തിരുവനന്തപുരം : എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് ആദ്യവാരവും പ്ലസ് ടു ഫലം രണ്ടാം വാരവും പ്രസിദ്ധീകരിച്ചേക്കും. ഉത്തര പേപ്പറുകളുടെ മൂല്യനിർണയം 29ന് അവസാനിക്കും. എസ്.എസ്.എൽ.സി ഫലം മേയ് നാലിനോ അഞ്ചിനോ പ്രഖ്യാപിക്കുമെന്നാണ് സൂചന.
എസ്.എസ്.എൽ.സി മൂല്യനിർണയം ഇത്തവണ മൂന്നു ഘട്ടങ്ങളിലായിരുന്നു. ആദ്യഘട്ടം ഏപ്രിൽ 4 മുതൽ 12 വരെയും രണ്ടാമത്തേത് 16 മുതൽ 17 വരെയുമായിരുന്നു. മൂന്നാമത്തേത് ലോക്‌സഭയിലേക്കുള്ള വോട്ടെടുപ്പിനു ശേഷം ഇന്നലെയാണ് പുനരാരംഭിച്ചത്. സംസ്ഥാനത്ത് 54 കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
പ്ലസ് ടുവിലെ മൂല്യനിർണയം ഏപ്രിൽ ഒന്നിനാണ് തുടങ്ങിയത്. 12 വരെയായിരുന്നു ആദ്യഘട്ടം. 16, 17 തീയതികളിലായി രണ്ടാം ഘട്ടം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 10ൽ താഴെ ശതമാനം പേപ്പറിന്റെ മൂല്യനിർണയം ബാക്കിയായി. ഇന്നലെ തുടങ്ങിയ മൂന്നാം ഘട്ട മൂല്യനിർണയത്തിൽ ഇത് പൂർത്തിയാക്കും. സംസ്ഥാനത്തെ 110 കേന്ദ്രങ്ങളിലാണ് ക്യാമ്പുകൾ നടക്കുന്നത്.
രണ്ടാം ഘട്ടത്തിൽ 60 ശതമാനം മൂല്യനിർണയം പൂർത്തിയാക്കിയ പതിനൊന്നാം ക്ലാസിന്റെ മൂല്യനിർണയവും ഇന്നലെ പുനരാരംഭിച്ചു. ക്യാമ്പ് മേയ് നാലിന് സമാപിക്കും. ഫലം മേയ് മൂന്നാം വാരം പ്രഖ്യാപിക്കും.
2,22,527 ആൺകുട്ടികളും 2,12,615 പെൺകുട്ടികളുമുൾപ്പെടെ 4,35,142 പേരാണ് റഗുലർ വിഭാഗത്തിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയത്. 2033 കേന്ദ്രങ്ങളിലായി 4,59,617 വിദ്യാർത്ഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. 2,26,577 പെൺകുട്ടികളും 2,33,040 ആൺകുട്ടികളും. 3,73,199 പേർ റഗുലറായും 60,561 ഓപ്പൺ സ്‌കൂളിലൂടെയും 25,857 പേർ പ്രൈവറ്റായും പരീക്ഷ എഴുതി.