കുഴിത്തുറ: ഇണയത്ത് തിരയിൽപ്പെട്ട് രണ്ട് പേർ മരിച്ചു. തിരുപ്പൂർ സ്വദേശിയായ മൈൽസ്വാമിയുടെ മകൾ സംഗീത (24), ഇവരോടൊപ്പം ഉണ്ടായിരുന്ന സേലം രാമലിംഗം കോളനി സ്വദേശി മോഹനൻ (33) എന്നിവരാണ് മരിച്ചത്. ഇണയൻ പുത്തൻതുറ സ്വദേശിയുടെ വിവാഹത്തിനെത്തിയ സംഗീതയും മോഹനനും ഉൾപ്പെടുന്ന അഞ്ചംഗ സംഘം ബുധനാഴ്ച
വൈകിട്ടോടെ ഇണയം പുത്തൻതുറ ദേവാലയത്തിന്റെ മുന്നിലുള്ള കടൽക്കരയിൽ കളിച്ചു കൊണ്ടിരിക്കെ കടലിൽ വീണ സംഗീതയുടെ കണ്ണാടി തേടുന്നതിനിടെ ഇരുവരും ശക്തമായ തിരയിൽ പെടുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാർ സംഗീതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഗീതയുടെ മൃതദേഹം ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇവർ തിരിപ്പൂരിലെ സ്വകാര്യ സ്കൂളിൽ അദ്ധ്യാപികയായിരുന്നു.
കടലിൽ കാണാതായ മോഹനന്റെ മൃതദേഹം ഇന്നലെയോടെ കുളച്ചൽ മറൈൻ പൊലീസിന്റെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെ കരയ്ക്കെത്തിച്ചു. മൃതദേഹം ആശാരിപ്പള്ളം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മോഹനൻ പച്ചക്കറി വ്യാപാരിയാണ്. ഭാര്യ: ബാനു. ഇവർക്ക് രണ്ട് കുട്ടികളുണ്ട്.