vincent

കുഴിത്തുറ: ശുചീന്ദ്രത്ത് ഭാര്യയുടെ മുഖത്ത് ടോർച്ച് ലൈറ്റ് അടിച്ചത് ചോദ്യം ചെയ്‌ത ഭർത്താവിനെ എട്ടുപേർ ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. കന്യാകുമാരി ജില്ലയിൽ മേൽമണ്ണകുടി ലൂർദ്ദ്മാതാ തെരുവ് സ്വദേശി വിൻസെന്റാണ് (35) കൊല്ലപ്പെട്ടത്.

സംഭവത്തിൽ കീഴ്‌മണക്കുടി സ്വദേശി കിതിയോൻ, ഐസ്റ്റിൻ, പാണ്ടിയൻ, ലാഡസ്, അഖിൽ, നിഖിൽ, അന്തോണി, അശ്വിൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. വീട്ടിനുള്ളിൽ ചൂട് കൂടുതലായതിനാൽ വിൻസെന്റും ഭാര്യ തസ്നേവിസ് മേരീസജിനിയും രണ്ടുമക്കളും വീടിനടുത്തുള്ള കുരിശടിയിലാണ് ഉറങ്ങിയത്. രാത്രി 12ന് കിതിയോനും സുഹൃത്തുക്കളും അവിടെയെത്തി തസ്നേവിസ് മേരിസജിനിയുടെ മുഖത്ത് ടോർച്ച് ലൈറ്റ് അടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്‌തതിനെ തുടർന്ന് വിൻസെന്റിനും കിതിയോനും വാക്കുതർക്കത്തിലായി. ഇതിനിടെ കിതിയോനും സൂഹൃത്തുക്കളും വാളുകൊണ്ട് വിൻസെന്റിന്റെ തലയിലും ശരീരത്തും വെട്ടിപ്പരിക്കേല്പിക്കുകയുമായിരുന്നു. സംഭവശേഷം ഇവർ ഓടി രക്ഷപ്പെട്ടു. ഉടൻതന്നെ നാട്ടുകാർ വിൻസെന്റിനെ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ശുചീന്ദ്രം ഇൻസ്‌പെക്ടർ സിദ്ധാർത്ഥ് ശങ്കര റായും സ്ട്രൈക്കിംഗ് ഫോഴ്സ് പൊലീസും പരിശോധന നടത്തി. വിൻസെന്റിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിൻസെന്റിന്റെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി ഭാസ്‌കരന്റെ നേതൃത്വത്തിൽ മൂന്ന് സ്‌പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ചു. പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയെന്ന് പൊലീസ് പറഞ്ഞു.