po

കല്ലറ: പാലുവാങ്ങാൻ പോയ പതിന്നാലുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയശേഷം കൊന്ന് കുളത്തിൽ താഴ്ത്തിയ സംഭവത്തിൽ പത്തു വർഷമായിട്ടും പ്രതികളെ കണ്ടെത്താനായില്ല. കൊലയാളികളെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിയാത്ത സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാനൊരുങ്ങുകയാണ് മാതാപിതാക്കൾ.

2009 ഏപ്രിൽ അഞ്ചിന് പാങ്ങോട് പൊലീസ് സ്റ്രേഷൻ പരിധിയിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. പാൽ വാങ്ങാൻ പോയ ബാലൻ വീട്ടിൽ തിരിച്ചെത്തിയില്ല. തെരച്ചിലിനൊടുവിൽ വീട്ടിനടുത്തെ കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തി. ലോക്കൽ പൊലീസിനായിരുന്നു ആദ്യ അന്വേഷണം. മുങ്ങിമരണമെന്ന് അവർ വിധിയെഴുതി. എന്നാൽ കുട്ടിയുടെ തലയിൽ അടിയേറ്റിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. അതോടെ മുങ്ങിമരണമെന്ന് പറഞ്ഞിരുന്ന പൊലീസ്, തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് നിലപാടു മാറ്റി. നാട്ടുകാർ പ്രക്ഷോഭത്തിന് ഒരുങ്ങിയതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. അതോടെ, കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നുതെളിഞ്ഞു. എന്നാൽ, പ്രതി ആരെന്ന് ഇനിവേണം കണ്ടെത്താൻ. സംഭവ ദിവസം വൈകിട്ട് സ്ഥലത്ത് ശക്തമായ മഴ പെയ്തിരുന്നു. പക്ഷേ കുളക്കരയിൽ കണ്ടെത്തിയ കുട്ടിയുടെ പാന്റ്സും ചെരുപ്പും നനഞ്ഞിരുന്നില്ല. മറ്റെവിടെയെങ്കിലുംവച്ച് കൊലനടത്തിയ ശേഷം മൃതദേഹം കുളത്തിൽ കൊണ്ടിട്ടതാണോ എന്നാണ് സംശയം. കേസന്വേഷണത്തിൽ പത്തുവർഷത്തിനിടെ പത്തിലധികം ഉദ്യോഗസ്ഥർ മാറി മാറി വന്നു. പ്രതി പിടിക്കപ്പെടുമെന്ന സ്ഥിതിയാകുമ്പോൾ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റും. ഒരിക്കൽ പ്രതി പിടിയിലായെന്ന സൂചന കിട്ടിയപ്പോഴായിരുന്നു ഉദ്യോഗസ്ഥന്റെ സ്ഥാനചലനം. ഡിവൈ.എസ്.പിയുടെ നേരിട്ടുള്ള അന്വേഷണമായിരുന്നു പിന്നീട്. നിരവധി പേരെ ചോദ്യം ചെയ്തു. അന്വേഷണം അന്തിമ ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് കരുതിയപ്പോൾ അദ്ദേഹത്തിനും സ്ഥലംമാറ്റമായി. അന്വേഷണവും നിലച്ചു.