തിരുവനന്തപുരം: അവധിദിനമല്ല, ആഘോഷ ദിവസവും അല്ല. തിരുവനന്തപുരത്തു നിന്നു ബംഗളൂരുവിലേക്ക് പോകണം. കെ.എസ്.ആർ.ടി.സി ബസിൽ തന്നെയാകണമെന്ന് കരുതി സീറ്റ് റിസർവ് ചെയ്യാൻ അന്വേഷിച്ചാൽ ആകെയുള്ള സർവീസുകൾ നാല്. നിരക്ക് എ.സി സ്കാനിയയിലും വോൾവോയിലും 1250 രൂപ. സ്വകാര്യ ബസുകളുടെ സൈറ്റിലേക്ക് പോയാലോ. സീറ്റുകൾ ലഭ്യമായ 20 ബസുകളുടെ നിര. 875 മുതൽ 1450 രൂപ വരെയാണ് നിരക്ക്.
തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ ആൾട്രാ ഡീലക്സ് ബസിനാണ് 875 രൂപ. ഏറ്റവും ഉയർന്ന നിരക്കായ 1450 രൂപ ഒരു സ്വകാര്യ എ.സി ബസിന്റെ സ്ലീപ്പർ ടിക്കറ്റ് നിരക്കാണ്. ട്രെയിനിൽ യാത്ര ചെയ്യുന്നതുപോലെ കിടന്നു യാത്ര ചെയ്യാം. ഉച്ചയ്ക്കുശേഷം രണ്ടര മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്. രാത്രി 10 വരെ ബസുകൾ ലഭ്യമാണ്. കെ.എസ്.ആർ.ടി.സിയിൽ ആദ്യ സർവീസ് ഉച്ചയ്ക്ക് രണ്ടിന്. അവസാന സർവീസ് രാത്രി ഏഴരയ്ക്ക്. ഈ നിരക്കും സമയക്രമവും കണ്ടാൽ യാത്രക്കാരൻ എങ്ങോട്ടു പോകും? ഓൺലൈനിൽ പണം അടച്ച് ഏറ്റവും നേരത്തേ ലഭ്യമാകുന്ന ബസിൽ കയറി ലക്ഷ്യ സ്ഥാനത്തേക്കു വിടും. ബസിന്റെ സമയക്രമത്തിലും സർവീസിന്റെ എണ്ണത്തിലുമുള്ള മേധാവിത്വം യാത്രക്കാരെ അങ്ങോട്ട് ആകർഷിക്കുന്നു. സുരേഷ് കല്ലട പോലുള്ള ചില ഗ്രൂപ്പുകളുടെ ബസിൽ നിന്നാണ് കൂടുതൽ പരാതികൾ ഉന്നയിച്ചു കേട്ടിട്ടുള്ളത്. മറ്റുള്ളവർ വലിയ പരാതികൾക്കിട നൽകാതെ സർവീസ് നടത്തുന്നുമുണ്ട്.
കൊള്ളയടിക്കുന്നത് ഇങ്ങനെ
ഫ്ളക്സി നിരക്കാണ് എല്ലാവരും ഇടാക്കുന്നത്. കെ.എസ്.ആർ.ടി.സിയും ഫ്ലക്സി നിരക്ക് ഈടാക്കാൻ തുടങ്ങിയിട്ടുണ്ട്. ഉത്സവ, അവധി ദിവസങ്ങളിലാണ് സ്വകാര്യബസുകൾ അമിതമായി നിരക്ക് കൂട്ടുന്നത്. എ.സി സെമി സ്ളീപ്പറിന് 3000 മുതൽ 3500 വരെയും സ്ലിപ്പർ സീറ്റുകൾക്ക് നാലായിരം വരെയും നിരക്ക് ഉയരും. കെ.എസ്.ആർ.ടി.സിയിൽ പരമാവധി 15% വർദ്ധന. സ്വകാര്യബസുകളിൽ അവസാനത്തെ ടിക്കറ്റുകൾക്ക് നിരക്ക് കൂടുതലായിരിക്കും. നാളെ രാത്രി 10ന് പുറപ്പെടുന്ന ബസിന് ഇന്ന് രാത്രി 10ന് 1200 രൂപയാണ് ടിക്കറ്റ് നിരക്കെങ്കിൽ നാളെ രാത്രി 9 ആകുമ്പോൾ 1500 കടന്നിരിക്കാം.
പെർമിറ്റ് കിട്ടിയിട്ടും വേണ്ട
പെർമിറ്റ് കിട്ടിയിട്ടും ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് സർവീസ് നടത്താതെ അലംഭാവം കാട്ടുകയാണ് കെ.എസ്.ആർ.ടി.സി. ആ റൂട്ടിൽ ഓടുന്ന സ്വകാര്യബസുകൾ 13. ഹൈദരാബാദിലേക്കും സ്വകാര്യബസ് മാത്രമേ ഉള്ളൂ.
ബുക്ക് ചെയ്യാമെന്നു വച്ചാൽ
കെ.എസ്.ആർ.ടി.സിയിൽ ഓൺലൈൻ വഴി ബുക്ക് ചെയ്യാനായി വെബ് സൈറ്റ് എടുത്താൽ ഒന്നും നടക്കില്ല. ഇന്നലെ തിരുവനന്തപുരത്തു നിന്നു ബംഗളൂരുവിലേക്ക് ബസ് സർവീസിന്റെ വിവരം തിരക്കിയവർക്ക് ഒരു മറുപടിയും കിട്ടിയില്ല. കസ്റ്റമർ സപ്പോർട്ട് എന്നു പറഞ്ഞ് കുറച്ചു ഫോൺ നമ്പർ നൽകിയിട്ടുണ്ട്. വിളിച്ചപ്പോൾ പ്രതികരണമില്ല!
7 എണ്ണം കട്ടപ്പുറത്ത്
ദീർഘദൂര സർവീസിന് കെ.എസ്.ആർ.ടി.സിയുടെ പക്കലുള്ള സ്കാനിയ-17. ഇതിൽ 7 എണ്ണവും കട്ടപ്പുറത്ത്. 10 വാടക സ്കാനിയകളും സ്വന്തമായി ഉള്ള ഏഴ് സ്കാനിയയുമാണ് ബംഗളൂരുവിലേക്ക് ഉൾപ്പെടെ ഓടിയിരുന്നത്. വാടക സ്കാനിയകളിൽ രണ്ടെണ്ണവും സ്വന്തം സ്കാനിയകൾ അഞ്ചെണ്ണവുമാണ് കട്ടപ്പുറത്തായത്.