ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ് 17 റൺസിന് പഞ്ചാബ് കിംഗ്സ് ഇലവനെ തോൽപ്പിച്ചു
ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ് 202/4
പഞ്ചാബ് കിംഗ്സ് ഇലവൻ 185/7
എ.ബി.ഡിവില്ലിയേഴ്സ് 82 നോട്ടൗട്ട്
ബംഗളുരു : .ഐ.പി.എല്ലിൽ ഇന്നലെ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ പഞ്ചാബ് കിംഗ്സ് ഇലവന് 17 റൺസ് തോൽവി. ഇതോടെ പഞ്ചാബിന്റെ പ്ളേ ഒാഫ് സ്വപ്നങ്ങൾക്ക് മേൽ സമ്മർദ്ദമേറി.
ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നേടിയ പഞ്ചാബ് ക്യാപ്ടൻ രവിചന്ദ്രൻ അശ്വിൻ ബാംഗ്ളൂരിനെ ബാറ്റിംഗിനിറക്കുകയായിരുന്നു. അവർ നിശ്ചിത 20 ഒാവറിൽ 202/4 എന്ന സ്കോർ ഉയർത്തിയപ്പോൾ പഞ്ചാബിന്റെ മറുപടി 185/7ലൊതുങ്ങി. സീസണിലെ നാലാംജയം നേടിയ ബാംഗ്ളൂർ പോയിന്റ് പട്ടികയിൽ ഏഴാമതേക്ക് ഉയർന്നു.പഞ്ചാബ് ആറാം തോൽവി വഴങ്ങി ആറാം സ്ഥാനത്താണ്.
44 പന്തുകളിൽ മൂന്ന് ഫോറും ഏഴ് സിക്സുമടക്കം 82 റൺസുമായി പുറത്താകാതെ മിന്നിയ എ.ബി. ഡിവില്ലിയേഴ്സിന്റെ ബാറ്റിംഗാണ് ബാംഗ്ളൂരിന് മികച്ച സ്കോർ നൽകിയത്. പാർത്ഥിവ് പട്ടേൽ (43), സ്റ്റോയ്‌നിസ് (46 നോട്ടൗട്ട്) എന്നിവർ ടീമിനെ 200 കടത്തുന്നതിൽ നിർണായകമായി.
പാർത്ഥിവ് പട്ടേലിനൊപ്പം (43) ഒാപ്പണറായി ഇറങ്ങിയ നായകൻ വിരാട് (13) വിരാട് കൊഹ്‌ലി (13) നാലാം ഒാവറിൽത്തന്നെ കൂടാരം കയറിയെങ്കിലും രണ്ടാം വിക്കറ്റിൽ പാർത്ഥിവിന് പിന്തുണയേകിയ എ.ബി ഡിവില്ലിയേഴ്സ് (45 നോട്ടൗട്ട്) മികച്ച ഇന്നിംഗ്സിന് അടിത്തറയിട്ടു.
നാലാം ഒാവറിൽ കൊഹ്‌ലിയെ മൻയാദവ് സിംഗിന്റെ കൈയിലെത്തിച്ച് ഷമിയാണ് പഞ്ചാബിന് ആദ്യബ്രേക്ക് ത്രൂ നൽകിയത്. ഏഴാം ഒാവറിൽ മുരുഗൻ അശ്വിൻ പാർത്ഥിവിനെ ക്യാപ്ടൻ രവിചന്ദ്രൻ അശ്വിന്റെ കൈയിലെത്തിച്ചു. 24 പന്തുകൾ നേരിട്ട പാർത്ഥിവ് രണ്ട് സിക്സുകളും ഏഴ് ബൗണ്ടറികളും പറത്തിയിരുന്നു.
തുടർന്ന് മൊയീൻ അലി (4), അക്ഷർ ദീപ്‌നാഥ് (3) എന്നിവരുടെ വിക്കറ്റുകൾ പെട്ടെന്ന് നഷ്ടമായത് ബാംഗ്ളൂരിന് വലിയ തിരിച്ചടിയായി. ഇതോടെ അവർ ഒൻപത് ഒാവറിൽ 81/4 എന്ന നിലയിലായി. മൊയീൻ അലിയെ രവിചന്ദ്രൻ അശ്വിൻ ക്ളീൻ ബൗൾഡാക്കിയപ്പോൾ അക്ഷർദീപ് വിലോയന്റെ പന്തിൽ മൻദീപിന് ക്യാച്ച് നൽകുകയായിരുന്നു. തുടർന്ന് സ്റ്റോയ്‌നിസിനൊപ്പം ഡിവില്ലിയേഴ്സ് പതിയെ സ്കോറുയർത്തി.
മറുപടിക്കിറങ്ങിയ പഞ്ചാബിന് വേണ്ടി കെ.എൽ രാഹുൽ(42) , ഗെയ്ൽ(23), മായാങ്ക് അഗർവാൾ(35),മില്ലർ(24), പുരാൻ (46) എന്നിവർ പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല.