തിരുവനന്തപുരം: അന്തർ സംസ്ഥാന സ്വകാര്യബസുകൾക്ക് ജൂൺ ഒന്നു മുതൽ സ്പീഡ് ഗവർണറും ജി.പി.എസും നിർബന്ധമാക്കുമെന്ന് മന്ത്റി എ.കെ. ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രജിസ്‌ട്രേഷൻ ഏത് സംസ്ഥാനത്താണെങ്കിലും കേരളത്തിൽ ഓടാൻ സ്പീഡ് ഗവർണർ ഘടിപ്പിച്ചിരിക്കണം. നിലവിൽ ഒരു ബസിലും സ്പീഡ് ഗവർണറില്ല.
സ്വകാര്യബസുകളുടെ കൊള്ള തടയാൻ കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്ക് സർക്കാർ നിരക്ക് നിശ്ചയിക്കും. ഇതിനായി ഫെയർസ്റ്റേജ് നിശ്ചയിക്കുന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയെ നിയോഗിച്ചു. സ്റ്റേജ് കാര്യേജുകളിലേതു പോലെ ഒരു സീറ്റിന് ഇത്ര രൂപ എന്ന് നിശ്ചയിക്കാനാവില്ലെങ്കിലും കുറഞ്ഞ നിരക്കും പരമാവധി നിരക്കും സർക്കാർ നിശ്ചയിക്കും.
സ്വകാര്യബസുകളിലെ ചരക്കുകടത്ത് പൊലീസിന്റെയും നികുതി വകുപ്പിന്റെയും സഹായത്തോടെ തടയും. 19 ചെക്ക്പോസ്റ്റുകളിലും 24 മണിക്കൂറും പരിശോധിക്കും. ബുധനാഴ്ച വരെ 259 ബസുകൾക്കെതിരെ കേസെടുത്തു. 3.74 ലക്ഷം രൂപ പിഴ ചുമത്തി. ചരക്ക് കടത്തിയ മൂന്ന് ബസുകൾക്കെതിരെ നടപടിയെടുത്തു.
എൽ.എ.പി.ടി ലൈസൻസുള്ള ഏജൻസികൾ മുഖേനയാണ് ബസുകൾ ടിക്കറ്റ് ബുക്കിംഗ് നടത്തുന്നത്. ഒരു ഏജൻസിയുടെ പേരുപയോഗിച്ച് നിരവധിയിടത്ത് ബുക്കിംഗ് സെന്ററുകൾ നടത്തുന്നു. ലൈസൻസില്ലാത്ത 46 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഒരാഴ്ചയ്ക്കകം രേഖകൾ ഹാജരാക്കിയില്ലെങ്കിൽ ഇവ പൂട്ടിക്കും. ഈ സ്ഥാപനങ്ങളുടെ ലൈസൻസിന് കർശനമായ മാർഗനിർദ്ദേശങ്ങൾ ഇറക്കും.
കെ.എസ്.ആർ.ടി.സി റദ്ദാക്കരുത്
കെ.എസ്.ആർ.ടി.സി സേവനം അപര്യാപ്തമായതിനാലാണ് ജനങ്ങൾ സ്വകാര്യബസുകളെ ആശ്രയിക്കുന്നത്. നിസാര കാരണത്തിന് അന്തർസംസ്ഥാന സർവീസുകൾ റദ്ദാക്കരുതെന്ന് കെ.എസ്.ആർ.ടി.സിക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. റദ്ദാക്കിയാൽ പകരം ബസ് ലഭ്യമാക്കണം. ലീസിനെടുത്ത മൂന്ന് ബസുകൾ ഇപ്പോൾ ഓടിക്കുന്നില്ല. കേടായ ബസുകൾക്ക് പകരം ബസുകൾ നൽകിയില്ലെങ്കിൽ വാടക കരാർ റദ്ദാക്കുമെന്ന് മഹാവോയേജ് കമ്പനിക്ക് നോട്ടീസ് നൽകി. അന്തർസംസ്ഥാന റൂട്ടുകളിൽ കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ ഓടിക്കുന്നത് സംബന്ധിച്ച് ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാൽ മറ്റ് സംസ്ഥാനങ്ങളിലെ സെക്രട്ടറിമാരുമായി ചർച്ച നടത്തും. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകൾ ഓടിക്കണമെന്ന് റെയിൽവേ ബോർഡ് ചെയർമാനെ കണ്ട് ഗതാഗത സെക്രട്ടറി ആവശ്യപ്പെട്ടു- മന്ത്രി പറഞ്ഞു.
ബെസ്റ്റ് അരുണാചൽ
അരുണാചൽ പ്രദേശിലാണ് ഭൂരിഭാഗം സ്വകാര്യബസുകളും രജിസ്റ്റർ ചെയ്തിട്ടുള്ളത്. കല്ലടയുടെ പകുതിയിലധികം ബസുകളും അരുണാചൽ രജിസ്ട്രേഷനാണ്. അവിടെ ലൈസൻസിന് 1000 രൂപ മതി. മോട്ടോർ വാഹനനിയമം കൃത്യമായി പാലിക്കാത്ത അവിടെ നിന്ന് ആൾ ഇന്ത്യാ പെർമിറ്റ് നേടി കേരളത്തിൽ സർവീസ് നടത്തുന്നു. കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.