തിരുവനന്തപുരം: പരാതി തെളിയിക്കാത്തതിനെ തുടർന്ന് വോട്ടെടുപ്പിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയ വോട്ടർക്കെതിരെ കേസെടുക്കുന്നതിനോട് യോജിപ്പില്ലെന്ന് സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. കേസെടുക്കുന്നത് പാർലമെന്റ് പാസാക്കിയ ചട്ടമാണ്. മാറ്റംവേണമെങ്കിൽ ജനപ്രതിനിധികൾ തീരുമാനിക്കണം. മോശം കാലാവസ്ഥയും സാങ്കേതിക തകരാറും മൂലമാണ് പ്രശ്‌നങ്ങളുണ്ടാകുന്നത്. കോവളം ചൊവ്വര ബൂത്തിലെ പ്രശ്നം ബട്ടൺ അമർന്നത് കൊണ്ടായിരുന്നു. എന്നാലത് തെറ്റായ രീതിയിൽ പ്രചരിപ്പിക്കപ്പെട്ടു.

രാവിലെ തന്നെ വോട്ടിംഗ് യന്ത്രത്തിലെ തകരാറിനെ കുറിച്ച് തെറ്റായ വാർത്ത പ്രചരിക്കുന്നത് വോട്ടെടുപ്പിനെ ബാധിക്കും. മനഃപൂർവം ഇത്തരത്തിൽ വാർത്ത സൃഷ്ടിക്കുന്ന പ്രവണത തടയാനാണ് വ്യാജപരാതി ഉന്നയിക്കുന്നവർക്കെതിരെ കേസെടുക്കാൻ സുപ്രീംകോടതി പോലും സമ്മതിച്ചത്. രാഷ്ട്രീയ നേതാക്കൾ ഇതിനെ വിമർശിക്കുന്നതിൽ അർത്ഥമില്ല. യന്ത്രങ്ങളുടെ തകരാർ മൂലം വോട്ടെടുപ്പ് പലയിടത്തും മണിക്കൂറുകൾ വൈകി. കേരളത്തിൽ ചൊവ്വാഴ്ച രാത്രി 11നാണ് വോട്ടെടുപ്പ് പൂർത്തിയായത്. താനുൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് ടീം വീട്ടിലേക്ക് മടങ്ങിയത് ബുധനാഴ്ച രാവിലെ അഞ്ചിനാണ്. ഇൗ അദ്ധ്വാനത്തിന്റെ ഫലമാണ് ഉയർന്ന പോളിംഗ്.

സംസ്ഥാനത്ത് 38003 ബാലറ്റ് യൂണിറ്റിൽ 397 എണ്ണവും 32579 കൺട്രോൾ യൂണിറ്റിൽ 338 എണ്ണവും 35665 വിവിപാറ്റിൽ 840 എണ്ണവും കേടായി. എന്നാലിത് ദേശീയ ശരാശരിയെക്കാൾ ഏറെ താഴെയാണെന്നും മീണ പറഞ്ഞു.