1,20,000: ആശ്വാസകിരണം കിട്ടേണ്ടവർ
ധനസഹായം മുടങ്ങിയിട്ട് പത്ത് മാസം
തിരുവനന്തപുരം: ശയ്യാവലംബരായ രോഗികളെയും ശാരീരിക - മാനസിക വെല്ലുവിളി നേരിടുന്നവരെയും രാപ്പകലില്ലാതെ പരിചരിക്കുന്നവർക്ക് സാമൂഹിക സുരക്ഷാ മിഷൻ നൽകുന്ന ധനസഹായം മുടങ്ങിയിട്ട് പത്ത് മാസമായി. മാസം 600 രൂപ നൽകിയിരുന്ന 'ആശ്വാസകിരണം' പദ്ധതി കുടിശികയായതോടെ ഇക്കൂട്ടർ തുച്ഛവരുമാനവും ഇല്ലാതായ ദുരിതത്തിലാണ്. 2018 ജൂൺ മുതലാണ് കുടിശികയായത്.
തിരഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കാൻ ക്ഷേമ പെൻഷനുകളെല്ലാം കുടിശിക തീർത്ത് ഒരു മാസത്തെ അധിക തുകയും വിതരണം ചെയ്തപ്പോഴാണ് ആശ്വാസ കിരണം ഉപഭോക്താക്കളെ തഴഞ്ഞത്.
കിടപ്പുരോഗികളെ ശുശ്രൂഷിക്കാൻ സമ്പന്നർ ഹോംനഴ്‌സുമാരെ നിയോഗിക്കുമ്പോൾ, അതിന് പാങ്ങില്ലാത്ത പാവപ്പെട്ടവർക്ക് വേണ്ടിയാണ് ധനസഹായം നൽകി പരിചാരകരെ വയ്‌ക്കാനുള്ള ആശ്വാസകിരണം പദ്ധതി 2010 ജനുവരി ഒന്നിന് സർക്കാർ തുടങ്ങിയത്. മാസം 600 രൂപയ്‌ക്ക് പരിചാരകരെ കിട്ടില്ലെങ്കിലും അത്രയെങ്കിലും ആകുമല്ലോ എന്നായിരുന്നു അവരുടെ ആശ്വാസം. പോസ്റ്റ് ഓഫീസും ബാങ്കും വഴിയാണ് തുക നൽകിയിരുന്നത്.
ഫണ്ടില്ല !
ഫണ്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. 2016ൽ 52,000 ഗുണഭോക്താക്കളായിരുന്നു. നിലവിൽ 1,20,000 പേരുണ്ട്. എല്ലാവർക്കും ധനസഹായം നൽകാൻ പ്രതിവർഷം 86 കോടി രൂപ വേണം. 48 കോടി രൂപയേ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളൂ എന്ന് സാമൂഹിക സുരക്ഷാ വിഭാഗം എക്‌സി. ഡയറക്ടർ ഡോ. മുഹമ്മദ് അശീൽ പറയുന്നു. ശയ്യാവലംബരായ നിർദ്ധന രോഗികളെ പരിചരിക്കുന്നവർക്കായി 80 കോടി രൂപ ചെലവാക്കുന്നത് സർക്കാരിന് വലിയ ബാദ്ധ്യതയാണോ എന്നാണ് അവർ ചോദിക്കുന്നത്. ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി, കാൻസർ, പക്ഷാഘാതം, മറ്റ് നാഡീരോഗങ്ങൾ എന്നിവ ബാധിച്ചവരെയും പ്രായാധിക്യം മൂലം കിടപ്പിലായവരെയും, അന്ധർ, തീവ്രമാനസിക രോഗികൾ, എൻഡോസൾഫാൻ ബാധിതർ എന്നിവരെയും പരിചരിക്കുന്നവർക്കുള്ള പദ്ധതിയാണിത്.