തിരുവനന്തപുരം: പ്രണയസാന്ദ്രമായ ജീവിതത്തിലേക്കെത്തിയ രേവതി നക്ഷത്രക്കാരന് കെ.എസ്. ശബരീനാഥൻ എം.എൽ.എയും ഭാര്യ തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ദിവ്യ എസ്. അയ്യരും ചേർന്ന് പേരിട്ടു- 'മൽഹാർ'

'ഭൂമിയിൽ മഴ പെയ്യിക്കുന്ന മൽഹാർ രാഗം ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. പ്രാർത്ഥനയോടെ കുഞ്ഞിന് പേരിട്ടു. മൽഹാർ ദിവ്യ ശബരീനാഥൻ'- കെ.എസ്. ശബരീനാഥൻ എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചു. കട്ടിലിൽ കിടക്കുന്ന പൊന്നോമനയ്ക്ക് ഇരുവശത്തുമായി മാതാപിതാക്കൾ ചാഞ്ഞുകിടക്കുന്ന ചിത്രവും ശബരി പങ്കുവച്ചിട്ടുണ്ട്.
മുൻ സ്‌പീക്കർ ജി. കാർത്തികേയന്റെ മകനും അരുവിക്കര എം.എൽ.എയുമായ ശബരീനാഥന്റെയും തിരുവനന്തപുരം സബ് കളക്ടറായിരുന്ന ദിവ്യയുടെയും പ്രണയവും വിവാഹവും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. മാർച്ച് 9ന് ഇരുവർക്കും ആൺകുട്ടി പിറന്നതും വിഷുവിന് കുട്ടിക്കൊപ്പം കണികാണുന്ന ചിത്രവും സാമൂഹ്യമാദ്ധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഇപ്പോൾ കു‌ഞ്ഞിന് പേരിട്ടതും സോഷ്യൽമീഡിയയിൽ ഹിറ്റായി.