തിരുവനന്തപുരം : യാത്രക്കാരെ പീഡിപ്പിക്കുകയാണെന്ന പരാതിയിൽ കല്ലട ട്രാൻസ്‌പോർട്ടിംഗ് കമ്പനിയുടെ ഉടമ സുരേഷ് കല്ലട നേരിട്ട് ഹാജരാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. മേയ് 29ന് രാവിലെ പത്തരയ്ക്ക് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ഹാജരാകാനാണ് കമ്മിഷൻ ജുഡിഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിട്ടത്. കല്ലടയ്ക്കെതിരായ ആരോപണങ്ങൾ ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് പ്രത്യേക അന്വേഷണം നടത്തണം. ഡിവൈ.എസ്.പിയെ നിയോഗിക്കാനുള്ള ചുമതല എറണാകുളം ജില്ലാ പൊലീസ് മേധാവിക്കാണ് നൽകിയിരിക്കുന്നത്. കൂടാതെ ഗതാഗത കമ്മിഷണറും അന്വേഷണം നടത്തണം. ഗതാഗത കമ്മിഷണറും എറണാകുളം ജില്ലാ പൊലീസ് മേധാവിയും മൂന്നാഴ്‌ചയ്ക്കകം അന്വേഷണ റിപ്പോർട്ടുകൾ സമർപ്പിക്കണം. സുരേഷ് കല്ലടയും വിശദീകരണം നൽകണം. കോഴിക്കോട് സ്വദേശി ഡോ. നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.