madankavu-kulam

കല്ലമ്പലം: നീരുറവകളുടെ നാടായ നാവായിക്കുളത്ത് കുടിനീരിനായി നെട്ടോട്ടമോടേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. പരമ്പരാഗത ജലസ്രോതസുകളിലെ നീരുറവകൾ സംരക്ഷിക്കാൻ പ്രാദേശികഭരണകൂടത്തിനു കഴിയുന്നില്ല. ഈ ഭാഗത്തുണ്ടായിരുന്ന നീരുറവകളെ അധികൃതർ സംരക്ഷിക്കാതിരുന്നതാണ് കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ കാരണം. നാവായിക്കുളം മേഖലയിലെ കുന്നിൻചെരുവുകളിൽ നിന്നുത്ഭവിക്കുന്ന നീരുറവയുടെ നല്ലൊരുപങ്കും പാഴാകുകയാണ്. ഒപ്പം കൃഷികളും നശിച്ചു.

ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്ന നാട്ടുകാർ കുടിവെള്ളത്തിനായി കുടങ്ങൾ നിരത്തി കാത്തിരിക്കുകയാണ്.

വല്ലപ്പോഴും പൈപ്പിലൂടെ നൂലിഴപോലെത്തുന്ന വെള്ളം പലർക്കും കിട്ടാറില്ലെന്നതാണ് സത്യം. ഇതുമൂലം കുടിവെള്ളം കാശുകൊടുത്തു വാങ്ങേണ്ട ഗതികേടാണ്. പറകുന്നു പോലുള്ള ഉയർന്ന പ്രദേശങ്ങളിൽ കടുത്ത ജലക്ഷാമം നേരിടുകയാണ്. സ്വകാര്യ ഭൂമിയിലെ നീരുറവകളിൽ നിന്നു സംഭരിക്കുന്ന ജലം ചിലർ പണം വാങ്ങി വിൽക്കുന്നതും തകൃതിയായി നടക്കുന്നുണ്ട്. പഞ്ചായത്തുകളുടെ മുഴുവൻ ആവശ്യവും നിറവേറ്റാനുള്ള ജലം നാവായിക്കുളം പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ നിന്ന് ഉത്ഭവിക്കുന്നുണ്ട്. പൈപ്പ് ലൈനും അനുബന്ധ സൗകര്യങ്ങളും വരുന്നതിനും മുൻപേയുള്ള ജനങ്ങളുടെ കുടിവെള്ള സ്ത്രോതസുകളാണ് ഇപ്പോൾ നാമാവശേഷമായത്.

നാവായിക്കുളത്തെ നീരുറവകളുടെ പ്രാധാന്യം കണക്കിലെടുത്ത് അരനൂറ്റാണ്ട് മുൻപു തന്നെ പലയിടത്തും കുളിക്കടവ് പോലുള്ള സംവിധാനം ഒരുക്കിയതാണ്.ചിലത് പൊതുആവശ്യത്തിനായി ഉപയോഗിക്കാൻ പാകത്തിൽ ഒരുക്കിയിട്ടുണ്ടെങ്കിലും പലതും മാലിന്യങ്ങൾ നിറഞ്ഞ് ഉപയോഗ ശൂന്യമാണ്. സ്വകാര്യ വ്യക്തികളുടെ പുരയിടത്തിലാണ് ചില കുളങ്ങൾ സ്ഥിതിചെയ്യുന്നത്. വേനൽ കടുത്തിട്ടും കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ശുദ്ധജലമെത്തിക്കാൻ പഞ്ചായത്തിന് കഴിയുന്നില്ലെന്നാണ് നാട്ടിലെ പരാതി.