്ഞതാണ് രണ്ട് മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരത്തിന് വഴിവച്ചത്. പോളിംഗ് കൂടാൻ കാരണവുമിതാണ്. പാറശ്ശാല, കോവളം, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ ഇടത് മുന്നണി ഒന്നാം സ്ഥാനത്തെത്തുമ്പോൾ കോൺഗ്രസിനാവും രണ്ടാം സ്ഥാനം. കഴക്കൂട്ടത്ത് എൻ.ഡി.എ ആവും രണ്ടാമതെത്തുക. നേമത്ത് ബി.ജെ.പി ചിലപ്പോൾ ഒന്നാമതെത്തിയേക്കും.