തിരുവനന്തപുരം: അന്തർസംസ്ഥാന സ്വകാര്യബസുകാർക്കെതിരെ മോട്ടോർവാഹനവകുപ്പ് നടപടി കർശനമാക്കി. സംസ്ഥാനവ്യാപകമായി 100 ബസുകൾ പരിശോധിച്ചതിൽ 28 എണ്ണത്തിൽ വിവിധതരത്തിലുള്ള ക്രമക്കേടുകൾ കണ്ടെത്തി. ഈ ഇനത്തിൽ 40,000 രൂപ പിഴ ഈടാക്കി. 39 ബുക്കിംഗ് ഓഫീസുകൾക്ക് ലൈസൻസ് ഹാജരാക്കാൻ നോട്ടീസ് നൽകി. ഏഴുദിവസത്തിനുള്ളിൽ ലൈസൻസ് എത്തിച്ചില്ലെങ്കിൽ ഓഫീസ് അടയ്ക്കണം.
തിരുവനന്തപുരം തമ്പാനൂരിൽ സുരേഷ് കല്ലട ട്രാവൽസിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്നത് ലൈസൻസ് ഇല്ലാതെയാണ്. ഓഫീസ് അടയ്ക്കാൻ നിർദ്ദേശം നൽകി. അവിടെ ഒരു സ്വകാര്യ ഏജൻസിക്കു മാത്രമാണ് അംഗീകൃത ബുക്കിംഗ് ഏജൻസിക്കുള്ള എൽ.എ.പി.ടി ലൈസൻസുള്ളത്. ഇവരുടെ ലൈസൻസിൽപെട്ട 20 ബസുകളിൽ മാമ്രേ യാത്രക്കാരെ കൊണ്ടുപോകാൻ പാടുള്ളൂ. 2021 വരെ ഈ സ്ഥാപനത്തിന് പ്രവർത്തനാനുമതിയുണ്ട്.
ഇന്ന് ഉന്നതതല യോഗം
അന്തർസംസ്ഥാന ബസുകൾ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉന്നതല യോഗം ഇന്ന് മന്ത്രി എ.കെ. ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേരും. എൽ.എ.പി.ടി ലൈസൻസ് വ്യവസ്ഥകൾ കർശനമാക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചു. നിലവിലുള്ള വ്യവസ്ഥകൾ കാലഹരണപ്പെട്ടതാണ്. യാത്രക്കാർക്ക് പ്രാഥമികസൗകര്യങ്ങൾ ഒരുക്കണമെന്നത് അടക്കമുള്ള വ്യവസ്ഥകളില്ല. ഇതിൽ മാറ്റംവരുത്തും. ഏറെക്കാലമായി പുതിയ അപേക്ഷകൾ എത്തിയിരുന്നില്ല. ഒരു ബസിന് 250 രൂപയാണ് ഒരുവർഷത്തെ ഫീസ്. 400 രൂപ അടച്ചാൽ നാലുവർഷത്തെ പ്രവർത്തനാനുമതി ലഭിക്കും. ആർ.ടി.ഒയ്ക്ക് ലഭിക്കുന്ന അപേക്ഷകൾ ശുപാർശയ്‌ക്കൊപ്പം ജില്ലാ കളക്ടർ അദ്ധ്യക്ഷനായ റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിട്ടിക്ക് സമർപ്പിക്കും. ഈ സമിതിയാണ് അന്തിമ അനുമതി നൽകേണ്ടത്.