തിരുവനന്തപുരം: ഇന്ത്യൻ മഹാസമുദ്രത്തിൽ ബംഗാൾ ഉൾക്കടലിലെ കിഴക്കൻ ആഴക്കടലിൽ രൂപം കൊണ്ട് മ്യാൻമറിലേക്ക് പോകുന്ന 'ഫാനി" ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തെത്തിയാൽ തിങ്കളാഴ്‌ചയും ചൊവ്വാഴ്‌ചയും കേരളത്തിൽ ശക്തമായ ഇടിയും കാറ്റും മഴയുമുണ്ടാകും.
എറണാകുളം, ഇടുക്കി, മലപ്പുറം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്‌ക്കും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. കേരളതീരത്ത് മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കും. കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തമിഴ്നാട്, ആന്ധ്ര തീരങ്ങളിൽ വൻനാശം വിതയ്‌ക്കും. ദക്ഷിണേന്ത്യയിൽ ശക്തമായ മഴയുമുണ്ടാകും. ഒപ്പം തീരത്ത് കൊടുങ്കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.
'ഫാനി"യെ നേരിടാനുള്ള മുന്നൊരുക്കം തുടങ്ങിയതായി സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് പറഞ്ഞു. ഇന്ത്യൻ മഹാസമുദ്രത്തിലെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപം മാറി തമിഴ്നാട് തീരത്ത് അടിക്കുമെന്ന് ഉറപ്പായശേഷം കരുതൽ നടപടി ഉൗർജിതമാക്കും. ശനിയാഴ്ച മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. കടലിൽ പോയ മത്സ്യത്തൊഴിലാളികൾക്ക് സന്ദേശങ്ങളെത്തിക്കാനും സുരക്ഷിതമായി മടങ്ങിയെത്തിയെന്ന് ഉറപ്പാക്കാനും നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒാഖിയോളമില്ല, പക്ഷേ ഫാനി മാരകം
"ഒാഖി"യോളമില്ലെങ്കിലും ദക്ഷിണേന്ത്യൻ തീരത്ത് വൻ നാശം വിതയ്‌ക്കാനുള്ള കരുത്തുണ്ട്
മാരകം എന്ന അർത്ഥമുള്ള ഉറുദുവാക്കാണ് 'ഫാനി". പേര് ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല
ബംഗ്ളാദേശാണ് ഇത്തവണ ഇന്ത്യൻസമുദ്രത്തിലെ കൊടുങ്കാറ്റിന് പേരിടുക.
ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറിയാൽ ഇൗ പേര് നൽകും
തുടക്കത്തിൽ 30 കിലോമീറ്റർ വേഗതയിലുള്ള ഫാനി മൂന്ന് ദിവസം കടലിലൂടെ സഞ്ചരിക്കും
തുടർന്ന് ശ്രീലങ്കൻ തീരത്തുകൂടി തിങ്കളാഴ്ച രാവിലെ മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെ വേഗത്തിൽ തമിഴ്നാട് തീരത്തടിക്കും
ഒരു ദിവസം തമിഴ്നാട്ടിലൂടെ സഞ്ചരിച്ച് തീവ്രതകുറഞ്ഞ് ആന്ധ്ര, ഒഡിഷ തീരം വഴി മേയ് മൂന്നിന് മ്യാൻമറിൽ അവസാനിക്കും.