മലയാളി താരം പി.യു. ചിത്രയ്ക്ക് ദോഹ ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം
ദ്യുതി ചന്ദിനും സഞ്ജീവനി യാദവിനും വെങ്കലം
ദോഹ : മലയാളിതാരം പി.യു. ചിത്രയുടെ വിസ്മയക്കുതിപ്പിന് സാക്ഷ്യം വഹിച്ച് ദോഹയിൽ ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് കൊടിയിറങ്ങി.
വൻകരയുടെ കായികവേദിയിൽ ഇന്ത്യയ്ക്ക് അഭിമാനമായി ഇന്നലെ വനിതകളുടെ 1500 മീറ്ററിലാണ് പാലക്കാട് മുണ്ടൂരുകാരിയായ പി.യു. ചിത്ര പൊന്നണിഞ്ഞത്. തുടർച്ചയായ രണ്ടാം ഏഷ്യൻ ചാമ്പ്യൻഷിപ്പിലാണ് ചിത്ര 1500 മീറ്ററിൽ സ്വർണം നേടുന്നത്. ഇന്നലെ 4 മിനിട്ട് 14.56 സെക്കൻഡിലാണ് ചിത്ര ഫിനിഷ് ചെയ്തത്. ഇതോടെ ദോഹയിൽത്തന്നെ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിനും ചിത്ര യോഗ്യത നേടി.
ചിത്രയുടേത് ഉൾപ്പടെ മൂന്ന് സ്വർണവും ഏഴ് വെള്ളിയും ഏഴ് വെങ്കലവും അടക്കം 17 മെഡലുകളാണ് ഇന്ത്യ ദോഹയിൽ നേടിയത്. മെഡൽപ്പട്ടികയിൽ ബഹ്റൈനും ചൈനയ്ക്കും ജപ്പാനും പിന്നിൽ നാലാമതാണ് ഇന്ത്യ.
ഇന്നലെ ബഹ്റിന്റെ ടിഗെസ്റ്റ് ഗാഷ്വാ (4 മിനിട്ട് 14.81 സെക്കൻഡ്). വിൻഫ്രഡ് യാവി (4 മിനിട്ട് 16.18 സെക്കൻഡ്) എന്നിവരുടെ വെല്ലുവിളി മറികടന്നാണ് ചിത്ര ഒന്നാമതെത്തിയത്. കഴിഞ്ഞജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ചിത്ര വെങ്കലം നേടിയിരുന്നു.
ഇന്നലെ നടന്ന വനിതകളുടെ 200 മീറ്ററിൽ ഇന്ത്യൻ താരം ദ്യുതി ചന്ദ് വെങ്കലം നേടി. 100 മീറ്ററിൽ ആദ്യറൗണ്ടിലും സെമിയിലും റെക്കാഡുകൾ തിരുത്തിയെഴുതിയ ദ്യദതി ഫൈനലിൽ അഞ്ചാമതായിരുന്നു. 200 മീറ്ററിൽ 23. 24 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ദ്യുതിയുടെ മെഡൽ നേട്ടം. ദ്യുതിയുടെ മികച്ച സമയമാണിത്.
പുരുഷന്മാരുടെ 1500 മീറ്ററിൽ ഇന്ത്യൻ താരം അജയ്കുമാർ സരോജിന് വെള്ളി ലഭിച്ചു. വനിതാ വിഭാഗം 4-400 മീറ്റർ റിലേയിൽ ഇന്ത്യയ്ക്ക് വെള്ളി ലഭിച്ചു. പ്രാചി, പൂവമ്മ,സരിതാബെൻ, മലയാളി താരം വിസ്മയ വി.കെ എന്നിവരടങ്ങിയ ടീമാണ് ബഹ്റൈന് പിന്നിൽ രണ്ടാമതായത്. പുരുഷ 4-400 മീറ്റർ റിലേയിൽ ഇന്ത്യൻ ടീം രണ്ടാമെത്തിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ അയോഗ്യരാക്കപ്പെട്ടു.
കഴിഞ്ഞ രാത്രി നടന്ന വനിതകളുടെ 10000 മീറ്ററിൽ സഞ്ജീവനിയാദവ് വെങ്കലം നേടിയിരുന്നു.
പാലക്കാട് മുണ്ടൂരിലെ കൂലിപ്പണിക്കാരായ പാലക്കീഴ് ഉണ്ണിക്കൃഷ്ണന്റെയും വസന്തകുമാരിയുടെയും മകൾ.
