supreme-court-

ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെയുള്ള ലൈംഗികാരോപണത്തിന് പിന്നിലെ വൻ ശക്തികളുടെ വേരുകൾ കണ്ടെത്തുംവരെ അന്വേഷണം നടത്താൻ സുപ്രീംകോടതി തീരുമാനിച്ചു. ഗൂഢാലോചന നടത്തിയത് അസംതൃപ്തരായ ജീവനക്കാരാണോ കോർപറേറ്റുകളാണോ ഇടനിലക്കാരാണോ എന്ന് കണ്ടെത്തും വരെ അന്വേഷിക്കുമെന്ന് കോടതി വ്യക്തമാക്കി. കേസ് ഇന്ന് വീണ്ടും പരിഗണിക്കും.

'ഞങ്ങൾ അന്വേഷിക്കും. അന്വേഷിക്കും, അന്വേഷിക്കും, സത്യം കണ്ടെത്തും വരെ, ഗൂഢാലോചനയുടെ അടിവേര് തോണ്ടുംവരെ."- ഗൂഢാലോചനാ വിഷയം പരിഗണിക്കുന്ന ബെഞ്ചിന്റെ അദ്ധ്യക്ഷൻ ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.

അതേസമയം ആരോപണമുന്നയിച്ച മുൻ ജൂനിയർ കോർട്ട് അസിസ്റ്റന്റായ യുവതിയോട് വെള്ളിയാഴ്ച ഹാജരാകാൻ അവരുടെ പരാതിയെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, എൻ.വി. രമണ, ഇന്ദിര ബാനർജി എന്നിവരുൾപ്പെട്ട സമിതി ഉത്തരവിട്ടു. പരാതിക്കാരിയിൽ നിന്ന് ജഡ്‌ജിമാർ നേരിട്ട് ചേംബറിൽ വിശദീകരണം തേടും.

അതേസമയം, ചീഫ് ജസ്റ്റിസിനെ കുരുക്കാൻ വൻശക്തികൾ കളിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയ അഭിഭാഷകൻ ഉത്സവ് സിംഗ് ബെയിൻസിൽ നിന്ന് സത്യവാങ്‌മൂലവും തെളിവുകളും മുദ്രവച്ച കവറിൽ ജസ്റ്റിസുമാരായ അരുൺ മിശ്ര, ആർ.എഫ്. നരിമാൻ, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് സ്വീകരിച്ചു. ആരോപണം ഉന്നയിക്കാൻ ഇടനിലക്കാരൻ വഴി തനിക്ക് ഒന്നര കോടി രൂപ വാഗ്‌‌ദാനം നൽകിയിരുന്നതായി അഭിഭാഷകൻ ഫേസ് ബുക്കിൽ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ നിർണായക തെളിവുകൾ തന്റെ പക്കലുണ്ടെന്ന് ഇന്നലെ കോടതിയിൽ ഹാജരായിരുന്ന അഭിഭാഷകൻ ആവർത്തിച്ചു.

'അസംതൃപ്തരായ ജീവനക്കാർ ഉരുണ്ട് കൂടിയിട്ടുണ്ട്. ഗൂഢാലോചന എന്ന ആരോപണം അതീവ ഗുരുതരമായ ഉത്കണ്ഠയ്ക്ക് ഇടയാക്കുന്നു. ഒരു ഇടനിലക്കാരന്റെ പേര് അഭിഭാഷകൻ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അങ്ങേയറ്റം വരെ ഞങ്ങൾ പോകും"- ബെഞ്ച് ആവർത്തിച്ചു.

അന്വേഷണ‌ തലവന്മാരെ

വിളിച്ചുവരുത്തി

ഇന്നലെ ഉച്ചയോടെ സി.ബി.ഐ ഡയറക്ടർ, ഇന്റലിജൻസ് മേധാവി, ഡൽഹി പൊലീസ് കമ്മിഷണർ എന്നിവരെ വിളിച്ചുവരുത്തി കോടതി ചേംബറിൽ രഹസ്യമായി ആശയവിനിമയം നടത്തി. അതിന്റെ വിശദീകരണമായി, ഇതൊരു അന്വേഷണത്തിനും അപ്പുറമാണ്. തെളിവുകൾ നശിപ്പിക്കപ്പെടാൻ അനുവദിക്കില്ലെന്ന് ജസ്റ്റിസ് മിശ്ര പിന്നീട് കോടതിയിൽ പറഞ്ഞു.

പരാതിയുമായി 259 വനിതകൾ

ചീഫ്ജസ്റ്റിസിനെതിരായ ആരോപണം തൊഴിൽ സ്ഥലങ്ങളിൽ സ്‌ത്രീകൾക്കെതിരായ ലൈംഗിക പീഡനങ്ങൾ തടയാനുള്ള നിയമപ്രകാരം അന്വേഷിക്കണം എന്നും അതിൽ തീർപ്പാകുന്നതുവരെ രഞ്ജൻ ഗൊഗോയ് ചുമതലകളിൽ നിന്ന് മാറി നിൽക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകരും അദ്ധ്യാപകരും പൊതുപ്രവർത്തകരുമായ 259 വനിതകൾ ഒപ്പിട്ട കത്ത് സുപ്രീംകോടതിയിലെ ജഡ്ജിമാർക്ക് നൽകി. പ്രമുഖ വ്യക്തികൾ അടങ്ങിയ സ്വതന്ത്ര സമിതി 90 ദിവസത്തിനുള്ളിൽ അന്വേഷിച്ച് തീർപ്പാക്കണം. ലൈംഗികാരോപണം പരിശോധിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ചതിനെയും അതിൽ ആരോപണ വിധേയനായ ചീഫ് ജസ്റ്റിസ് അംഗമായതിനെയും അവർ വിമർശിച്ചു. കത്തിൽ ഒപ്പിട്ടവരിൽ മലയാളി വനിതകളും ഉൾപ്പെടുന്നു.