എൺപതുകളിൽ, എൽ.ടി.ടി.ഇ (ലിബറേഷൻ ടൈഗേഴ്സ് ഒഫ് തമിഴ് ഇഴം) ശ്രീലങ്കയിൽ ആരംഭിച്ച വംശീയ കലാപങ്ങൾക്ക് 2009-ൽ പുലി പ്രഭാകരന്റെ ദാരുണമായ മരണത്തോടെയാണ് തിരശീല വീണത്. എൽ.ടി.ടി.ഇയെ ശ്രീലങ്കൻ മണ്ണിൽ നിന്നും തുടച്ചുനീക്കുമെന്നു ദൃഢനിശ്ചയം ചെയ്ത അന്നത്തെ പ്രസിഡന്റ് മഹീന്ദ രാജപക്സെയാണ് പ്രഭാകരനെ ഏതു രീതിയിലും വകവരുത്തണമെന്ന നിർദ്ദേശം സൈന്യത്തിനു നൽകിയത്. തമിഴ് പുലികളുമായി മൂന്നു പതിറ്റാണ്ടു നീണ്ടുനിന്ന ആഭ്യന്തര കലാപങ്ങളിൽ, പതിനായിരക്കണക്കിനു തമിഴ് - സിംഹള വംശജരാണ് കൊല്ലപ്പെട്ടത്.
2009ന് ശേഷമുള്ള കാലഘട്ടത്തിൽ ശ്രീലങ്കയിലുണ്ടായ ഏറ്റവും ഭയാനകവും ക്രൂരവുമായ തീവ്രവാദി ആക്രമണങ്ങളാണ് ഏപ്രിൽ 21 ഈസ്റ്റർ ദിനത്തിൽ ഉണ്ടായത്. ക്രിസ്തുമത വിശ്വാസികൾ പ്രത്യാശയുടെ ദിനമായി ആചരിക്കുന്ന ഈസ്റ്റർ ദിവസം ക്രിസ്തീയ ദേവാലയങ്ങളിലും, ആഡംബര ഹോട്ടലുകളിലും ഉൾപ്പെടെ കൊളംബോയിലേയും കിഴക്കൻ നഗരമായ ബാട്ടിക്കലോവയിലേയും നിരവധി സ്ഥലങ്ങളിലാണ് ചാവേർ ബോംബാക്രമണങ്ങളിൽ മൂന്നൂറ്റി അമ്പതിൽപ്പരം, നിരപരാധികളായ സ്‌ത്രീകളും, കുട്ടികളുമുൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടത്. ദുഃഖാർത്തരായ കുടുംബാംഗങ്ങളുടെ തേങ്ങലുകൾക്ക് ഇന്നും ശ്രീലങ്കയിൽ ശമനമുണ്ടായിട്ടില്ല. ഈ ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആദ്യത്തെ രണ്ടു ദിവസങ്ങളിൽ ഒരു തീവ്രവാദി സംഘടനയും മുന്നോട്ടുവന്നില്ലെങ്കിലും, പിന്നീട് ഐ.എസ് (ഇസ്ളാമിക് സ്റ്റേറ്റ്), ബോംബാക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു. എന്നാൽ നാഷണൽ തൗഹീദ് ജമാ അത്ത് (എൻ.ടി.ജെ) എന്ന പ്രാദേശിക ഭീകര സംഘടനയാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് ശ്രീലങ്കൻ സുരക്ഷാകാര്യ മന്ത്രി അറിയിച്ചത്. ബോംബാക്രമണങ്ങൾക്കു പിന്നിൽ ആരാണെന്നതു സംബന്ധിച്ച് അന്താരാഷ്ട്ര സുരക്ഷാ വിദഗ്ദ്ധർക്കിടയിൽ സംശയമുണ്ട്. ആക്രമണ സ്ഥലങ്ങൾ തിരഞ്ഞെടുത്തതിലെ പ്രത്യേകത, വിസ്ഫോനങ്ങളുടെ ശക്തി, ആക്രമണങ്ങളുടെ കൃത്യത എന്നീ കാര്യങ്ങൾ പരിഗണിക്കുമ്പോൾ, അന്തർദേശീയ ഭീകര സംഘടനകളുടെ ആസൂത്രണവും, സഹായവും ഈ ആക്രമണ പരമ്പരകൾക്കു പിന്നിലുണ്ടെന്നത് അവഗണിക്കാൻ സാധിക്കുകയില്ല. മറ്റൊരു കാര്യം, ഇസ്ളാം മതവിശ്വാസികളും ക്രിസ്തുമത വിശ്വാസികളും തമ്മിൽ കാര്യമായ സാമുദായിക കലാപങ്ങൾ ഒന്നുംതന്നെ ശ്രീലങ്കയിൽ ഉണ്ടായിട്ടില്ലായെന്നതാണ്. ആ പശ്ചാത്തലത്തിൽ ശ്രീലങ്കയിലെ മുസ്ളിം തീവ്രവാദ സംഘടനകൾ ക്രിസ്ത്യൻ ദേവാലയങ്ങളിൽ ആക്രമണം നടത്താൻ സാദ്ധ്യത കുറവാണെന്നും സുരക്ഷാവിദഗ്ദ്ധർ കരുതുന്നു. ഇക്കാരണങ്ങളാലാണ് അന്താരാഷ്ട്ര ആസൂത്രണം ഈ ആക്രമണങ്ങൾക്കു പിന്നിലുണ്ടോയെന്ന് സംശയിക്കുന്നത്.
