തിരുവനന്തപുരം: പതിമൂന്ന് മുതൽ 17, 19 സീറ്റിൽ വരെ ജയിക്കുമെന്ന് യു.ഡി.എഫ്. ഒമ്പത് മുതൽ 14, 16 സീറ്റ് വരെ നേടുമെന്ന് എൽ.ഡി.എഫ്. ഒന്ന് മുതൽ നാല് വരെ സീറ്റ് നേടുമെന്ന് എൻ.ഡി.എ.
കുതിച്ചുയർന്ന വോട്ടെടുപ്പിന്റെ പിറ്റേന്ന് നടത്തിയ കൂട്ടിക്കിഴിക്കലിൽ മൂന്ന് മുന്നണികളും വലിയ ആത്മവിശ്വാസത്തിലാണ്. 1989ന് ശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇത്രയേറെ വാശി പ്രകടമായ വോട്ടെടുപ്പിൽ ആരുടെ കണക്കുകൂട്ടലുകളാവും അട്ടിമറിക്കപ്പെടുകയെന്നത് വലിയ ചോദ്യമാണ്.
രാഹുലിന്റെ സ്ഥാനാർത്ഥിത്വം വയനാട്ടിൽ സൃഷ്‌ടിച്ച റെക്കോർഡ് പോളിംഗും സ്ത്രീവോട്ടർമാരുടെ വർദ്ധിച്ച പങ്കാളിത്തവുമാണ് യു. ഡി. എഫിന് പ്രതീക്ഷ നൽകുന്നത്. മോദിവിരുദ്ധ തരംഗം എന്ന സാദ്ധ്യതയും ശബരിമല, അക്രമരാഷ്ട്രീയം തുടങ്ങിയവയിൽ അനുകൂല തരംഗവും പ്രതീക്ഷിക്കുന്നു
ഇക്കുറി പുരുഷന്മാരേക്കാൾ 2.32ശതമാനം അധികമാണ് സ്ത്രീ വോട്ടർമാരുടെ പങ്കാളിത്തം. വടകരയിലാണ് ഏറ്റവുമധികം - അവിടെ മൊത്തം സ്‌ത്രീ വോട്ടർമാരിൽ 74.2ശതമാനവും വോട്ട് ചെയ്‌തു.
ബി.ജെ.പി ശബരിമല ഇഫക്ട് പ്രതീക്ഷിക്കുന്ന പത്തനംതിട്ടയിൽ സ്ത്രീ പങ്കാളിത്തം 74.18ശതമാനമാണ്. അതേ ഇഫക്ട് പ്രതീക്ഷിക്കുന്ന തിരുവനന്തപുരത്ത് സ്ത്രീ പങ്കാളിത്തം 22.7ശതമാനമേയുള്ളൂ എന്നത് ബി. ജെ. പിക്ക് അത്ര സന്തോഷകരമല്ല. പുരുഷ വോട്ടർമാരേക്കാൾ സ്ത്രീ വോട്ടർമാരുടെ എണ്ണം കുറഞ്ഞ മറ്റിടങ്ങൾ കോട്ടയവും ഇടുക്കിയുമാണ്. യഥാക്രമം 73.3ഉം 74.61ഉം ശതമാനം.
സ്ത്രീവോട്ടർമാർ കൂടിയത് ശബരിമല തരംഗമോ അതോ നവോത്ഥാനമതിൽ സൃഷ്ടിച്ച സ്ത്രീശാക്തീകരണ തരംഗമോ എന്ന ചോദ്യത്തിന് രാഷ്ട്രീയപ്രാധാന്യമേറെയാണ്.
സ്ത്രീവോട്ടർമാരുടെ വർദ്ധന പത്തനംതിട്ടയിൽ കെ. സുരേന്ദ്രന് അനുകൂലമാണെന്ന് ബി.ജെ.പി വിലയിരുത്തുന്നു. അതൊരു തരംഗമായി അട്ടിമറിഫലത്തിലേക്ക് നയിക്കുമെന്നാണ് അവരുടെ സ്വപ്നം. എന്നാൽ പത്തനംതിട്ടയിലെ തങ്ങളുടെ വനിതാസ്ഥാനാർത്ഥിക്ക് അനുകൂലമായ സ്ത്രീവോട്ടർമാരുടെ വികാരമായിക്കൂടേ എന്നാണ് ഇടതുപക്ഷത്തിന്റെ ചോദ്യം. ശബരിമല വിഷയത്തിൽ ബി.ജെ.പിയും കോൺഗ്രസും ഒരേ നിലപാടിലായതിനാൽ ഒരു കക്ഷിക്ക് മാത്രമായി അനുകൂലമാകില്ലെന്ന കണക്കുകൂട്ടലുമുണ്ട്.
വോട്ടെടുപ്പിലെ പ്രകടമായ ന്യൂനപക്ഷ കേന്ദ്രീകരണമാണ് അനുകൂലതരംഗമായി യു.ഡി.എഫ് കാണുന്നത്. രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വവും അതിനെതിരെ വർഗീയസൂചനകളോടെ ബി.ജെ.പി അഴിച്ചുവിട്ട പ്രചാരണങ്ങളുമെല്ലാം ന്യൂനപക്ഷവികാരം തങ്ങൾക്ക് അനുകൂലമാക്കിയെന്നാണവരുടെ കണക്കുകൂട്ടൽ. ചോർന്നുപോയ ന്യൂനപക്ഷവോട്ട്ബാങ്ക് തിരിച്ചെത്തുമെന്നവർ കരുതുന്നു.
പാലക്കാട്, ആലത്തൂർ, കാസർകോട്, ആറ്റിങ്ങൽ മണ്ഡലങ്ങളിലാണ് മത്സരം കടുക്കുമെന്ന് അവർ കരുതുന്നത്. പാലക്കാട്ടൊഴികെ പ്രതീക്ഷ ഇല്ലാതെയുമില്ല. വരും ദിവസങ്ങളിൽ രാഷ്ട്രീയകാര്യസമിതി വിപുലമായ കണക്കെടുപ്പ് നടത്തും.
ന്യൂനപക്ഷകേന്ദ്രീകരണം സമ്മതിക്കുന്നെങ്കിലും യു.ഡി.എഫിന് മാത്രമായി അനുകൂലമാകില്ലെന്നാണ് ഇടത് പ്രതീക്ഷ. സർക്കാരിന്റെ നേട്ടങ്ങൾ, ഉറച്ച രാഷ്ട്രീയവോട്ടുകൾ, ചിട്ടയായ പ്രചാരണം നൽകിയ മേൽക്കൈ എന്നിവയിലാണ് അവരുടെ പ്രതീക്ഷകൾ. നാളെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് സ്ഥിതി വിലയിരുത്തും.
പത്തനംതിട്ടയിൽ സ്ത്രീവോട്ടർമാരുടെ നീണ്ടനിരയും തിരുവനന്തപുരത്തെ കാടിളക്കിയുള്ള പ്രചരണം സൃഷ്ടിച്ച ഓളവുമാണ് എൻ.ഡി.എക്ക് പ്രതീക്ഷ നൽകുന്നത്. സ്ത്രീവോട്ടർമാരുടെ ആവേശം തൃശൂരിലും പ്രതീക്ഷയുണർത്തുന്നു.
പോളിംഗ് ശതമാനം ഉയർന്നത് ഒരു മുന്നണിക്ക് മാത്രം അനുകൂലമായ തരംഗമായി പ്രവചിക്കാനാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. 77.35ശതമാനം പോളിംഗുണ്ടായ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടത് മേൽക്കൈയും അവരോർമ്മിപ്പിക്കുന്നു.