കിളിമാനൂർ: മഴയോ, കാറ്റോ വന്നാൽ കറന്റ് പോവുന്നത് ഇവിടെ പതിവാണ്. കാരണം മഴയോ കാറ്റോ വന്നാൽ നിലംപതിക്കാൻ തക്ക വിധത്തിൽ നിൽക്കുന്ന വൃക്ഷങ്ങളാണ്. വൈദ്യുതി ലൈനുകളിലേക്ക് ചാഞ്ഞു നിൽക്കുന്ന ശിഖരങ്ങൾ മഴ ചെയ്താൽ ലൈനുകൾക്ക് മുകളിൽ വീഴുന്നത് പതിവ് സംഭവമാണ്. ഇതോടെ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങും.
മഴയോ കാറ്റോ വന്നാൽ നിലംപതിക്കാൻ തക്ക വിധത്തിൽ നിൽക്കുന്ന വൃക്ഷങ്ങൾ, മണ്ണിടിച്ചിൽ ഭീതിയിലുള്ള കുന്നുകൾ ഇവയ്ക്ക് ഒരു പരിഹാരത്തിന് വേണ്ടിയുള്ള മുറവിളിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. കുറവൻകുഴി-തൊളിക്കുഴി റോഡിലെ അടയമൺ കയറ്റത്തിന്റെ അവസ്ഥയാണിത്. മൂന്നു പതിറ്റാണ്ടുകൾക്ക് മുൻപ് മലയോര ഗ്രാമങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് പണി കഴിപ്പിച്ച ഈ റോഡിൽ കുത്തനെ ഉള്ള കയറ്റമാണ് അടയമൺ കയറ്റം. ഇരു വശങ്ങളും കുന്നുകളും, വൃക്ഷങ്ങളും നിറഞ്ഞ ഇവിടെ അടുത്ത കാലത്താണ് ജനവാസം ആരംഭിക്കുന്നത്. ആദ്യകാലങ്ങളിൽ ഈ കയറ്റത്തിന് ചുവട്ടിൽ വരെ മാത്രമേ വാഹനങ്ങൾ എത്തുകയുള്ളായിരുന്നു. റോഡ് നവീകരണത്തിന്റെ ഭാഗമായി കുന്നു ഇടിച്ച് താഴ്ത്തുകയും റോഡിന് വീതി കൂട്ടുകയും ടാർ ചെയ്യുകയും ചെയ്തതോടെ കിളിമാനൂർ നിന്ന് മലയോര പ്രദേശങ്ങളായ കല്ലറ, കടയ്ക്കൽ, കുമ്മിൾ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരുന്നതിനുള്ള പ്രധാന പാതയായി ഇത് മാറി. എന്നാൽ ഈ കയറ്റത്തിന്റെ വശങ്ങളിലുള്ള വൻ വൃക്ഷങ്ങൾ എപ്പോൾ വേണമെങ്കിലും റോഡിൽ വീഴുമെന്ന രീതിയിൽ വേരുകൾ പുറത്ത് വന്ന് നിൽക്കുകയാണ്. മഴക്കാലത്ത് കുന്നിടിഞ്ഞ് റോഡിലേക്ക് വീഴുന്നതും പതിവ് കാഴ്ചയാണ്. ഓരോ വർഷവും മഴക്കാലം വരുന്നതിന് മുമ്പ് പ്രദേശവാസികൾ അധികൃതർക്ക് മരം മുറിച്ച് മാറ്റുന്നതിന് പരാതി നൽകാറുണ്ടങ്കിലും നടപടികൾ സ്വീകരിക്കാറില്ലന്നാണ് ഇവരുടെ ആക്ഷേപം.