തിരുവനന്തപുരം : വലിയതുറ, ചെറിയതുറ ഭാഗങ്ങളിൽ ഇന്നലെയുണ്ടായ വ്യാപക കടൽ ക്ഷോഭത്തിൽ ഒരു വീട് ഭാഗികമായി തകരുകയും തൊണ്ണൂറോളം വീടുകളിൽ വെള്ളം കയറുകയും ചെയ്തു. വൈകിട്ടോടെയാണ് രൂക്ഷമായ കടലാക്രമണമുണ്ടായത്. കുഴിവിളാകം മേഖലയിലെ മത്സ്യത്തൊഴിലാളി ഔസേപ്പിന്റെ ഷീറ്റിട്ട വീടിന്റെ ഒരു ഭാഗം തകരുകയും മതിൽ ഇടിഞ്ഞു വീഴുകയും ചെയ്തു. സമീപത്തെ തൊണ്ണൂറോളം വീടുകളിലാണ് വെള്ളം കയറിയത്. ചെറിയതുറ, വലിയതുറ, കുഴിവിളാകം, കൊച്ചുതോപ്പ്, വലിയതോപ്പ്, ശംഖുംമുഖം മേഖലകളിലാണ് വ്യാപകമായ കടലാക്രമണം ഉണ്ടായത്. വലിയതുറ സെന്റ് ആന്റണീസ് ഫുട്‌ബാൾ ഗ്രൗണ്ടിന്റെ അറുപത് ശതമാനത്തോളം കടലെടുത്തു. സമീപത്തെ നാലാം വരിയിലുള്ള സിംസൺ എന്നയാളിന്റെ ഇരുനില വീടിന്റെ അടിസ്ഥാനത്തിലെ മണ്ണ് തിരമാലയിൽ ഇളകിപ്പോയി. ഏതുനിമിഷവും വീട് തകർന്നുവീഴാവുന്ന നിലയിലാണ്. ഈ വീട്ടിലുള്ളവരെ ബന്ധുക്കളുടെ വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. മുന്നറിയിപ്പ് വകവയ്ക്കാതെ കടലിൽപോയ വള്ളങ്ങൾ ഉൾക്കടലിൽ ശക്തമായ കാറ്റ് രൂപപ്പെട്ടതിനാൽ മടങ്ങിയെത്തി. രാത്രിയോടെ അൻപതോളം വള്ളങ്ങളാണ് തിരിച്ചെത്തിയത്. കഴിഞ്ഞ കടലാക്രമണത്തിൽ തകർന്ന നൂറ്റിതൊണ്ണൂറ്റി രണ്ടോളം വരുന്ന ഒന്നാം വരി, രണ്ടാം വരി വീടുകളുടെ തകർന്നുകിടക്കുന്ന ഭിത്തിയിലും അവശിഷ്ടങ്ങളിലും തിരമാലകൾ തട്ടിനിൽക്കുന്നത് കടൽക്ഷോഭത്തിന്റെ തീവ്രത കുറയാൻ കാരണമായി. കടലാക്രമണം ഉണ്ടാകുകയും ഒരു വീട് ഭാഗികമായി തകരുകയും ചെയ്ത വിവരം അറിഞ്ഞിട്ടും റവന്യൂ ഉദ്യോഗസ്ഥർ യഥാസമയം എത്തിയില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. തകർന്ന വീട്ടിലുള്ളവരെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥരാണ് കൃത്യമായി എത്താത്തതെന്ന് കമ്പവല മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടോണി ഒളിവർ പറഞ്ഞു. നാട്ടുകാർ ഇടപെട്ടാണ് തകർച്ചയിലായ വീട്ടിലുള്ളവരെ ബന്ധുക്കളുടെ വീടുകളിലേക്ക് മാറ്റിയത്. പൂന്തുറ മേഖലയിൽ പുലിമുട്ട് ഇട്ടതോടെയാണ് തിരമാലകൾ ശക്തമായി ഈ മേഖലയിലേക്ക് എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇവിടെ കടൽഭിത്തി പണിയുന്നതിനായി 76 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ടെൻഡർ ചെയ്‌തെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. കടലാക്രമണമുണ്ടായ പ്രദേശങ്ങൾ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ സന്ദർശിച്ചു.
പത്ത് കുടുംബങ്ങളെ വലിയതുറ സ്കൂളിലും മൂന്ന് കുടുംബങ്ങളെ ബഡ്സ് സ്കൂളിലുമായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇവർക്കാവശ്യമായ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
ജോൺ സാമുവൽ
ഡെപ്യൂട്ടി കളക്ടർ