കോട്ടയം: ആൾ താമസമില്ലാത്ത വീട്ടിൽ ജോലിക്കാരി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കസ്റ്റഡിയിലായ മറ്റക്കര സ്വദേശി പ്രഭാകരന്റെ (70) അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഹൃദ്രോഗബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയെ, ഇന്ന് ഡിസ്ചാർജ് ചെയ്താലുടൻ സ്റ്റേഷനിലേക്ക് മാറ്റി മൊഴി രേഖപ്പെടുത്തും. സാമ്പത്തിക ഇടപാടാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് അറിയുന്നത്.
ഏറ്റുമാനൂർ വിമല ആശുപത്രിക്ക് സമീപത്തെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് കട്ടച്ചിറ കടവിൽ പി.ആർ. രാജന്റെ ഭാര്യ ഉഷാ കുമാരിയെ (50) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇതേ വീട്ടിലെ ജോലിക്കാരനായിരുന്നു പ്രഭാകരൻ. കഴിഞ്ഞ ഒരു മാസത്തിനിടെ മുപ്പതിനായിരത്തോളം രൂപ പല തവണയായി ഉഷ, പ്രഭാകനിൽ നിന്ന് വാങ്ങിയിരുന്നു. ഞായറാഴ്ച ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ കഴുത്തിൽ തോർത്ത് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പാനൂർ ടോമിയുടെ വീടിന്റെ അടുക്കളയിലാണ് ഉഷാകുമാരിയുടെ ജഡം കണ്ടെത്തിയത്. വീട്ടുടമയുടെ തറവാട് വീട്ടിലെ ജോലിക്കാരനാണ് പ്രഭാകരൻ.
വീട്ടുടമ ടോമി വർഷങ്ങളായി കുടുംബസമേതം സൗത്ത് ആഫ്രിക്കയിലാണ്. മാസത്തിൽ മൂന്നും നാലും പ്രാവശ്യം ടോമിയുടെ വീട് വൃത്തിയാക്കാൻ ഉഷാകുമാരി വന്നിരുന്നു. ഒപ്പം പ്രഭാകരനും ഉണ്ടാവും. പ്രഭാകരനാണ് ടോമിയുടെ സഹോദരി വത്സമ്മയിൽ നിന്ന് വീടിന്റെ താക്കോൽ വാങ്ങിയിരുന്നത്. പതിവുപോലെ കഴിഞ്ഞദിവസവും വത്സമ്മയുടെ കൈയിൽ നിന്ന് പ്രഭാകരൻ താക്കോൽ വാങ്ങിക്കൊണ്ടു വന്നശേഷം ഉഷാകുമാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ഉഷാകുമാരിയെ കൊലപ്പെടുത്തിയശേഷം ജഡം വലിച്ചിഴച്ചുകൊണ്ട് അടുക്കളയിൽ കൊണ്ടിട്ടതിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കഴുത്ത് മുറുക്കാൻ ഉപയോഗിച്ച തോർത്ത് മൃതദേഹത്തിന് സമീപത്തുനിന്ന് പൊലീസ് കണ്ടെടുത്തു.
തറവാട് വീട്ടിലേക്ക് ഫോണിൽ വിളിച്ച് കൊലപാതക വിവരം അറിയിച്ച ശേഷം പ്രഭാകരൻ മുങ്ങുകയായിരുന്നു. മൊബൈൽ ഫോൺ ടവർ സിഗ്നൽ അനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.