സിംഹള-മുസ്ളിം
തീവ്രവാദി സംഘടനകൾ
ശ്രീലങ്കയിലെ മൊത്തം ജനസംഖ്യ 2.12 കോടിയാണ്. ഇതിൽ 74.9 ശതമാനം സിംഹളരും, 11.2 ശതമാനം ശ്രീലങ്കൻ തമിഴരും, 9.2 ശതമാനം മുസ്ളിങ്ങളുമാണ്. ക്രിസ്തുമത വിശ്വാസികൾ 7.4 ശതമാനം മാത്രമാണ്. ശ്രീലങ്കൻ മുസ്ളിങ്ങളിൽ ഭൂരിപക്ഷവും തമിഴ് സംസാരിക്കുന്നവരാണെന്നതിനാൽ, ഇവരെ തമിഴ് സംസാരിക്കുന്ന ന്യൂനപക്ഷമായും കാണുന്നു. തമിഴ് പുലികൾ കലാപം തുടങ്ങിയ ആദ്യകാലഘട്ടത്തിൽ തമിഴ് മുസ്ളിങ്ങളും പുലികളോട് അനുഭാവം കാണിച്ചിരുന്നെങ്കിലും 1990 ൽ തമിഴ്പുലികളുടെ ബോംബാക്രമണത്തിൽ നൂറിൽപ്പരം മുസ്ളിം മതവിശ്വാസികൾ കൊല്ലപ്പെട്ടതിന് ശേഷം മുസ്ളിങ്ങൾ തമിഴ്പുലികളുമായി അകൽച്ചയിലായി. അൽക്വയ്‌ദ, ഐ.എസ്. എന്നീ അന്തർദ്ദേശീയ ഭീകര സംഘടനകളുടെ പ്രവർത്തനം ഉൗർജ്ജിതമായ അവസരത്തിൽ ശ്രീലങ്കയിൽ നിന്നും ചില ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്ത് അവരുടെ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായി അന്തർദ്ദേശീയ സുരക്ഷാ ഏജൻസികൾ ശ്രീലങ്കൻ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
2009 ന് ശേഷമുള്ള കാലയളവിൽ ശ്രീലങ്ക ഏറക്കുറെ, സമാധാനത്തിന്റെ പാതയിലൂടെയാണ് സഞ്ചരിച്ചിരുന്നതെങ്കിലും, ഇടയ്ക്കിടെ രാജ്യത്തിന്റെ ചില മേഖലകളിൽ വംശീയ കലാപങ്ങൾ തലപൊക്കിയിരുന്നു. ഇതിന് പിന്നിൽ ബോഡു ബാലസേന (ബി.ബി.എസ്) എന്ന സിംഹള തീവ്രവാദ സംഘടനയായിരുന്നുവെന്നാണ് ശ്രീലങ്കൻ സർക്കാർ വെളിപ്പെടുത്തിയിട്ടുള്ളത്. ഇൗ സംഘടനയുടെ നേതൃത്വത്തിൽ മുസ്ളിം വിഭാഗങ്ങൾക്കെതിരെയാണ് ആക്രമണങ്ങൾ ഏറെയും നടത്തിയിട്ടുള്ളത്. 2013 ൽ ഹലാൽ ചിക്കനെതിരായ പ്രചാരണ പ്രവർത്തനങ്ങളുമായി ഇൗ സംഘടന രംഗത്തുവന്നു. രാജപക്‌സെയായിരുന്നു അന്ന് അധികാരത്തിലിരുന്നത്. അദ്ദേഹം ബി.ബി.എസിന്റെ പ്രവർത്തനങ്ങൾക്ക് നേരെ കണ്ണടച്ചു. എന്നാൽ 2015 ൽ സിരിസേനയും വിക്രമസിംഗെയും അധികാരത്തിലേറിയ ശേഷം മത-തീവ്രവാദ സംഘടനകൾക്കെതിരെ ശക്തമായ നിലപാടാണ് കൈക്കൊണ്ടത്. ഇതിനെ തുടർന്ന് ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾക്ക് ശമനമുണ്ടായി. 2018 ഫെബ്രുവരി -മാർച്ച് മാസങ്ങളിൽ മദ്ധ്യ ശ്രീലങ്കയിൽ സിംഹള-മുസ്ളിം സംഘർഷങ്ങളുണ്ടായപ്പോഴും ശ്രീലങ്കൻ സർക്കാർ ശക്തമായ നടപടികളിലൂടെ കലാപം അടിച്ചമർത്തി.
