മുംബയ്: വേറിട്ട പ്രചാരണ രീതികളുമായി ശ്രദ്ധേയനാവുകയാണ് മഹാരാഷ്ട്രയിലെ മാവൽ ലോക്‌സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ ഡോ. നവ്നത് ദുധൽ. 25 വർഷമായി ടാറ്റ കാൻസർ ഹോസ്‌പിറ്റലിലെ കൺസൾട്ടന്റായിരുന്ന ദുധൽ നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഇതേവരെ കാണാത്ത തരത്തിൽ. വൻ വാഗ്ദാനങ്ങളുമായി മറ്റു സ്ഥാനാർത്ഥികൾ മുന്നിട്ടിറങ്ങുമ്പോൾ ദുധലിന്റെ മുന്നിൽ വ്യക്തമായ രണ്ട് ലക്ഷ്യങ്ങൾ മാത്രമേ ഉള്ളൂ. ഒന്ന് നാട്ടിലെ പശുക്കളുടെ സംരക്ഷണവും മറ്റൊന്ന് ഇന്ത്യയിൽ നിന്ന് കാൻസർ നിർമാർജ്ജനം ചെയ്യുക എന്നതും.
കാൻസറിന്റെ ഭവിഷ്യത്തുകളെയും പശുക്കളെ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെ പറ്റിയും ജനങ്ങളിൽ അവബോധം സൃഷ്‌ടിക്കുന്നതിന് വേണ്ടി സ്വന്തം ജോലി വരെ ഉപേക്ഷിച്ചയാളാണ് ദുധൽ. ഗ്രാമീണരിലേക്കെത്താൻ വേണ്ടിയും കന്നുകാലി വളർത്തലിൽ അവരെ സഹായിക്കുന്നതിനു വേണ്ടിയും നിരവധി പരിപാടികളാണ് ദുധൽ ആസൂത്രണം ചെയ്‌ത് നടപ്പാക്കി കൊണ്ടിരിക്കുന്നത്.
20 മിനിട്ടോളം ഗ്രാമീണരുടെ ചെറു സംഘങ്ങളോട് സംസാരിച്ച് കന്നുകാലി വളർത്തലിന് ആവശ്യമായ എല്ലാ നിർദ്ദേശങ്ങളും നൽകുക എന്നത് ഇപ്പോൾ ദുധലിന്റെ ദിനചര്യയായി മാറിയിരിക്കുകയാണ്. അതുപോലെ പശുവിൻ പാല്, നെയ്യ്, വെണ്ണ, ചാണകം എന്നിവയിലൂടെ എങ്ങനെ കാൻസറിനെ പ്രതിരോധിക്കാമെന്നും ദുധൽ പറയുന്നു. ഗ്രാമങ്ങളായ ഗ്രാമങ്ങൾ തോറും ഇത്തരം മാർഗനിർദ്ദേശങ്ങളും കന്നുകാലികളെ ആരാധിക്കലുമായി വളരെ തിരക്കിലാണ് ദുധൽ.
ദുധലിന്റെ പ്രചാരണം മാത്രമല്ല, വ്യത്യസ്തമായ തിരഞ്ഞെടുപ്പ് പോസ്റ്ററുകളും ശ്രദ്ധിക്കപ്പെടുന്നതാണ്. 'മരുന്നുകൾ ഉപയോഗിക്കരുത് ' - എന്നാണ് ദുധലിന്റെ പോസ്റ്ററുകളിൽ പറയുന്ന വാചകം. മരുന്നുകളുടെ ദൂഷ്യഫലങ്ങളെ പറ്റി വോട്ടർമാർക്കിടയിൽ ചെറുയോഗങ്ങൾ സംഘടിപ്പിച്ച് ദുധൽ സംസാരിക്കുന്നതും പതിവാണ്.
2008ൽ രൂപീകൃതമായ മാവൽ ലോക്‌സഭ മണ്ഡലത്തിൽ ആദ്യമായി തിരഞ്ഞെടുപ്പ് നടക്കുന്നത് 2009ലാണ്. അന്ന് ശിവസേനയുടെ ജഗാനന്ദാണ് ഇവിടെ വിജയിച്ചത്. 2014ൽ ശിവസേനയുടെ ശ്രീരംഗ്ബരാനെ 1.5 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച് പാർലമെന്റിലെത്തി.
ശിവസേനയുടെ ശ്രീരംഗ്ബരാനെ, എൻ.സി.പിയുടെ പാർഥ് അജിത് പവാർ എന്നിവരാണ് മാവലിൽ ഏറ്റുമുട്ടുന്ന പ്രധാന മത്സരാർത്ഥികൾ. 29ന് നടക്കുന്ന നാലാം ഘട്ട തിരഞ്ഞെടുപ്പിലാണ് മാവലിൽ വോട്ടെടുപ്പ് നടക്കുന്നത്.