തിരുവനന്തപുരം: കേരളത്തിൽ വോട്ടെടുപ്പ് കഴിഞ്ഞതോടെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ പദവിയിൽ നിന്ന് പി.എസ്. ശ്രിധരൻ പിള്ളയെ മാറ്റുമെന്ന അഭ്യൂഹം വീണ്ടും ശക്തമായി. മറ്റിടങ്ങളിലെ തിരഞ്ഞെടുപ്പ് പൂർത്തിയായിട്ടില്ലാത്തതിനാൽ അതുകഴിഞ്ഞശേഷം കേന്ദ്ര നേതൃത്വം ഇക്കാര്യം പരിഗണിക്കുമെന്ന അഭ്യൂഹമാണ് ശക്തമായിരിക്കുന്നത്. മേയ് 19നാണ് അവസാനഘട്ട വേട്ടെടുപ്പ്. 23ന് ഫലപ്രഖ്യാപനം. അതിനുശേഷം തീരുമാനം ഉണ്ടാകുമെന്നാണ് ചല ഭാഗങ്ങളിൽ നിന്നുണ്ടാവുന്ന പ്രചാരണം. എന്നാൽ, ഇക്കാര്യം പാർട്ടി നേതൃത്വം സ്ഥിരീകരിക്കുന്നില്ല.
അതേസമയം, കേരളത്തിൽ ലോക്സഭയിലേക്ക് ബി.ജെ.പി അക്കൗണ്ട് തുറന്നാൽ ശ്രീധരൻ പിള്ളയുടെ സ്ഥാനത്തിന് ഇളക്കം തട്ടില്ലെന്നും പറയപ്പെടുന്നു. കഴിഞ്ഞ ജൂലായ് അവസാനമാണ് ശ്രീധരൻ പിള്ളയെ സംസ്ഥാന പ്രസിഡന്റായി കേന്ദ്ര നേതൃത്വം നിയോഗിച്ചത്. സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനെ മേയ് മാസത്തിൽ മിസോറാം ഗവർണറായി നിയോഗിച്ചതിനെ തുടർന്നാണ് രണ്ടു മാസത്തിന് ശേഷം ശ്രീധരൻ പിള്ളയ്ക്ക് നറുക്ക് വീണത്. ശ്രീധരൻ പിള്ളയെ താത്കാലിക പ്രസിഡന്റായിട്ടാണ് നിയോഗിച്ചിരിക്കുന്നത്.
ശബരിമല പ്രക്ഷോഭ സമയത്തും തിരഞ്ഞെടുപ്പുകാലത്തും ശ്രീധരൻ പിള്ള നടത്തിയ ചില പ്രസംഗങ്ങളും പ്രസ്താവനകളും വിവാദത്തിനും പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പത്തിനും ഇടയാക്കിയിരുന്നു. ഇതിൽ കേന്ദ്രനേതൃത്വത്തിന് അതൃപ്തിയുണ്ടായി എന്നാണ് അറിയുന്നത്. എന്നാൽ, തിരഞ്ഞടുപ്പുകാലമായതിനാൽ തുടരട്ടെ എന്നായിരുന്നു തീരുമാനം. ശ്രീധരൻ പിള്ളയെ അദ്ധ്യക്ഷ പദവിയിൽ നിന്ന് മാറ്റണമെന്ന ആവശ്യം പ്രവർത്തകരുടെ ഭാഗത്തുനിന്നും ഉയർന്നിരുന്നു. സ്ഥാനാർത്ഥി നിർണയ സമയത്തും ശ്രീധരൻ പിള്ള നടത്തിയ ചില പ്രസ്താവനങ്ങൾ പാർട്ടിയിൽ വിവാദത്തിന് വഴിവച്ചിരുന്നു. ഇതെല്ലാമാണ് അദ്ദേഹത്തിന്റെ സ്ഥാന ചലനത്തിന് ഇടയാക്കിയേക്കാമെന്നാണ് അഭ്യൂഹം പരക്കുന്നത്. അതേസമയം, തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ഉൾപ്പെടെ പാർട്ടി വിജയ പ്രതീക്ഷയിലാണ്. വിജയം നേടാനായാൽ അത് സംസ്ഥാന അദ്ധ്യക്ഷന്റെ കൂടി വിജയമാണ്. അങ്ങനെ വന്നാൽ, കേന്ദ്രനേതൃത്വം വീണ്ടും ശ്രീധരൻ പിള്ളയിൽ വിശ്വാസമർപ്പിക്കുമെന്ന് കരുതുന്നുവരുമുണ്ട്.