തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂന്നു പതിറ്റാണ്ടിനിടെ പോളിംഗിൽ കണ്ട കടന്ന ആവേശം ആരെ തുണയ്‌ക്കുന്ന തരംഗമാകുമെന്നതിൽ തല പുകഞ്ഞ് രാഷ്ട്രീയ നേതൃത്വങ്ങൾ.
രാഷ്ട്രീയതരംഗം തന്നെയെന്നു വിശ്വസിക്കാൻ ശ്രമിക്കുമ്പോഴും സങ്കീർണമായ രാഷ്ട്രീയ സാഹചര്യങ്ങൾ സൃഷ്‌ടിക്കാനിടയുള്ള അടിയൊഴുക്കുകളുടെ ഗതി എന്താകുമെന്നതിൽ ഇടതു നേതൃത്വത്തിനും ആശങ്കയില്ലാതില്ല. പോളിംഗ് വർദ്ധന യു.ഡി.എഫിനെ തുണയ്‌ക്കുമെന്ന പഴയകാല ട്രെൻഡ് മാറിയെന്നതും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ടതിനു സമാനമായ ആവേശമാണ് ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിലുമുണ്ടായത് എന്നതും യു.ഡി.എഫ് നേതൃത്വത്തെ വേവലാതിപ്പെടുത്തുന്ന ഘടകങ്ങളാണ്.
ന്യൂനപക്ഷ കേന്ദ്രീകരണമടക്കം നല്ലപോലെ ദൃശ്യമായ തിരഞ്ഞെടുപ്പിൽ ശബരിമലയിൽ മാത്രം കേന്ദ്രീകരിച്ചു നീങ്ങിയ ബി.ജെ.പിക്ക്, അത് വിനയാകുമോയെന്ന ആശങ്കയും ശക്തം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലേതിനെക്കാൾ 23.62 ലക്ഷം വോട്ടുകളാണ് ഇക്കുറി അധികമായി പോൾ ചെയ്യപ്പെട്ടത്. അന്നത്തെക്കാൾ മൊത്തം വോട്ടർമാരുടെ എണ്ണത്തിൽ 18.99 ലക്ഷത്തിന്റെ വർദ്ധനയുണ്ടായപ്പോഴാണിത്.
എൽ.ഡി.എഫ്
20 മണ്ഡലങ്ങളിലെയും പ്രാഥമിക കണക്കെടുപ്പുകൾ ബൂത്ത് തലത്തിൽ ശേഖരിച്ചത് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് വിലയിരുത്തും. ശക്തമായ ന്യൂനപക്ഷ ധ്രുവീകരണം വോട്ടിംഗിൽ സംഭവിച്ചിട്ടുണ്ടെന്ന് ഉറപ്പിക്കുന്ന സി.പി.എം, ഇത് ആരെ തുണയ്‌ക്കുമെന്നോർത്താണ് തല പുകയ്‌ക്കുന്നത്. അഖിലേന്ത്യാതലത്തിലെ മോദിവിരുദ്ധ ഫാക്‌ടർ വച്ചുനോക്കുമ്പോൾ രാഹുൽഗാന്ധിക്ക് അനുകൂലമായ വികാരപ്രതിഫലനമാകാൻ സാദ്ധ്യതയേറെ.
തെക്കൻ കേരളത്തിൽ ഹിന്ദു മുന്നാക്ക വോട്ടുകൾ ബി.ജെ.പിക്കും കോൺഗ്രസിനുമായി വിഭജിച്ചു പോകാം. ദളിത് വോട്ടുബാങ്കാണ് ഇടതിന് സുരക്ഷിതമായുള്ളത്. മറ്റ് പിന്നാക്ക വോട്ടുബാങ്ക് നവോത്ഥാനമൂല്യ സംരക്ഷണസമിതി വഴിയും മറ്റും കൂടെ നിൽക്കുമെന്നാണ് പ്രതീക്ഷയെങ്കിലും അടിയൊഴുക്കു സാദ്ധ്യത തള്ളാനാവില്ല. ആറ്റിങ്ങൽ, പത്തനംതിട്ട, തൃശൂർ മണ്ഡലങ്ങളിലാണ് ഇത് കൂടുതലും പ്രതിഫലിക്കുക. ഇങ്ങനെയെല്ലാമാണെങ്കിലും ശക്തമായ രാഷ്ട്രീയതരംഗം ഇടതിന് അനുകൂലമാവാതിരിക്കില്ലെന്ന് അവർ കരുതുന്നു.