പ്രസിഡന്റും പ്രധാനമന്ത്രിയും
ഇരുധ്രുവങ്ങളിൽ
ഒരു മുന്നണിയായി നിന്ന് അധികാരത്തിലേറിയ പ്രസിഡന്റ് സിരിസേനയും പ്രധാനമന്ത്രി വിക്രമസിംഗെയും ഇന്ന് ഇരുധ്രുവങ്ങളിലാണ്. ഒരു കാരണവും കാണിക്കാതെ 2018 ഡിസംബറിൽ പ്രധാനമന്ത്രി വിക്രമസിംഗെയെ പിരിച്ചുവിട്ട്, മുൻ പ്രസിഡന്റ് 'രാജപക്‌സെയെ പ്രധാനമന്ത്രി പദത്തിൽ അവരോധിച്ചെങ്കിലും സുപ്രീംകോടതി ഇടപെടലിനെ തുടർന്ന്, വീണ്ടും വിക്രമസിംഗെ തന്നെ പ്രധാനമന്ത്രിയായി തിരികെ വന്നു. എന്നാൽ രണ്ടുപേരും ശത്രുപക്ഷത്ത് നിലയുറപ്പിച്ചതോടെ ശ്രീലങ്കൻ ഭരണം ആകെ താറുമാറായിരിക്കുകയാണ്.
ഭീകരാക്രമണങ്ങൾ സംബന്ധിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഇക്കാര്യം തന്നെയോ മന്ത്രിസഭയേയോ അറിയിച്ചിട്ടില്ലെന്നാണ് വിക്രമസിംഗെ വെളിപ്പെടുത്തിയിരിക്കുന്നത്. ശ്രീലങ്കയിൽ പ്രസിഡന്റിനാണ് പ്രതിരോധ വകുപ്പിന്റെ ഉത്തരവാദിത്തം. എന്നാൽ മുന്നറിയിപ്പുകളൊന്നും താനും അറിഞ്ഞിട്ടില്ലെന്നാണ് സിരിസേന അറിയിച്ചത്. മുൻകരുതൽ എടുക്കുന്നതിലെ വീഴ്ചയ്ക്ക് സർക്കാർ പരസ്യമായി മാപ്പുപറഞ്ഞതിന് പുറമേ, പ്രതിരോധ സെക്രട്ടറിയോടും പൊലീസ് മേധാവിയോടും രാജിവയ്ക്കാനും പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഭീകരാക്രമണങ്ങൾക്ക് ശേഷം രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുവാനും, സാമൂഹ്യ മാധ്യമങ്ങളുടെ പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്താനും തയ്യാറായതിനാൽ, കലാപങ്ങൾ പടരാതിരിക്കാൻ സാധിച്ചിട്ടുണ്ട്. മുസ്ളിം സമുദായാംഗങ്ങൾക്ക് വേണ്ട സംരക്ഷണമൊരുക്കാനും, വൈകിയാണെങ്കിലും സർക്കാർ തയ്യാറായി.
ഇൗസ്റ്റർ ദിനത്തിൽ നടന്ന തീവ്രവാദ ആക്രമണങ്ങൾ, ശ്രീലങ്കയിലെ വിനോദസഞ്ചാര മേഖലയെയും അതുവഴി സമ്പദ് ഘടനയെയും പ്രതികൂലമായി ബാധിക്കുമെന്നതിൽ സംശയമില്ല. അമേരിക്കയും കാനഡയുമുൾപ്പെടെയുള്ള രാജ്യങ്ങൾ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രസിഡന്റും പ്രധാനമന്ത്രിയും തമ്മിലുള്ള തർക്കത്തിൽപ്പെട്ട് താളം തെറ്റികിടക്കുന്ന ശ്രീലങ്കയുടെ സമ്പദ് ഘടനയ്ക്ക് ഇപ്പോൾ നടന്ന ഭീകരാക്രമണങ്ങൾ ബാദ്ധ്യതയായി മാറും.
( ലേഖകന്റെ ഫോൺ : 9847173177 )