code-of-conduct

തിരുവനന്തപുരം: തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ സാങ്കേതിക തടസം മറികടക്കാത്തതുമൂലം പൊതുമരാമത്ത് വകുപ്പിന്റെ ആയിരം കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിശ്ചലാവസ്ഥയിൽ. പ്രളയാനന്തര പുനർനിർമാണവുമായി ബന്ധപ്പെട്ട പ്രവൃത്തികളാണ് ഇതെല്ലാം. ഫല പ്രഖ്യാപനം നടക്കുന്ന മേയ്‌ 23 വരെ പെരുമാറ്റച്ചട്ടം നിലവിലുണ്ടാവും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പാക്കേണ്ട 300 കോടിയുടെ ഗ്രാമീണ റോഡുനിർമ്മാണ പദ്ധതികളും കിഫ്ബി വഴിയുള്ള പദ്ധതികളും ഇതേ തടസത്തിൽ കുടുങ്ങി. പെരുമാറ്റച്ചട്ടം നിലവിൽ വന്നാലും അടിയന്തര പ്രാധാന്യമുള്ളവയും ജനങ്ങളെ സ്വാധീനിക്കാൻ സാദ്ധ്യതയില്ലാത്തവയുമായ കാര്യങ്ങൾക്കുള്ള അപേക്ഷ സ്ക്രീനിംഗ് കമ്മിറ്റിക്ക് സമർപ്പിക്കാം. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനും അഡിഷണൽ ചീഫ് സെക്രട്ടറിമാർ അംഗങ്ങളുമായുള്ള സ്ക്രീനിംഗ് കമ്മിറ്റി ഇവ പരിശോധിച്ച് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ പരിഗണനയ്ക്ക് അയയ്ക്കും. അവിടെ നിന്നുള്ള അനുമതിയോടെ പ്രവൃത്തികൾ നടത്താം.

എന്നാൽ, ഭരണാനുമതി കിട്ടിയവയ്ക്ക് സാങ്കേതിക അനുമതി നൽകാനോ ഇത് രണ്ടും ലഭിച്ച പ്രവൃത്തികൾ ടെൻഡർ ചെയ്യാനോ സാധിക്കില്ല.

പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച വയനാട്ടിലെ കോഴിക്കോട്-വൈത്തിരി-ഗൂഡല്ലൂർ റോഡ് (14 കോടി), ഇടുക്കി ജില്ലയിലെ കല്ലാർ-മാങ്കുളം റോഡ് (13 കോടി), കൈലാസപ്പാറ-മാവടിവിളക്ക്-കൈലാസം-മുള്ളരിക്കുടി റോഡ് (10 കോടി), തൊടുപുഴ-പുളിയാൻമല (11 കോടി) തുടങ്ങിയവ ഇതിലെ പ്രധാന പ്രവൃത്തികളാണ്. പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി ഇതിനുള്ള അനുമതി തേടി സ്ക്രീനിംഗ് കമ്മിറ്റിക്ക് അപേക്ഷ നൽകിയിരുന്നു. പ്രവൃത്തികൾ അടിയന്തര പ്രാധാന്യമുള്ളവയാണോ എന്ന ചോദ്യത്തോടെ അപേക്ഷ മടക്കുകയായിരുന്നു. ജനുവരി മുതൽ മേയ് വരെയുള്ള സമയമാണ് നിർമ്മാണപ്രവർത്തനങ്ങൾക്ക് ഉത്തമം. ജൂണിൽ മഴ തുടങ്ങിയാൽ രണ്ട് മാസത്തോളം ജോലികൾ നടക്കില്ല. വോട്ടെണ്ണൽ കഴിഞ്ഞയുടൻ ടെൻഡർ നടപടികൾ തുടങ്ങിയാലും മഴയ്ക്കുമുമ്പ് കരാർ ഒപ്പുവയ്ക്കാൻ കഴിയില്ല. പുനർനിർമ്മാണം വീണ്ടും നീണ്ടുപോകുമെന്നർത്ഥം.