മുണ്ടൂർ സ്കൂളിലെ കായികാദ്ധ്യാപകൻ സിജിന്റെ പരിശീലനത്തിന് കീഴിൽ ദീർഘദൂര ഒാട്ടമത്സരങ്ങളിലേക്കെത്തി.
സ്പൈക്ക് അണിയാത്ത കുഞ്ഞിക്കാലുകളുമായി സംസ്ഥാന - ദേശീയ സ്കൂൾ മീറ്റുകളിൽ റെക്കാഡുകൾ തകർത്തെറിഞ്ഞ് ചിത്രയുടെ പ്രയാണം.
അഖിലേഷ് യാദവ് യു.പി മുഖ്യമന്ത്രിയായിരുന്ന സമയത്ത് അവിടെ നടന്ന ദേശീയ സ്കൂൾ മീറ്റിലെ മികച്ച പ്രകടനത്തിന് ടാറ്റാ നാനോ കാർ സമ്മാനമായി വാങ്ങിയിട്ടുണ്ട് ചിത്ര.
ജൂനിയർ മീറ്റുകളിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ച് ദേശീയ ക്യാമ്പിലേക്ക്. അവിടെ 1500 മീറ്ററിലേക്ക് തിരിയുന്നു.
2016ൽ ഗോഹട്ടിയിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ സ്വർണം. പിറ്റേവർഷം ഏഷ്യൻ ഇൻഡോർ സ്വർണം.
2017ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സർവ്വരെയും വിസ്മയിപ്പിച്ച് പിന്നിൽനിന്ന് ഒാടിക്കയറി സ്വർണം നേടിയിട്ടും ചിത്രയ്ക്ക് ലണ്ടനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള അവസരം നിഷേധിച്ചത് വലിയ വിവാദമായി.
ഇന്ത്യൻ ക്യാമ്പ് പല ദുരനുഭവങ്ങളും നൽകിയെങ്കിലും പതറാതെ പിടിച്ചുനിന്ന ചിത്ര കഴിഞ്ഞ വർഷം ഇന്തോനേഷ്യയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടി.
ജക്കാർത്തയിൽ തന്നെ പിന്നിലാക്കി വെള്ളി നേടിയിരുന്ന ബഹ്റൈനി താരംഗാഷ്വായെയാണ് ചിത്ര ഇന്നലെ കീഴടക്കിയത്.
ഇൗ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നിലനിറുത്തിയ ഏക ഇന്ത്യൻ താരമാണ് ചിത്ര.
വീണ്ടും ഏഷ്യൻ മീറ്റിൽ സ്വർണം നേടാനായതിൽ അതിയായ സന്തോഷമുണ്ട്. പ്രതീക്ഷിച്ച സമയം കണ്ടെത്താനായില്ല. ഒാടാനിറങ്ങുമ്പോൾ അൽപ്പം ടെൻഷനുണ്ടായിരുന്നു. ഇന്തോനേഷ്യയിൽ എന്നെ തോൽപ്പിച്ച ഗാഷ്വാ ഇവിടെയും ഉണ്ടായിരുന്നതാണ് പേടിക്കാൻ കാരണം. എന്നാൽ ഫിനിഷിംഗ് ലൈൻ വരെ തളരാതിരുന്നു.
പി.യു ചിത്ര
ഇക്കുറിയെങ്കിലും ചിത്രയെ ലോക ചാമ്പ്യൻഷിപ്പിന് വിടുമോ?
2017 ൽ ഭുവനേശ്വറിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ചിത്ര സ്വർണം നേടിയിരുന്നു. എന്നാൽ ചിത്രയെ ലണ്ടനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അനുവദിക്കാതിരു അത്‌ലറ്റിക് ഫെഡറേഷന്റെ നടപടി വിവാദം സൃഷ്ടിച്ചിരുന്നു. ചിത്രയെ ലണ്ടനിലേക്ക് അയയ്ക്കാൻ കേരള ഹൈക്കോടതി വിധിച്ചെങ്കിലും സമയം കഴിഞ്ഞുപോയെന്ന് പറഞ്ഞ് ഫെഡറേഷൻ അന്നത് തള്ളിക്കളയുകയായിരുന്നു. അതിനുള്ള മറുപടിയെന്നോണമാണ് ചിത്ര വീണ്ടും ഏഷ്യൻ സ്വർണം നേടി ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത സ്വന്തമാക്കിയത്.