രാഷ്ട്രീയവോട്ടുകൾ മാറില്ല, സംസ്ഥാന സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ തുണയ്ക്കും എന്നീ പ്രതീക്ഷകളാണ് അവർക്കു ബലം നൽകുന്നത്. പഴുതടച്ചുള്ള സംഘടനാ പ്രവർത്തനത്തിലൂടെ മുഴുവൻ രാഷ്ട്രീയവോട്ടുകളും പോൾ ചെയ്യിക്കാനായതും ശതമാനവർദ്ധനവിന് ഒരു ഘടകമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
യു.ഡി.എഫ്
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പതിവില്ലെങ്കിലും എൻ.ഡി.എ ശക്തമായ സാന്നിദ്ധ്യമായി മാറിയ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു വേളയിലേതിന് സമാനമായ പോളിംഗ് ഇത്തവണയുമുണ്ടായത്, അന്നത്തെ നില ആവർത്തിക്കാൻ ഇടയാക്കുമോയെന്ന ശങ്ക യു.ഡി.എഫ് ക്യാമ്പിൽ ഇല്ലാതില്ല. പലേടത്തും താഴേത്തട്ടിൽ സംഘടനാദൗർബല്യം പ്രകടമായതും ബി.ജെ.പി ശക്തമായി വേരുറപ്പിച്ചതും അവരെ അലട്ടുന്നു. ശബരിമല സ്വാധീന ഘടകമായാൽപ്പോലും ആ വോട്ടുകൾ ബി.ജെ.പിക്കും കോൺഗ്രസിനുമായി വിഭജിച്ചു പോകാൻ മതി. അപ്പോഴും പ്രകടമായ ന്യൂനപക്ഷ കേന്ദ്രീകരണത്തിലാണ് അവരുടെ പ്രതീക്ഷ വാനോളം ഉയർന്നു നിൽക്കുന്നത്. അത് അനുകൂല തരംഗമായി മാറുമെന്നാണ് കണക്കുകൂട്ടൽ. 17- 19 സീറ്റുകൾ കണക്കുകൂട്ടുന്നത് അതിനാലാണ്. അഖിലേന്ത്യാതലത്തിൽ ബി.ജെ.പി വിരുദ്ധ ശക്തികളുടെ മുന്നണിപ്പടയാളിയെന്ന രാഹുൽഗാന്ധിയുടെ പ്രതിച്ഛായയാണ് ബലം.
എൻ.ഡി.എ
പോളിംഗ് ഉയർന്ന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏഴിടത്ത് രണ്ടാമതെത്തിയതും നേമം പിടിച്ചെടുത്തതും ഓർക്കുന്ന ബി.ജെ.പിക്ക് പകുതിയോളം മണ്ഡലങ്ങളിൽ ശക്തമായ ഓളം തീർക്കാനായതാണ് അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷ നൽകുന്നത്. അതോടൊപ്പം ശബരിമലയുടെ പേരിലുണ്ടായ തീവ്ര വികാരപ്രകടനങ്ങൾ മറ്റ് വോട്ടുബാങ്കുകളെ വല്ലാതെ അകറ്റുമെന്നത് ആശങ്കയുമാണ്.
..................................................................................
അലഭ്യലഭ്യയോഗം
ഒന്ന് സൂക്ഷിച്ചോളൂ
ഉദ്ദിഷ്‌ടകാര്യ വിഘ്‌നം...
യന്ത്രം ധരിക്കണം
'യന്ത്രം' വച്ചുള്ള
കളികൾ വേണ്ട